റോഷൻ ആൻഡ്ര്യൂസിന്റെ ബോളിവുഡ് അരങ്ങേറ്റം; പൊലീസ് വേഷത്തിൽ ഷാഹിദ് കപൂർ, മുംബൈ പൊലീസ് റീമേക്കെന്ന് റിപ്പോർട്ട്
text_fieldsമെഗാ ഹിറ്റായി മാറിയ ‘കബീർ സിങ്’ എന്ന ചിത്രത്തിന് ശേഷം മികച്ചൊരു തിയേറ്റർ ഹിറ്റിനായി കാത്തിരിക്കുകയാണ് ഷാഹിദ് കപൂർ. അർജുൻ റെഡ്ഡി എന്ന ചിത്രത്തിന്റെ റീമേക്കായ കബീർ സിങ്ങിന് ശേഷം ‘ജഴ്സി’ എന്ന നാനി ചിത്രത്തിന്റെ അതേപേരിലുള്ള റീമേക്കുമായി താരം വീണ്ടുമെത്തിയെങ്കിലും വിജയം ആവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ, ‘ഫർസി’ എന്ന സീരീസിലൂടെയും ബ്ലഡി ഡാഡി എന്ന സിനിമയിലൂടെയും ഗംഭീര അഭിപ്രായങ്ങൾ നേടിയ പ്രകടനങ്ങളാണ് ഒ.ടി.ടിയിൽ ഷാഹിദ് കാഴ്ച വെച്ചത്. രാജ്-ഡികെ കൂട്ടുകെട്ടിലൊരുങ്ങിയ ‘ഫർസി’ ഇന്ത്യയിൽ ഏറ്റവും കൂടുതലാളുകൾ കണ്ട ആമസോൺ പ്രൈം സീരീസുകളിലൊന്നായി മാറിയിരുന്നു.
ദിനേഷ് വിജന്റെ പേരിടാത്ത ‘റോബോട്ട് റോം-കോം’ സിനിമ പൂർത്തിയാക്കിയ ഷാഹിദ് കപൂർ ഡിസംബറിൽ അതിന്റെ തിയറ്റർ റിലീസായി കാത്തിരിക്കുകയാണ്. കൃതി സനനാണ് ചിത്രത്തിലെ നായിക. എന്നാലിപ്പോൾ ഷാഹിദ് തന്റെ അടുത്ത ചിത്രത്തിന്റെ ജോലികൾ ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്.
"ഒക്‌ടോബർ രണ്ടാം വാരത്തിൽ ഷാഹിദ് കപൂർ മലയാളം സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ അടുത്ത ത്രില്ലർ ഡ്രാമയിൽ ജോയിൻ ചെയ്യും. ഡിറ്റക്ടീവ് ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം മാസങ്ങളായി പ്രീ പ്രൊഡക്ഷനിലാണ്. ഒടുവിൽ അടുത്ത മാസം ചിത്രീകരണം ആരംഭിക്കാൻ പോവുകയാണ്. ഡിസംബറിൽ ചിത്രീകരണം പൂർത്തിയാക്കി 2024-ന്റെ മധ്യത്തിൽ അത് തിയറ്ററുകളിലെത്തും", - പിങ്ക് വില്ല റിപ്പോർട്ട് ചെയ്തു.
"കഴിഞ്ഞ വർഷം തന്നെ ഷാഹിദ് ആ ചിത്രത്തിനായി കമ്മിറ്റ് ചെയ്‌തിരുന്നു, പക്ഷേ തിരക്കഥ പൂർത്തിയാക്കേണ്ടത് കാരണം അതിന്റെ പുരോഗതി നീണ്ടു. ഒടുവിൽ, എല്ലാം ശരിയായി വന്നിട്ടുണ്ട്, ഒക്ടോബർ പകുതി മുതൽ ചിത്രത്തിനായി ഷാഹിദ് തന്റെ ഡേറ്റുകൾ അനുവദിച്ചു. സംവിധായകനും സംഘവും ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പ് പുനരാരംഭിച്ചിട്ടുണ്ട്. എല്ലാവരും ഷൂട്ടിങ് തുടങ്ങാൻ ഊർജസ്വലരായി കാത്തിരിക്കുകയാണ്," സിനിമയുടെ ബന്ധപ്പെട്ട ഒരാൾ പിങ്ക്വില്ലയോട് വെളിപ്പെടുത്തി.
ഒരു പൊലീസുകാരനായാണ് ഷാഹിദ് ചിത്രത്തിൽ അഭിനയിക്കുന്നത്. പൂജ ഹെഗ്ഡെയും പ്രധാന വേഷത്തിലെത്തും. ബാക്കി പ്രധാന അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ബോബി സഞ്ജയ് ഹുസൈൻ ദലാൽ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിലൂടെ റോഷൻ ആൻഡ്ര്യൂസ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്. അതേസമയം, ചിത്രം മുംബൈ പൊലീസിന്റെ റീമേക്ക് ആയിരിക്കുമോ എന്നാണ് മലയാളി പ്രേക്ഷകർ ഉറ്റുനോക്കുന്നത്. നേരത്തെ, മുംബൈ പൊലീസിന്റെ തെലുങ്ക് റീമേക്ക് പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.