'തിലകൻ പീഡനങ്ങളുടെ രക്തസാക്ഷി'; ഒാർമ്മകുറിപ്പുമായി സംവിധായകൻ വിനയൻ
text_fieldsകോഴിക്കോട്: ഒാർമ്മദിനത്തിൽ സിനിമ നടൻ തിലകനെ കുറിച്ചുള്ള കുറിപ്പുമായി സംവിധായകൻ വിനയൻ. അഭിനയകലയുടെ പെരുന്തച്ചനായ തിലകൻ പീഡനങ്ങളുടെ രക്തസാക്ഷി ആയിരുന്നുവെന്ന് വിനയൻ ഫേസ്ബുക്കിൽ കുറിച്ചു. ലോകത്തൊരിടത്തും സ്വന്തം സഹപ്രവർത്തകരാൽ തന്നെ വിലക്കപ്പെടുകയും തൊഴിലില്ലാതാകുകയും ചെയ്ത കലാകാരനാണ് അദ്ദേഹം. മൺമറഞ്ഞു പോയ സഹപ്രവർത്തകരേയും പ്രതിഭകളേയും ഒക്കെ സാധാരണ സ്മരിക്കുന്നതു പോലെ തിലകനെപറ്റിയുള്ള സ്മരണ ഒറ്റവാക്കിൽ എഴുതാനാവില്ലെന്നും വിനയൻ ചൂണ്ടിക്കാട്ടുന്നു. 2012 സെപ്റ്റംബർ 24നാണ് തിലകൻ അന്തരിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ഇന്ന് തിലകൻ എന്ന മഹാനടന്‍റെ ഒാർമ്മദിനമാണ്...
മൺമറഞ്ഞു പോയ സഹപ്രവർത്തകരേയും, പ്രതിഭകളേയും ഒക്കെ സാധാരണ സ്മരിക്കുന്നതു പോലെ തിലകൻ ചേട്ടനെ പറ്റിയുള്ള സ്മരണ ഒറ്റവാക്കിൽ എഴുതാൻ എനിക്കാവില്ല... കാരണം, ലോകത്തൊരിടത്തും സ്വന്തം സഹപ്രവർത്തകരാൽ തന്നെ വിലക്കപ്പെടുകയും തൊഴിലില്ലാതാകുകയും അതിനോടൊക്കെത്തന്നെ ഉച്ചത്തിൽ.. ശക്തമായി പ്രതികരിക്കുകയും...
ഒടുവിൽ തളർന്നു പോകുകയും.. എല്ലാത്തിനോടും വിട പറയേണ്ടി വരികയും ചെയ്ത ഒരു വലിയ കലാകാരൻ തിലകൻ ചേട്ടനല്ലാതെ മറ്റാരും ഉണ്ടാകില്ല... എന്തിന്‍റെ പേരിലാണങ്കിലും, എത്രമേൽ കലഹിക്കുന്നവനും നിഷേധിയുമാണങ്കിലും ഒരാളെ ഒറ്റപ്പെടുത്തി മാറ്റിനിർത്തി മാനസികമായി തളർത്തി ഇല്ലാതാക്കുന്ന രീതി മനുഷ്യകുലത്തിനു ചേർന്നതല്ല..
ആ പീഡനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകൻ എന്ന അഭിനയകലയുടെ പെരുന്തച്ചനെന്ന് അടുത്തു നിന്നറിഞ്ഞ ഒരു വ്യക്തിയാണു ഞാൻ... അതുകൊണ്ടു തന്നെ അതു പലപ്പോഴും പറഞ്ഞു പോകുന്നു... ക്ഷമിക്കണം... ഈ ഒാർമ്മകൾ ഒരു തിരിച്ചറിവായി മാറാൻ ഇനിയുള്ള കാലം നമ്മെ സഹായിക്കട്ടെ...
അനശ്വരനായ അഭിനയകലയുടെ ഗുരുവിന് ആദരാഞ്ജലികൾ..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.