ഇതാണ് യഥാർഥ പറുദീസ; കശ്മീരിന്റെ സൗന്ദര്യത്തിൽ മനംമയങ്ങി ദുൽഖർ
text_fieldsശ്രീനഗർ: ഭൂമിയിലെ യഥാർഥ പറുദീസയിലെത്തിയതിന്റെ അനുഭവം വിവരിക്കുകയാണ് നടൻ ദുൽഖർ സൽമാനും സംഘവും. സീതാ രാമം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് നടനും അണിയറപ്രവർത്തകരും ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിക്കുന്ന കശ്മീരിലെത്തിയത്. ഒരു മാസത്തോളം സിനിമയിലെ സുപ്രധാനമായ ചില രംഗങ്ങൾ ഇവിടെ ചിത്രീകരിച്ചിരുന്നു.
ഏതെങ്കിലും ഒരു സിനിമ ചിത്രീകരണത്തിനായി ദുൽഖർ ആദ്യമായാണ് കശ്മീരിലെത്തുന്നത്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രം പീരിയഡ് റൊമാന്റിക് ഡ്രാമയാണ്. സിനിമ ആഗസ്റ്റ് 5ന് ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്യും. 2020ൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് 19 കാരണം മാറ്റിവക്കുകയായിരുന്നു.
കാശ്മീരിൽ ഷൂട്ട് ചെയ്യുന്നത് ഒരു ഫോട്ടോയിലോ പെയിന്റിങ്ങിലോ ചുവടുവെക്കുന്നത് പോലെയാണ് തനിക്ക് തോന്നിയതെന്ന് ദുൽഖർ പറയുന്നു. ദാൽ തടാകം, ജലാലി ഹൗസ്, റോക്ക്സ്റ്റാർ ഹൗസ് തുടങ്ങി കശ്മീരിലെ മറ്റ് പല സ്ഥലങ്ങളിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. 'ഇത് ഒരു ഫോട്ടോയിലേക്കോ പെയിന്റിംഗിലേക്കോ സിനിമയിലേക്കോ ചുവടുവെക്കുന്നത് പോലെയാണ്. കശ്മീരിന്റെ സൗന്ദര്യം നിങ്ങളുടെ കണ്ണുകൾ കൊണ്ട് ഉൾക്കൊള്ളാനാകില്ല. ഗുൽമാർഗും പഹൽഗാമും ഉൾപ്പടെ സന്ദർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു'- കശ്മീർ അനുഭവത്തെക്കുറിച്ച് ദുൽഖർ സൽമാൻ പറഞ്ഞു.
സംവിധായകൻ ഹനു രാഘവപുടിയും കശ്മീരിന്റെ സൗന്ദര്യെത്തക്കുറിച്ച് വാചാലനായി.'തീർച്ചയായും ഭൂമിയിലെ സ്വർഗമാണ് കശ്മീർ. ഏറ്റവും മികച്ച ആതിഥേയരാണ് ഇവിടത്തുകാർ. രണ്ടാം ഘട്ട ലോക്ക്ഡൗണിന്റെ തുടക്കത്തിൽ ഞങ്ങൾ കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ചിത്രീകരിച്ചത്, എന്നിട്ടും കൊവിഡ് പ്രോട്ടോക്കോളുകൾ ഉപയോഗിച്ച് പ്ലാൻ അനുസരിച്ച് ഷൂട്ടിങ് പൂർത്തിയാക്കാൻ പൊലീസും സർക്കാരും നാട്ടുകാരും ഞങ്ങളെ സഹായിച്ചു. കൃത്യമായ പ്ലാൻ അനുസരിച്ച് ഞങ്ങൾ ഷൂട്ടിങ് ഷെഡ്യൂൾ പൂർത്തിയാക്കി. കുറച്ച് പ്രാദേശിക ഭക്ഷണം കഴിക്കാനും പുതിയ സംസ്കാരം അനുഭവിക്കാനും സാധിച്ചു' -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.