'ദി കശ്മീർ ഫയൽസ്'; ഇത് പണ്ഡിറ്റുകളുടെ കഥയല്ല, ഹിന്ദുത്വയുടെ തിരക്കഥയാണ്
text_fieldsഏതൊരു വസ്തുതയും പരിശോധിക്കാൻ എണ്ണമറ്റ വഴികളുണ്ട്. അറിവിൽ നിന്ന് വസ്തുതകളെ വേർതിരിക്കുന്നത് സന്ദർഭമാണ്. ഈ സന്ദർഭം - വസ്തുതകൾ കൂട്ടിയിണക്കാൻ നമ്മെ സഹായിക്കുന്ന ആഖ്യാനങ്ങൾ - നമ്മുടെ പരിമിതമായ മനുഷ്യ മനസ്സിന് അവയെ മനസ്സിലാക്കാൻ കഴിയും. പക്ഷപാതപരമായ ഒരു ലക്ഷ്യത്തെ സാധൂകരിക്കാൻ മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അതിനെ ഉപയോഗിക്കുകയാണെങ്കിൽ അത് 'പ്രൊപഗൻഡ' എന്നും അറിയപ്പെടുന്നു. ഹിന്ദുത്വ ഫാസിസ്റ്റുകാലത്തെ ഏറ്റവും വലിയ പ്രൊപഗൻഡയിൽ ഒന്നായി മാറിയിരിക്കുകയാണ് ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത 'ദി കശ്മീർ ഫയൽസ്' എന്ന ചിത്രം. മാർച്ച് 11നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. 1989-1990കളിൽ കശ്മീരിൽനിന്നും പലായനം ചെയ്യേണ്ടിവന്ന കശ്മീരി പണ്ഡിറ്റുകളുടെ യഥാർഥ കഥ പറയുന്ന ചിത്രം എന്നായിരുന്നു സിനിമയുടെ അണിയറ പ്രവർത്തകരുടെ വാദം. സിനിമ റിലീസ് ആയതിന് പിന്നാലെ ഹിന്ദുത്വ
കേന്ദ്രങ്ങളിൽനിന്നും അതിഭയങ്കരമായ പിന്തുണയാണ് സിനിമക്ക് ലഭിച്ചത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ സിനിമക്ക് സമ്പൂർണ നികുതിയിളവ് പ്രഖ്യാപിച്ചു. മധ്യപ്രദേശ് സർക്കാർ സിനിമ കാണാൻ പൊലീസുകാർക്ക് ഒരു ദിവസത്തെ അവധി അനുവദിച്ചു. അസം സർക്കാർ മുഴുവൻ സർക്കാർ ജീവനക്കാർക്കും സിനിമ കാണുന്നതിനായി അരദിവസത്തെ അവധി അനുവദിച്ചു. ഒരു പടികൂടി കടന്ന് അസം കശ്മീരായി മാറ്റില്ല എന്ന് സംസ്ഥാനത്തെ മുസ്‍ലിംകൾ ഉറപ്പുതരണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആവശ്യപ്പെട്ടു. ഏറ്റവും ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും 'ദി കശ്മീർ ഫയൽസ്' സിനിമക്കുവേണ്ടി രംഗപ്രവേശം ചെയ്തു.
സിനിമ എല്ലാവരും കാണണം, സിനിമയെ പ്രോത്സാഹിപ്പിക്കണം എന്നും മോദി അണിയറ പ്രവർത്തകരുമായുള്ള ചിത്രം സഹിതം സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തി. ഇതോടെതന്നെ സിനിമ സംബന്ധിച്ച് ഏകദേശം ധാരണ 'ആരാധകർക്ക്' ലഭിച്ചു എന്നുവേണം മനസിലാക്കാൻ. പിന്നീട് സിനിമയിലെ സംഭവങ്ങൾ സംബന്ധിച്ച് പൊടിപ്പും തൊങ്ങലുംവെച്ച കഥകളാണ് പ്രചരിച്ചുതുടങ്ങിയത്. ഹരിദ്വാർ ധർമ സൻസദിൽ മുഴങ്ങിയതിനേക്കാൾ വലിയ മുസ്‍ലിം വംശഹത്യാ ആഹ്വാനങ്ങളാണ് സിനിമ കണ്ടിറങ്ങിയവർ തിയറ്ററുകളിൽ മുഴക്കിയത്. 'നമ്മൾ ഈ സിനിമ കണ്ടിരിക്കുന്ന സമയത്തുപോലും മുസ്‍ലിംകൾ അവരുടെ വീട്ടുകളിൽ വംശവർധനവ് നടത്തിക്കൊണ്ടിരിക്കുകയാണെന്നും എല്ലാത്തിനേയും അവസാനിപ്പിക്കണമെന്നും' സിനിമ കണ്ടിറങ്ങിയ ഒരു ഹിന്ദുത്വ പ്രവർത്തകൻ അലറിവിളിക്കുന്ന വീഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ഹിന്ദുത്വ കേന്ദ്രങ്ങളിൽനിന്നും സിനിമക്ക് കലവറയില്ലാത്ത പിന്തുണ ലഭിച്ചപ്പോഴേ അത് മുസ്‍ലിംവിരുദ്ധ പ്രചാരണങ്ങൾക്ക് വഴിമരുന്നിടുന്ന ചിത്രമാണെന്ന പ്രചരണവും മറുവശത്ത് ശക്തിപ്പെട്ടിരുന്നു. അത് സാധൂകരിക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. മതേതര വിശ്വാസികളായ കശ്മീരി പണ്ഡിറ്റുകൾ അടക്കം സിനിമക്കെതിരെ രംഗത്തുവന്നുകഴിഞ്ഞു. ഞങ്ങളുടെ ദുരിത ജീവിതത്തിന് കാരണക്കാരായവർ തന്നെയാണ് ഇപ്പോൾ സിനിമക്ക് വേണ്ടിയും രംഗത്തെത്തിയിരിക്കുന്നതെന്ന് പണ്ഡിറ്റുകൾ പറയുന്നു.
ഇല്ല യാഥാർഥ്യം തരിമ്പും
കശ്മീർ പലായനം സംബന്ധിച്ച് തന്റെ സിനിമയിൽ വിവരിച്ചതിനേക്കാൾ കൂടുതൽ യാഥാർഥ്യങ്ങൾ 'കശ്മീർ ഫയൽസ്' സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് അറിയാമെന്ന് വേണം കരുതാൻ. വസ്തുതകൾ തന്റെ സിനിമക്ക് ഒത്തിരി അപ്പുറത്താണെന്ന് അദ്ദേഹത്തിന് നന്നായറിയാം. കശ്മീരി പണ്ഡിറ്റുകളുടെ കഷ്ടപ്പാടുകളിലേക്ക് കാമറ ചലിപ്പിക്കുകയല്ല സിനിമയുടെ ലക്ഷ്യമെന്ന് ഒറ്റക്കാഴ്ചയിൽ തന്നെ നമുക്ക് ബോധ്യമാകും. അഗ്നിഹോത്രിയുടെ വീക്ഷണങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരമായാണ് ആ സിനിമയെ ഉപയോഗിച്ചിരിക്കുന്നതെന്ന് വളരെ വേഗത്തിൽ മനസിലാക്കിയെടുക്കാൻ കഴിയും. ആ വീക്ഷണം അത്ര ലളിതമല്ല.
ആ ലോകവീക്ഷണം അധികാരത്തിലിരിക്കുന്ന ഹിന്ദു ദേശീയവാദികളുമായി യോജിച്ച് നിൽക്കുന്നതാണ്. ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും ഈ സിനിമയെ നികുതിരഹിതമാക്കിയത് എന്തുകൊണ്ടാണെന്നതിനുള്ള ഉത്തരം അത് പറഞ്ഞുവെക്കുന്നുണ്ട്. പ്രധാനമന്ത്രി സിനിമയെ പരസ്യമായി പ്രശംസിക്കുകയും അതിന്റെ വിമർശകരുടെ 'ജമാഅത്തിനെ' അപലപിക്കുകയും ചെയ്തത് എന്തുകൊണ്ടാണെന്നും മനസിലാക്കിയെടുക്കാൻ പ്രയാസമുണ്ടാകില്ല. ഇന്ത്യയിലെ ഏറ്റവും വലിയ മാർക്കറ്റിങ് ആണ് ഇപ്പോൾ ഈ സിനിമക്കായി ഹിന്ദുത്വ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നത്.
സിനിമ മുന്നോട്ടുവെക്കുന്ന ലോകവീക്ഷണം?
കശ്മീർ താഴ്‌വരയിലെ എല്ലാ മുസ്‍ലിംകളും, എല്ലാ രാഷ്ട്രീയക്കാരും എല്ലാവരും ജന്മനാ ഹിന്ദു വിരുദ്ധരും ഹിന്ദുക്കളെ 'വംശഹത്യ' ചെയ്യാൻ കൂട്ടുനിന്നവരുമാണ് എന്നാണ് സിനിമ പറയുന്നത്. മുഖ്യമന്ത്രി എന്ന നിലയിൽ ഫാറൂഖ് അബ്ദുല്ല ജെ.കെ.എൽ.എഫ് തീവ്രവാദികളെ കാണുകയും സഹകരിക്കുകയും ചെയ്യുന്നതായി സിനിമയിൽ കാണിക്കുന്നു. അദ്ദേഹത്തിന്റെ പാർട്ടിയായ നാഷനൽ കോൺഫറൻസ്, ഐ.എ.എസ് ബ്രഹ്മ ദത്ത് (മിഥുൻ ചക്രവർത്തി അവതരിപ്പിച്ച കഥാപാത്രം) പറയുന്നതപോലെ, ഫലത്തിൽ തീവ്രവാദികളുടെ ഒരു രാഷ്ട്രീയ മുന്നണിയായിരുന്നു.
സിനിമയിൽ പറയുന്നത് ശരിയാണെങ്കിൽ, എന്തുകൊണ്ടാണ് നാഷനൽ കോൺഫറൻസ് പ്രവർത്തകരെ തീവ്രവാദികൾ ആക്രമിച്ച് കൊലപ്പെടുത്തിയത്? ഫാറൂഖ് അബ്ദുല്ല തന്റെ എല്ലാ അധികാരവും നിയമസാധുതയും സാവധാനം ഊറ്റിയെടുക്കുന്ന തീവ്രവാദികളുമായി സഹകരിക്കുന്നത് എന്തുകൊണ്ടാണെന്നും സിനിമ വിശദീകരിക്കുന്നില്ല. ഇത് ആത്യന്തികമായി അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചു.
1989ൽ ട്രിബ്യൂണിന്റെ എഡിറ്ററായ വി.എൻ നാരായൺ സൂചിപ്പിച്ചതുപോലെ, താഴ്‌വരയിൽ ഉരുണ്ടുകൂടുന്ന സംഘർഷങ്ങളോടുള്ള ഫാറൂഖ് അബ്ദുല്ലയുടെ നയം യഥാർത്ഥത്തിൽ അടിച്ചമർത്തലിന്റെതായിരുന്നു. അദ്ദേഹം സംസ്ഥാന പൊലീസിനേക്കാൾ സെൻട്രൽ റിസർവ് പൊലീസിനെ വിശ്വാസത്തിലെടുക്കാൻ ശ്രമിച്ചു. പൊലീസും സി.ആർ.പി.എഫും വഞ്ചന പുരണ്ട ശാന്തത കൊണ്ടുവന്നു. അറസ്റ്റും കുറ്റം ചുമത്താതെ തടങ്കലും വർദ്ധിച്ചു. സംസ്ഥാനത്ത് ഔദ്യോഗികമായി എണ്ണിത്തിട്ടപ്പെടുത്തപ്പെട്ടതിനേക്കാൾ കൂടുതൽ തീവ്രവാദികൾ ഉള്ളതായി കണക്കുകൾ വന്നു.
അതുപോലെ, കശ്മീരിലെ തീവ്രവാദികളെയും വിഘടനവാദികളെയും ഒക്കെ വേർതിരിവില്ലാതൊയാണ് സിനിമയിൽ ചിത്രീകരിക്കുന്നത്. സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന ജെ.കെ.എൽ.എഫും പാകിസ്താൻ അനുകൂല ഹിസ്ബുൾ മുജാഹിദീനും തമ്മിൽ വ്യത്യാസമില്ല എന്ന് പറയുന്നു. വാസ്തവത്തിൽ, തീവ്രവാദികൾക്കിടയിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടാകില്ല, കാരണം രാഷ്ട്രീയ പരാതികളോ അഭിലാഷങ്ങളോ അല്ല അവരെയെല്ലാം നയിക്കുന്നത്. ഹിന്ദു കാഫിറുകളോടുള്ള വിദ്വേഷമാണ് എന്നാണ് സിനിമ പറഞ്ഞുവെക്കുന്നത്. തീർച്ചയായും, 'ദി കശ്മീർ ഫയൽസിൽ' യാസിൻ മാലിക്കും ഫാറൂഖ് അഹമ്മദ് ദാറും കഥയിലെ പ്രധാന വില്ലൻമാരെ സൃഷ്ടിക്കുന്നുണ്ട്.
കശ്മീരി മുസ്‍ലിംകളെ പകയുടെയും വെറുപ്പിന്റെയും ആകെത്തുകയായാണ് ചിത്രത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. കശ്മീരിലെ സിവിലിയൻ ജനത കാഫിർ പീഡനത്തിന് നേതൃത്വം കൊടുത്തു. കശ്മീരി ഹിന്ദു സ്ത്രീകളുടെ റേഷൻ മുസ്‍ലിം സ്ത്രീകൾ വലിച്ചെറിയുന്നു. മുസ്‍ലിംകൾ അവരുടെ ഹിന്ദുക്കളായ അയൽവാസികളുടെ സ്വത്തുക്കൾ കവർന്ന് തീവ്രവാദികൾക്ക് വിൽക്കുന്നു. അവരുടെ മതനേതാക്കൾ കാശ്മീരി വിധവകളോട് ലൈംഗികാഭിലാഷത്തിന് വഴങ്ങാൻ ആവശ്യപ്പെടുന്നു. അവരുടെ കുട്ടികൾ പണ്ഡിറ്റ് കുട്ടികളെ ഇസ്‍ലാം അനുകൂല മുദ്രാവാക്യം വിളിക്കാൻ പ്രേരിപ്പിക്കുന്നു. ഇങ്ങനെയൊക്കെ പോകുന്നു സിനിമയുടെ ചിത്രീകരണം.
ഇത് ഇസ്‌ലാമോഫോബിയയല്ല, കശ്മീരി മുസ്‌ലിംകളുടെ യാഥാർത്ഥ്യമാണ്. അവരെല്ലാവരും വഞ്ചകരും ആക്രമണകാരികളും അമിത ലൈംഗികതയും മതമൗലികവാദികളും ആണെന്ന് അഗ്നിഹോത്രി പറഞ്ഞേക്കാം. ഹിന്ദു ദേശീയവാദ ഗ്രന്ഥങ്ങളിലെ മുസ്‍ലിം പുരുഷന്റെ സ്റ്റാൻഡേർഡ് ഇസ്‌ലാമോഫോബിക് ചിത്രീകരണമാണ് ഇത് എന്നത് യാദൃശ്ചികം മാത്രമാണ്.
വലിയ തമാശ എന്തെന്നാൽ, പണ്ഡിറ്റുകളുടെ പലായന കാലത്ത് അന്നത്തെ ഭരണം ബി.ജെ.പി പിന്തുണച്ച വി.പി സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു എന്നതാണ്. ഈ സുപ്രധാന വസ്തുത സിനിമയിൽ ഒരിക്കൽ പോലും പരാമർശിച്ചിട്ടില്ല. രാജീവ് ഗാന്ധി പണ്ഡിറ്റുകളെ സഹായിച്ചില്ല, ഫാറൂഖ് അബ്ദുല്ലയുമായുള്ള സൗഹൃദം നശിപ്പിക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല എന്നൊക്കെയാണ് പുതിയ നരേഷൻ. കശ്മീരി മുസ്‍ലിംകളെ തൃപ്തിപ്പെടുത്താനായി മതേതര രാഷ്ട്രീയക്കാർ പണ്ഡിറ്റുകളെ അവർക്ക് വിറ്റു എന്നും സിനിമ പറഞ്ഞുവെക്കുന്നു.
കോൺഗ്രസ് സർക്കാറിന്റെ ഭരണകാലത്ത് നടന്ന കശ്മീർ ചർച്ചകളെയൊക്കെയും തീവ്രവാദികളുമായി നടത്തിയ ചർച്ചയായിട്ടാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ആർട്ടിക്കിൾ 370 നീക്കം ചെയ്യുന്നതുപോലുള്ള കടുത്ത തീരുമാനങ്ങൾ കൈക്കൊണ്ടതു സംബന്ധിച്ചും പറയുന്നുണ്ട്. ആർട്ടിക്കിൾ 370 കശ്മീരി പണ്ഡിറ്റുകളുടെ പലായനവുമായി വളരെ വ്യക്തമായി ബന്ധപ്പെട്ടിരിക്കുന്നു. അത് നീക്കം ചെയ്യുക എന്നതാണ് സിനിമയുടെ രണ്ടാം പകുതിയിലുടനീളം അനുപം ഖേറിന്റെ പ്രധാന രാഷ്ട്രീയ ആവശ്യം. വാസ്തവത്തിൽ, കശ്മീരി പലായനം നടന്നത് ഗവർണർ ഭരണത്തിന്റെ സമയത്താണ്.
അർബൻ നക്സലുകൾ
"അർബൻ നക്സലുകൾ" എന്ന പദം ഉപയോഗിച്ചത് വിവേക് അഗ്നിഹോത്രിയാണ്. ഈ വിഷയത്തിൽ ഒരു പുസ്തകം പോലും അദ്ദേഹം എഴുതിയിട്ടുണ്ട്. ഈ പദം അദ്ദേഹത്തിൽ നിന്ന് കടമെടുത്തത് പ്രധാനമന്ത്രി മോദിയാണ്. മോദി തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ വിമതരെയും ബുദ്ധിജീവികളെയും വിശേഷിപ്പിക്കാൻ ഈ വാക്ക് ഉപയോഗിച്ചു. ദ കശ്മീർ ഫയൽസ് ഇടതുപക്ഷക്കാരെ കാരിക്കേച്ചറുകളായി ചിത്രീകരിക്കുന്നത് വളരെ ഉദാരമായി കാണേണ്ടിവരും.
ഈ സിനിമയിലെ ഇടതുപക്ഷക്കാർ ഇന്ത്യയെക്കുറിച്ചുള്ള എല്ലാത്തിനെയും പുച്ഛിക്കുന്നു. മുസ്‍ലിംകളെ സ്നേഹിക്കുന്ന ആത്മനിന്ദയുള്ള ഹിന്ദുക്കളാണ്. മസ്തിഷ്ക പ്രക്ഷാളനം സംഭവിച്ച ഒരു യുവ കാശ്മീരി പണ്ഡിറ്റിനെ, മിഥുനും അയാളുടെ കുലീനരായ പണ്ഡിറ്റുകളുടെ സംഘവും രക്ഷിക്കുന്നത് വരെ അവരുടെ നിരയിൽ ചേരാൻ അവർ നായക കഥാപാത്രത്തെ പ്രലോഭിപ്പിക്കുന്നു. തീർത്തും ബോധപൂർണമായ അപരനിർമാണമാണ് ഇതിലും നടന്നത്.
ബൗദ്ധികവും രാഷ്ട്രീയവുമായ ഇടതുപക്ഷം കശ്മീരി പണ്ഡിറ്റ് ആവശ്യത്തിന് വേണ്ടത്ര ഇടം നൽകിയിട്ടില്ലെന്ന് ഒരാൾ ന്യായമായും വാദിച്ചേക്കാം. എന്നാൽ ഇവിടെ അവരുടെ ചിത്രീകരണം യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതിനേക്കാളുപരി നഗര നക്‌സലുകൾക്കെതിരായ അഗ്നിഹോത്രിയുടെ ട്വിറ്റർ വാക്കിന്റെ സ്‌ക്രീൻ പതിപ്പാണ്. അഗ്നിഹോത്രിയുടെ ഹിന്ദുത്വ ആശയങ്ങളുടെ ചിത്രീകരണത്തിനാണ് സിനിമയുടെ ഭൂരിഭാഗവും ചെലവഴിച്ചിരിക്കുന്നത്. കാശ്മീരി മുസ്‌ലിംകളെയും മതേതര രാഷ്ട്രീയക്കാരെയും ഇടതുപക്ഷ ബുദ്ധിജീവികളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണം.
കാശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയെക്കുറിച്ച് പ്രേക്ഷകരെ ബോധവത്കരിക്കുന്നതിനു പകരം, ഹിന്ദു ദേശീയ ശക്തികളുടെ പ്രാഥമിക ആഭ്യന്തര ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്ന ഈ വിഭാഗങ്ങളെ പൈശാചികവൽക്കരിക്കുക എന്നതാണ് സിനിമയുടെ പ്രേരകശക്തി. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ചോ അതിജീവനത്തെ കുറിച്ചോ ഒന്നും സിനിമ പറഞ്ഞുവെക്കുന്നില്ല. വിഷയം ഗൗരവത്തിൽ കാണണമെങ്കിൽ പുതിയ സിനിമ വരിക തന്നെ വേണം. ഇതല്ല, ആ സിനിമ. സർക്കാരിന് അസൗകര്യമുണ്ടാക്കുന്ന രാഷ്ട്രീയ വിവരണങ്ങളെ നിയമവിരുദ്ധമാക്കാനും അതിന് അനുകൂലമായ വിവരണങ്ങളെ ശക്തിപ്പെടുത്താനും കശ്മീരി പണ്ഡിറ്റുകളുടെ അടിച്ചമർത്തലിനെ ദുരുപയോഗം ചെയ്യുന്ന ഒരു ചൂഷണ ഉപകരണം. അതാണ് ഈ സിനിമ.
സിനിമ കണ്ടവരുടെ തീയറ്റർ അനുഭവം
അസിം അലി എഴുതുന്നു;
വലതുപക്ഷ മുദ്രാവാക്യങ്ങളും ഇടക്കിടെയുള്ള കൈയടികളും കൊണ്ട് സംഭാഷണങ്ങൾ ഇടകലർന്ന ദേശീയ തലസ്ഥാനത്തെ തിയറ്ററിൽ ഇന്നലെ രാത്രി ഈ ചിത്രം കണ്ടു. ആർട്ടിക്കിൾ 370 എടുത്തുകളയണമെന്ന അനുപം ഖേറിന്റെ ആവശ്യത്തിനാണ് ഏറ്റവും വലിയ കരഘോഷം ലഭിച്ചത്. സിനിമയുടെ അവസാനത്തിൽ, ആൾക്കൂട്ടം അവരുടെ ഇരിപ്പിടങ്ങളിൽ നിന്ന് പ്രകടനമായി പൊട്ടിത്തെറിച്ചു. ഇന്ത്യൻ പതാകകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അവർ പലതരം ഭയാനകമായ മുദ്രാവാക്യങ്ങൾ മുഴക്കി. ജയ് ശ്രീറാം, ഹർ ഹർ മഹാദേവ് എന്ന് മുഴക്കി മുസ്‍ലിംകൾക്കെതിരെ വംശഹത്യ ആഹ്വാനങ്ങളാണ് അവർ മുഴക്കിയത്.
അവരിൽ പലരും സ്ഥിരം സിനിമ കാണുന്നവരായി നടിക്കുന്ന ആർ.എസ്.എസ് പ്രവർത്തകരായിരുന്നു. തിയറ്ററിന് പുറത്ത് മറ്റൊരു ജനക്കൂട്ടം ആർ.എസ്.എസ് അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചു. 'ആറ്റം ബോംബ്, ആറ്റം ബോംബ്, ആർ.എസ്.എസ് ആറ്റം ബോംബ്'. സിനിമ കാണാനെത്തിയ ചിലർ മറുമുദ്രാവാക്യം മുഴക്കി. ഈ സിനിമയിൽ ആർ.എസ്.എസും വിവേക് അഗ്നിഹോത്രിയും ഒന്നാണ്. ഹിന്ദുത്വ തീവ്രവാദം ആഗ്രഹിച്ച എല്ലാ അസ്വസ്ഥത പടർത്തലും ഈ ചിത്രം സാധ്യമാക്കി നൽകുന്നുണ്ട്. 'ന്യൂനപക്ഷത്തിന്റെ മതഭ്രാന്ത് ക്രൂരമായ അക്രമത്തിൽ പൊട്ടിത്തെറിക്കുന്ന തരത്തിൽ ഇനി ഒരിക്കലും പൊറുപ്പിക്കില്ല' എന്ന് സിനിമ കണ്ട് ഇറങ്ങുന്ന ഹിന്ദുത്വ തീവ്രവാദികൾ മുദ്രാവാക്യം മുഴക്കുന്ന തരത്തിലേക്ക് തിയറ്ററുകൾ പോലും മാറി. വൈറൽ വീഡിയോകൾ സാക്ഷ്യപ്പെടുത്തുന്നതും അതാണ്.
'ഇനിയൊരിക്കലും, ഇനി ഒരിക്കലും മുസ്‍ലിമിനെയോ മതേതരവാദിയെയോ ഇടതുപക്ഷത്തെയോ വിശ്വസിക്കരുത്. ബംഗാളിലോ കേരളത്തിലോ ഇന്ത്യയുടെ മറ്റേതെങ്കിലും ഭാഗങ്ങളിലോ ഉള്ള ഹിന്ദുക്കളോട് കശ്മീരി ഹിന്ദുക്കൾ ആവർത്തിക്കപ്പെടാൻ സാധ്യതയുണ്ട് എന്ന് പറയണം'. സിനിമ കണ്ടിറങ്ങിയ ഹിന്ദുത്വ വക്താക്കൾ പറഞ്ഞ വാക്കുകളാണിത്. ഹിന്ദുത്വ ഫാസിസം ഇന്ത്യയിൽ അതിന്റെ എല്ലാ സാധ്യതകളെയും ഏറ്റവും മാരകമായ അളവിൽ ഉപയോഗപ്പെടുത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.