'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മാതാക്കള്‍ക്കെതിരേ ഇ.ഡി അന്വേഷണം
text_fieldsകൊച്ചി: ഹിറ്റ് സിനിമയായ 'മഞ്ഞുമ്മല്‍ ബോയ്‌സി'ന്‍റെ നിര്‍മാതാക്കളായ പറവ ഫിലിംസിനെതിരെ ഇ.ഡി അന്വേഷണം. കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്ന കാര്യമാണ് അന്വേഷിക്കുക. സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ മുടക്കിയയാൾക്ക് പണം തിരികെ നൽകിയില്ലെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. നിർമാതാവ് ഷോൺ ആന്റണിയെ ഇ.ഡി ചോദ്യം ചെയ്തതായും പറവ ഫിലിംസിന്‍റെ പങ്കാളിയായ നടൻ സൗബിൻ ഷാഹിറിനെയും ചോദ്യം ചെയ്യുമെന്നുമാണ് വിവരം.
മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയതായി നേരത്തെ പൊലീസ് ഹൈകോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നല്‍കിയില്ലെന്ന് കാണിച്ച് ആലപ്പുഴ അരൂർ സ്വദേശിയുടെ പരാതിയിലായിരുന്നു നടപടി. ചിത്രത്തിന്റെ നിർമാതാക്കാളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്നായിരുന്നു സിറാജ് വലിയവീട്ടിൽ എന്നയാളുടെ പരാതി.
ഏഴ് കോടി രൂപയാണ് സിറാജ് സിനിമക്കായി നിർമാതാക്കൾക്ക് കൈമാറിയത്. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തു. 22 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്കുമുതലെന്നാണ് നിർമാതാക്കൾ സിറാജിനെ ആദ്യം ധരിപ്പിച്ചത്. എന്നാല്‍ 18.65 കോടി മാത്രമായിരുന്നു നിര്‍മാണച്ചെലവായത്. ഷൂട്ടിങ് തുടങ്ങുന്നതിനും മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നും നിര്‍മാതാക്കള്‍ സിറാജിനെ തെറ്റിദ്ധരിപ്പിച്ചു. ചിത്രം വൻ ഹിറ്റായി മാറിയതോടെ തനിക്ക് 47 കോടിയെങ്കിലും ലഭിക്കാൻ അവകാശമുണ്ടെന്നാണ് സിറാജിന്‍റെ വാദം.
മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നേരത്തെ എറണാകുളം സബ് കോടതി ഉത്തരവിട്ടിരുന്നു. പറവ ഫിലിംസിന്‍റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിരൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.