പേരിനെ ചൊല്ലി വിവാദത്തിനില്ല; മഹേഷിന്‍റെ 'ഒറ്റക്കൊമ്പൻ' ഇനി 'ഏകദന്ത';
text_fieldsകൊച്ചി: ഒരേ പേരിലുള്ള സിനിമാ ടൈറ്റിലുകൾ പ്രഖ്യാപിച്ച് പിന്നീട് പേരു മാറ്റേണ്ടി വന്ന നിരവധി സിനിമകൾ ഉണ്ട്. ഈ നിരയിലെ പുതിയ സംഭവമായിരുന്നു 'ഒറ്റക്കൊമ്പൻ' എന്ന പേരിൽ രണ്ടു മാസത്തെ ഇടവേളയിൽ പ്രഖ്യാപിക്കപ്പെട്ട രണ്ടു ചിത്രങ്ങൾ. നവാഗതനായ മഹേഷ് പാറയില്‍ സംവിധാനം ചെയ്യുന്ന ചിത്രവും സുരേഷ് ഗോപി നായകനാകുന്ന ചിത്രവും. രണ്ട് ചിത്രങ്ങളുടെയും പേരുകൾ സിനിമാപ്രേമികൾക്കിടയിൽ സജീവ ചർച്ചയായെങ്കിലും മറ്റ് വിവാദങ്ങൾക്ക് വഴി കൊടുക്കാതെ പേരു മാറ്റിയിരിക്കുകയാണ് മഹേഷും കൂട്ടരും.
'ഏകദന്ത' എന്നാണ് മഹേഷ് പാറയിലിന്‍റെ സിനിമയുടെ പുതിയ പേര്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ സൂപ്പർതാരം മോഹൻലാൽ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ഹ്രസ്വചിത്രങ്ങളിലൂടെയും വെബ്സീരീസുകളിലൂടെയും ശ്രദ്ധേയനായ മഹേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഏകദന്ത'. ഷിമോഗ ക്രിയേഷൻസിന്‍റെയും ഡ്രീം സിനിമാസിന്‍റെയും ബാനറിൽ ഷബീർ പത്തൻ, നിധിൻ സെയ്നു മുണ്ടക്കൽ എന്നിവർ ചേർന്നാണ് നിർമാണം. ബാദുഷ എൻ.എം ആണ് പ്രൊജക്ട് ഡിസൈനർ. മുൻനിര മലയാള താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് മഹേഷ് പറഞ്ഞു.
കാടിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നിജയ്ഘോഷ് നാരായണനാണ്. അര്‍ജുന്‍ രവി ആണ് ഛായാഗ്രാഹകൻ. സംഗീതം-രതീഷ് വേഗ, എഡിറ്റര്‍-പി.വി. ഷൈജല്‍, പ്രൊഡക്ഷൻ കൺട്രോളർ-റിച്ചാർഡ്, കലാസംവിധാനം-ദിലീപ് നാഥ്, കോസ്റ്റ്യൂം ഡിസൈനർ-അക്ഷയ പ്രേംനാഥ്, മേക്കപ്പ്-രാജേഷ് നെന്മാറ, സ്റ്റിൽസ്-ഗോകുൽ ദാസ്, പി.ആർ.ഒ-പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈന്‍-സഹീർ റഹ്മാൻ. ഇടുക്കി, വയനാട്, തൊടുപുഴ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.