വില്ലനായിരുന്ന ജനാർദ്ദനൻ അങ്ങനെ കോമഡിക്കാരനായി; 'മേലേപ്പറമ്പിൽ ആൺവീടിലെ ആ വേഷം ആദ്യം തീരുമാനിച്ചത് ഇന്നസെന്‍റിന്, പിന്നീട് ജനാർദ്ദനന് നൽകിയപ്പോൾ പെർഫെക്ട് കാസ്റ്റിങ്ങായി'
text_fieldsസംവിധായകൻ രാജസേനന്‍റെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് 'മേലേപ്പറമ്പിൽ ആൺവീട്'. വിവാഹപ്രായം കഴിഞ്ഞുനിൽക്കുന്ന മൂന്ന് ആൺമക്കളുള്ള വീട്ടിലേക്ക് വേലക്കാരിയായി തമിഴ്നാട്ടുകാരി എത്തുന്നതിനെ തുടർന്നുള്ള രസകരമായ സംഭവങ്ങളാണ് ജയറാമും ശോഭനയും പ്രധാന കഥാപാത്രങ്ങളായ ഈ സിനിമയുടെ പ്രമേയം. ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയാണ് 'മേലേപ്പറമ്പിൽ ആൺവീട്' സിനിമയുടെ കഥ ഒരുക്കിയത്. തിരക്കഥയും സംഭാഷണവും രഘുനാഥ് പലേരിയാണ്. ഈ സിനിമയിലെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് ജനാർദ്ദനൻ അവതരിപ്പിച്ച അമ്മാവൻ വേഷം. പ്രായമായിട്ടും അവിവാഹിതനായി തുടരുന്ന അമ്മാവന്‍റെ വേഷം ഏറെ ചിരിയുണർത്തി. 1993ൽ ഈ സിനിമ ഇറങ്ങുന്ന കാലത്ത് വില്ലൻ വേഷങ്ങളിൽ നിറഞ്ഞുനിന്ന നടനായിരുന്നു ജനാർദ്ദനൻ. അങ്ങനെയൊരു താരത്തെ എങ്ങനെയാണ് ഇത്ര തമാശ നിറഞ്ഞ വേഷത്തിലേക്ക് തിരഞ്ഞെടുത്തതെന്ന് സംവിധായകൻ രാജസേനൻ ഒരിക്കൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
രാജസേനന്‍റെ വാക്കുകൾ: 'ഒരിക്കൽ ട്രെയിനിൽ പോകുമ്പോൾ എന്റെ കൂടെ ജനാർദ്ദനൻ ചേട്ടനുണ്ട്. ഇങ്ങനെ തമാശ പറഞ്ഞും ചിരിച്ചു കളിച്ചൊക്കെ ഇരുന്നപ്പോൾ ജനാർദ്ദനൻ ചേട്ടൻ പറഞ്ഞു, 'ഓ നിങ്ങൾ അധികം ചിരിക്കുകയൊന്നും വേണ്ട, ഇതുവരെ എന്നെ ഒരു പടത്തിന് വിളിച്ചിട്ടില്ലല്ലോ' എന്ന്. ഞാൻ പറഞ്ഞു ചേട്ടാ ഞാൻ ഇച്ചിരി ഹ്യൂമർ പടങ്ങളൊക്കെയാണല്ലോ ചെയ്യുന്നത്, ചേട്ടൻ ഭയങ്കര അടി ഇടി അതൊക്കെയാണല്ലോ ചേട്ടന്റെ കഥാപാത്രങ്ങൾ എന്ന് പറഞ്ഞു. 'കോമഡിയൊക്കെ നമുക്ക് വഴങ്ങും' എന്ന് ജനാർദ്ദനൻ ചേട്ടൻ പറഞ്ഞു. മേലേപ്പറമ്പിൽ ആൺവീടിൽ തമാശക്കാരനായ അമ്മാവൻ കഥാപാത്രമായി തീരുമാനിച്ചത് ഇന്നസെന്‍റ് ചേട്ടനെയായിരുന്നു. ഒരു ദിവസം ഇന്നസെന്‍റ് ചേട്ടൻ വിളിച്ചു. 'സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി' എന്ന ഒരു സിനിമയിൽ ഇന്നസെന്‍റ് ചേട്ടനെ നായകനായിട്ട് കാസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ, അത് രാജസേനന് തന്ന ഡേറ്റിലാണ്, എന്ത് ചെയ്യണം എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ചേട്ടൻ അത് ചെയ്തോളൂ, കാരണം അത് മെയിൻ റോളാണ്, ഹീറോ ആണ്. വലിയ ഉപകാരമാണ്, ഞാൻ ഒരിക്കലും മറക്കില്ല എന്ന് ഇന്നസെന്‍റ് ചേട്ടൻ പറഞ്ഞു.
അടുത്ത മുറിയിലുണ്ടായിരുന്ന നിർമാതാവ് മാണി സി. കാപ്പനോടും ഗിരീഷ് വൈക്കത്തോടുമെല്ലാം ഞാൻ ഇക്കാര്യം പറഞ്ഞു. ഇന്നസെന്റ് ചേട്ടൻ ഒരു അസൗകര്യം പറഞ്ഞു മാറി, ഇനി എന്ത് ചെയ്യും എന്ന് ചോദിച്ചപ്പോൾ ട്രെയിനിൽ ഇരുന്ന് ഭയങ്കര സൗണ്ടിൽ ചിരിച്ച് വർത്തമാനം പറഞ്ഞ ജനാർദ്ദനൻ ചേട്ടനെ എനിക്ക് ഓർമ്മ വന്നു. ഞാൻ അവരോട് പറഞ്ഞു, ഞാൻ ഒരാളെ സജസ്റ്റ് ചെയ്യാം. പക്ഷേ. അത് നിങ്ങൾ പെട്ടെന്ന് അംഗീകരിക്കില്ല. ആലോചിച്ചാൽ കിട്ടും എന്നും ഞാൻ പറഞ്ഞു. ഞാൻ ജനാർദ്ദനന്‍റെ പേര് പറഞ്ഞപ്പോൾ പ്രതീക്ഷിച്ച പോലെ അവർക്ക് ആർക്കും സമ്മതമായില്ല. നമുക്ക് വേറെ ആരെങ്കിലും ആലോചിക്കാം എന്ന് പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.
ഞാൻ അന്ന് രാത്രി തിരക്കഥാകൃത്ത് രഘുനാഥ് പലേരിയെ വിളിച്ചു. ഇന്നസെന്റ് മാറി, ഇങ്ങനെ ഒരു പ്രശ്നമുണ്ട് എന്ന് പറഞ്ഞു. എന്റെ മനസ്സിൽ ഇന്നസെന്‍റിന് പകരം ജനാർദ്ദനനുണ്ട്. പക്ഷേ പലർക്കും ഇഷ്ടപ്പെടുന്നില്ല എന്ന് പറഞ്ഞു. ഇത് കേട്ടതും രഘുനാഥ് പലേരി ഭയങ്കരമായിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു, സേനാ അത് വിടരുത്, അത് കറക്റ്റ് കാസ്റ്റിങ് ആണ് എന്ന്. കാരണം, കല്യാണം കഴിക്കാതെ മൂത്ത് നരച്ചു നിൽക്കുന്ന ഒരു മച്ചമ്പിയുടെ മുഖം ഇത്ര കൃത്യമായി ഒരുപക്ഷേ ഇന്നസെന്റിന് പോലും കിട്ടത്തില്ല. അതുകൊണ്ട് ഉറപ്പായിട്ടും ജനാർദ്ദനനെ കാസ്റ്റ് ചെയ്യണം എന്ന് പറഞ്ഞു. കാപ്പനെയും മറ്റുള്ളവരെയും രഘുനാഥ് തന്നെ വിളിക്കാമെന്നും പറഞ്ഞു. കുറെ കഴിഞ്ഞപ്പോ അവരെല്ലാം എന്നെ വിളിച്ചിട്ട് പറഞ്ഞു, ജനാർദനൻ ഓക്കെയാണ്, ഞങ്ങളും ആലോചിച്ചപ്പോൾ അത് ഓക്കെയാണ്, കാസ്റ്റ് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാണ് വില്ലനായിരുന്ന ജനാർദനൻ ചേട്ടൻ കോമഡി വേഷത്തിലെത്തുന്നത്. പിന്നെയുള്ള ചരിത്രം അറിയാല്ലോ. മേലേപറമ്പിൽ ആൺവീട് കഴിഞ്ഞിട്ട് പിന്നെ ജനാർദ്ദനൻ ചേട്ടൻ വില്ലൻ റോൾ ചെയ്തിട്ടേയില്ല, പിന്നീട് മുഴുവൻ ഹ്യൂമറസ് ആയിട്ടുള്ള ക്യാരക്ടേഴ്സ് ആണ് കിട്ടിയത്' -രാജസേനൻ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.