ജോൺപോൾ എന്ന എഡിറ്റർ
text_fieldsനൂറോളം സിനിമകൾക്ക് തിരക്കഥകളെഴുതിയ ജോൺപോൾ എന്ന ചലച്ചിത്രകാരനെ എല്ലാവർക്കും അറിയാം. ജോൺപോൾ എന്ന പ്രഭാഷകനെയും 'ഒരു കടങ്കഥപോലെ ഭരതൻ' തുടങ്ങിയ ചലച്ചിത്രഗ്രന്ഥങ്ങളുടെ കർത്താവിനെയും നമുക്കറിയാം. എഴുപതുകളുടെ ആദ്യത്തിൽ 'ഫോക്കസ്' എന്ന പേരിൽ മികച്ച ഒരു സാഹിത്യ മാസിക കൊച്ചിയിൽനിന്ന് അദ്ദേഹം നടത്തിയിരുന്നു. ജോൺപോൾ അതിനെക്കുറിച്ചു ഒരിടത്തു പറയുന്നുണ്ട്: ''ഫോക്കസ് എന്ന പേരിൽ മലയാളത്തിലെ ആദ്യത്തെ ലിറ്റിൽ മാഗസിനുകളിലൊന്ന് നടത്തിവന്നിരുന്ന കാലം. ലബ്ധപ്രതിഷ്ഠർക്കൊപ്പം എഴുതി തുടങ്ങുന്നവർക്കും തുല്യ പ്രാധാന്യം നൽകിയിരുന്നു ഫോക്കസ്. ബാലചന്ദ്രൻ ചുള്ളിക്കാട്, പി.കെ. പാറക്കടവ്, ടി.വി. കൊച്ചുബാവ, കെ.ആർ ടോണി... അങ്ങനെ ഫോക്കസിൽ അക്കാലത്ത് എഴുതിയിരുന്ന പലരും പിന്നീട് പ്രസിദ്ധരായി.'' (ഒരു കടങ്കഥ പോലെ ഭരതൻ -ജോൺപോൾ, ഗ്രീൻ ബുക്സ് പേജ് 95)
കോളജ് കാലം കഴിഞ്ഞ ഉടനെയായിരുന്നു. പുതിയ പുസ്തകങ്ങളുമായും പുതിയ മാസികകളുമായും ബന്ധപ്പെടുന്ന കാലം. ഫോക്കസിൽ ഞാൻ ഏറക്കുറെ ലക്കങ്ങളിലും എഴുതിയിരുന്നു. ഫോക്കസിന്റെ വാർഷിക പതിപ്പുകളടക്കം ഏറക്കുറെ ലക്കങ്ങളും ബൈൻഡ് ചെയ്‌ത് സൂക്ഷിച്ചത് ഇപ്പോഴും കേടുകൂടാതെ എന്റെ ലൈബ്രറിയിലുണ്ട്. പ്രശസ്തരുടെ രചനകൾക്കൊപ്പം അന്ന് എഴുതിത്തുടങ്ങിയ ഞങ്ങളുടെ രചനകൾക്കും പ്രാധാന്യം നൽകി. അന്ന് ജോൺപോളിന് എഴുതിയ കുസൃതി കത്തും അതിന്റെ മറുപടിയും ഓർമയിലുണ്ട്. ഫോക്കസിൽ കുറെ എഴുതിയപ്പോൾ ഞാൻ ജോൺപോളിന് ഒരു കത്തയച്ചു. രചനകൾക്ക് പ്രതിഫലം വേണമെന്ന് പറഞ്ഞുകൊണ്ട്. മറുപടി കത്തിൽ അദ്ദേഹം എഴുതി. 'അക്ഷരങ്ങൾക്ക് എണ്ണി വിലപറയാവുന്ന സാക്ഷാൽ ജി ശങ്കരക്കുറുപ്പു പോലും ഞങ്ങളോട് പ്രതിഫലം ചോദിച്ചിട്ടില്ല. തൽക്കാലം കുറച്ചു പുസ്തകങ്ങൾ അയച്ചു തരാം. പിന്നീട് കുറച്ചു പുസ്തകങ്ങൾ അയച്ചു തന്നു. നല്ലൊരു ചലച്ചിത്രകാരൻ മാത്രമായിരുന്നില്ല നല്ലൊരു എഡിറ്റർ കൂടിയായിരുന്നു പ്രിയപ്പെട്ട ജോൺപോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.