എമ്പുരാൻ കുതിപ്പ് തുടരുന്നു; മഞ്ഞുമ്മൽ ബോയ്സിനെ മറികടന്നത് വെറും 10 ദിവസംകൊണ്ട്
text_fieldsകേരളത്തിൽ ഏറ്റവും ഉയർന്ന കലക്ഷൻ നേടുന്ന രണ്ടാമത്തെ മലയാളസിനിമയായി എമ്പുരാൻ. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 2024ൽ പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് ആയിരുന്നു ഈ സ്ഥാനത്ത്. 72 ദിവസംകൊണ്ട് മഞ്ഞുമ്മൽ ബോയ്സ് നേടിയ കലക്ഷൻ വെറും പത്ത് ദിവസംകൊണ്ടാണ് എമ്പുരാന് ലഭിച്ചത്. 2018 ആണ് കേരളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം. എമ്പുരാൻ അതിനെ മറികടക്കുമോ എന്നുള്ള ആകാംഷകയിലാണ് ആരാധകർ.
'മലയാള സിനിമ വ്യവസായത്തിലെ പുതിയ അടയാളപ്പെടുത്തലാണ് ഇത്. ഈ നിമിഷം ഞങ്ങൾക്കുള്ളതല്ല, തിയേറ്ററുകളിൽ പ്രതിധ്വനിച്ച നിങ്ങളുടെ ഓരോ ഹൃദയമിടിപ്പിനും, ഓരോ ആഹ്ലാദത്തിനും, കണ്ണീരിനും അവകാശപ്പെട്ടതാണ്. നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു'- എന്ന് പറഞ്ഞു കൊണ്ടാണ് അണിയറപ്രവർത്തകർ സന്തോഷം പങ്കുവെച്ചത്.
മാർച്ച് 27ന് ആയിരുന്നു മലയാളികൾ ഒന്നടങ്കം കാത്തിരുന്ന എമ്പുരാൻ റിലീസ് ചെയ്തത്. പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ ചിത്രം ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമ കൂടിയാണ്. എഡിറ്റിന് പിന്നാലെ ചിത്രത്തിത്തിന്റെ ഓൺലൈൻ ബുക്കിങ്ങിൽ നേരിയ കുറവ് ഉണ്ടായെങ്കിലും റീ എഡിറ്റിങ് കലക്ഷനെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ആദ്യദിനം മുതൽ സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്. ആദ്യ ദിനത്തിൽ 67 കോടിയിലധികം നേടിയ സിനിമ 48 മണിക്കൂർ പിന്നിടും മുന്നേ ആഗോളതലത്തിൽ 100 കോടി ക്ലബിലുമെത്തിയിരുന്നു. വമ്പൻ ഹൈപ്പിലെത്തിയ ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ്. മലയാളത്തിലെ തന്നെ ആദ്യ ഐമാക്സ‌് ചിത്രം കൂടിയാണ് എമ്പുരാൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.