സൂര്യയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു- ജയ്ഭീം സംവിധായകൻ
text_fieldsജയ് ഭീം സിനിമയിലൂടെ ഏതെങ്കിലും സമുദായത്തെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് സംവിധായകന്‍ ജ്ഞാനവേല്‍. ആരുടെയെങ്കിലും സാമുദായിക വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. സിനിമയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. നടൻ സൂര്യയെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് സംവിധായകന്‍ അഭ്യര്‍ഥിച്ചു.
പൊലീസും ജുഡീഷ്യറിയും ഒന്നിച്ച് പ്രവർത്തിക്കുകയും താഴെക്കിടയിൽ ഉള്ളവർക്ക് സുരക്ഷ ഉറപ്പ് വരുത്തണമെന്നുള്ള സന്ദേശം നൽകുവാനാണ് തങ്ങൾ സിനിമ ഒരുക്കിയത്. സിനിമയുടെ നിർമാതാവ് എന്ന നിലയ്ക്ക് എല്ലാ പഴികളും സൂര്യയുടെ മേൽ ചാർത്തപ്പെടുന്നത് നിരാശജനകമാണ്. ഒരു നിർമാതാവ് എന്ന നിലക്കും നടൻ എന്ന നിലക്കും ജനങ്ങളുടെ വേദനകൾ എല്ലാവരിലേക്കും എത്തിക്കുക എന്നത് മാത്രമായിരുന്നു എന്ന് ജ്ഞാനവേല്‍ വ്യക്തമാക്കി.
ജയ് ഭീം തങ്ങളെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് വണ്ണിയാർ സമുദായാംഗങ്ങള്‍ തമിഴ്‌നാട്ടിൽ വൻ പ്രതിഷേധം സംഘടിപ്പിച്ച പശ്ചാത്തലത്തിലാണ് സംവിധായകന്‍റെ പ്രതികരണം. തമിഴ്, തെലുങ്ക് ഉൾപ്പെടെയുള്ള ഭാഷകളിൽ നവംബർ ഒന്നിനാണ് ചിത്രം പുറത്തിറങ്ങിയത്. ഏതെങ്കിലും വ്യക്തിയെയോ സമൂഹത്തെയോ അവഹേളിക്കണമെന്ന ചെറിയ ചിന്ത പോലും സിനിമയുടെ നിർമ്മാണത്തിൽ ഉണ്ടായിരുന്നില്ലെന്ന് ജ്ഞാനവേൽ പറഞ്ഞു.
ചിത്രത്തിലെ ഗുരുമൂര്‍ത്തി എന്ന വില്ലനായ പൊലീസുകാരന്‍ വണ്ണിയാർ സമുദായക്കാരനാണെന്ന് വരുത്തി തീർക്കാൻ സ്റ്റേഷന്‍റെ ഭിത്തിയിൽ സമുദായത്തിന്റെ ചിത്രമുള്ള കലണ്ടർ തൂക്കിയെന്നായിരുന്നു ആരോപണം. 1995 എന്ന വര്‍ഷത്തെ സൂചിപ്പിക്കുക മാത്രമായിരുന്നു ഉദ്ദേശ്യം. കുറച്ച് നിമിഷങ്ങൾ മാത്രം പ്രത്യക്ഷപ്പെടുന്ന കലണ്ടർ ഫൂട്ടേജ്, ചിത്രീകരണത്തിനിടയിലോ പോസ്റ്റ്-പ്രൊഡക്ഷൻ സമയത്തോ, ശ്രദ്ധയിൽ പെട്ടില്ല. ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പുതന്നെ നിരവധി ആളുകൾക്കായി ചിത്രം പ്രദർശിപ്പിച്ചിരുന്നു. ആ സമയത്തെങ്കിലും ശ്രദ്ധയിൽപെട്ടിരുന്നെങ്കിൽ റിലീസിന് മുൻപായി മാറ്റുമായിരുന്നുവെന്നും സംവിധായകന്‍ അറിയിച്ചു.
വണ്ണിയാര്‍ സമുദായത്തെ അപമാനിച്ചുവെന്നാരോപിച്ച് സൂര്യ, ജ്യോതിക, ടി.ജെ. ജ്ഞാനവേല്‍ ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വണ്ണിയാര്‍ സംഘം ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.