ലക്കി ഭാസ്കർ എന്ന പേര് കേട്ടപ്പോൾ വാപ്പച്ചിയുടെ ആ ചിത്രമാണ് ആദ്യം ഓർമ വന്നത്-ദുൽഖർ സൽമാൻ
text_fieldsഏറെ നാളുകൾക്ക് ശേഷം ദുൽഖറിന്‍റേതായി പുറത്തെത്തുന്ന ചിത്രമാണ് ലക്കി ഭാസ്കർ. തെലുഗ് ചിത്രത്തിന് ഒരുപാട് പ്രതീക്ഷയാണ് ആരാധകർ കൽപിക്കുന്നത്. വെങ്കി അട്ലൂരിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. ചിത്രത്തിന്‍റെ ടൈറ്റിൽ കേൾക്കുമ്പോൾ ഭാസ്കർ ദി റാസ്കൽ എന്ന മമ്മൂട്ടി ചിത്രം ഓർമ വരുമെന്നാണ് ദുൽഖർ പറയുന്നത്. ഭാസ്കർ എന്ന പേര് കേൾക്കുമ്പോൾ നമ്മുടെ വീട്ടിലെ ആരൊക്കെയോ പോലെ തോന്നുമെന്നും ദുൽഖർ പറയുന്നു. ലക്കി ഭാസ്‌കര്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലാണ് ദുല്‍ഖറിന്റെ പ്രതികരണം.
‘വെങ്കി ഈ സിനിമയുടെ കഥ പറഞ്ഞതിന് ശേഷമാണ് ടൈറ്റില്‍ വെളിപ്പെടുത്തിയത്. ലക്കി ഭാസ്‌കര്‍ എന്ന് കേട്ടപ്പോള്‍ എനിക്ക് ആദ്യം ഓര്‍മ വന്നത് വാപ്പച്ചിയുടെ ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന സിനിമയാണ്. ആ പേരിന് എന്തോ ഒരു പ്രത്യേകതയുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. വാപ്പച്ചിയുടെ ഭാസ്‌കര്‍ ദി റാസ്‌കല്‍ എനിക്ക് ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ്. ആ പടത്തിലെ കോമഡികളും വാപ്പച്ചിയും നയന്‍താരയും തമ്മിലുള്ള കെമിസ്ട്രിയുമെല്ലാം വളരെ മനോഹരമാണ്.
ഭാസ്‌കര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ കുടുംബത്തില്‍ അങ്ങനെ ഒരാള്‍ ഉണ്ടെന്ന് തോന്നാറുണ്ട്. വെങ്കി എന്തൊക്കെയോ മനസില്‍ കണ്ടുകൊണ്ടാണ് ഈ ടൈറ്റില്‍ ഇട്ടതെന്നാണ് എനിക്ക് തോന്നുന്നത്. സെറ്റിലൊക്കെ ചില സമയം എന്നെ നോക്കി എന്തോ അര്‍ത്ഥം വെച്ച് ലക്കി ഭാസ്‌കര്‍ എന്ന് വിളിക്കാറുണ്ട്. എനിക്ക് അത് കേള്‍ക്കുമ്പോള്‍ ചിരി വരും,’ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
'തോളി പ്രേമ', 'വാത്തി' എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലക്കി ഭാസ്‌കർ'. ഒക്ടോബർ 31 ന് ദീപാവലി റിലീസായിട്ടാണ് ചിത്രമെത്തുന്നത്. വമ്പൻ ബജറ്റിലൊരുങ്ങുന്ന 'ലക്കി ഭാസ്‌കർ' 1980-1990 കാലഘട്ടത്തെ കഥയാണ് പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌ക്കർ കുമാർ ആയിട്ടാണ് ദുൽഖർ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.