'ഇനി 117 ദിവസത്തെ കാത്തിരിപ്പ്'; 'എമ്പുരാൻ' റിലീസ് തീയതി പ്രഖ്യാപിച്ചു
text_fieldsപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്-മോഹൻലാൽ ചിത്രം എമ്പുരാന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. സംവിധായകനായ പൃഥ്വിരാജ് തന്നെയാണ് ഷൂട്ട് കഴിഞ്ഞെന്നുള്ള വാർത്ത സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. 'ഇന്ന് പുലർച്ചെ 5:35 ന്, മലമ്പുഴ റിസർവോയറിന്‍റെ തീരത്ത് എമ്പുരാന്റെ അവസാനത്തെ ഷോട്ട് ഞങ്ങൾ പൂർത്തിയാക്കി. 117 ദിവസങ്ങൾക്കുള്ളിൽ തിയറ്ററുകളിൽ കാണാം' -എന്നതാണ് പൃഥ്വിരാജിന്റെ പോസ്റ്റ്. മാർച്ച് 27ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് മോഹൻലാലും സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
"എട്ട് സംസ്ഥാനങ്ങളിലൂടെയും നാല് രാജ്യങ്ങളിലൂടെയുമുള്ള 14 മാസത്തെ അവിശ്വസനീയമായ യാത്ര. പൃഥ്വിരാജ് സുകുമാരന്‍റെ ക്രിയാത്മകത ഓരോ ഫ്രെയിമിലുമുണ്ട്. ഈ സിനിമയുടെ കാതൽ രൂപപ്പെടുത്തുന്ന ദർശനാത്മകമായ കഥപറച്ചിലിന് മുരളി ഗോപിക്ക് വലിയ നന്ദി. ഈ പ്രോജക്റ്റിലുള്ള അചഞ്ചലമായ വിശ്വാസത്തിന് ആന്‍റണി പെരുമ്പാവൂരിനും വിലമതിക്കാനാകാത്ത പിന്തുണ നൽകിയ സുബാസ്കരനും ലൈക്ക പ്രൊഡക്ഷൻസിനും ഹൃദയം നിറഞ്ഞ നന്ദി. കഥക്ക് ജീവൻ നൽകിയ അർപ്പണബോധമുള്ള അഭിനേതാക്കളും അണിയറപ്രവർത്തകരും ഇല്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. ഒരു കലാകാരൻ എന്ന നിലയിലുള്ള എന്‍റെ യാത്രയിലെ ശ്രദ്ധേയമായ അധ്യായമാണ് എമ്പുരാൻ, അത് ഞാൻ എപ്പോഴും നിധിപോലെ സൂക്ഷിക്കും" -മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.