നിങ്ങളുടെ നാട്ടിലും ഈ ചന്ദ്രികയുണ്ടാവും -'എങ്കിലും ചന്ദ്രികേ'-റിവ്യൂ
text_fieldsആവറേജ് അമ്പിളി, റോക്ക് പെപ്പര്‍ സിസര്‍ തുടങ്ങിയ കരിക്ക് ഫ്‌ളിക്കില്‍ ഇറങ്ങിയ വെബ് സീരിസിലൂടെ സുപരിചിതനായ ആദിത്യന്‍ ചന്ദ്രശേഖർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എങ്കിലും ചന്ദ്രികേ...'. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
മുഴുനീള തമാശ ചിത്രമാണെന്ന് ഒറ്റവാക്കിൽ സിനിമയെ നിർവചിക്കാം. ഇമോഷണല്‍ സീനുകളില്‍പോലും തമാശ നിറച്ചുള്ള അവതരണം. ഒരുപക്ഷേ കണ്ടും കേട്ടും മടുത്ത കഥക്ക് ആദിത്യന്റെ വേറിട്ടൊരു അവതരണം കൊണ്ട് മടുക്കാതെ കണ്ടിരിക്കാവുന്ന ചിത്രം. സംവിധാകയകനും അര്‍ജുന്‍ നാരായണനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.
സുമതല ആര്‍ട്‌സ് ക്ലബിലെ ഒരുപറ്റം സുഹൃത്തുക്കളുടെ ഇണക്കത്തിന്റെയും പിണക്കത്തിന്റെയും പാരവെപ്പിന്റെയും കഥയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഇവര്‍ക്ക് അപ്രതീക്ഷിതമായി ഒരു കല്യാണം മുടക്കേണ്ടി വരുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളാണ് 'എങ്കിലും ചന്ദ്രികേ...'.
സൊസൈറ്റിയിലെ പാല്‍ വില്‍പനയും സാമൂഹ്യപ്രവര്‍ത്തകനുമായ പവിത്രന്‍ (സുരാജ് വെഞ്ഞാറമൂട്), സിനിമ സ്വപ്‌നമായി നടക്കുന്ന കിരണ്‍ (ബേസില്‍ ജോസഫ്), കിരണിന്റെ കട്ടചങ്കുകളായ അമലും (അശ്വിന്‍) അഭിയുമാണ് (സൈജു കുറുപ്പ്), ഇവര്‍ക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. കൂട്ടത്തില്‍ കുറച്ച് കാശുകാരന്‍ അഭിരാം അവതരിപ്പിക്കുന്ന ബിബീഷ് മാത്രമാണ്. പ്രായം കുറച്ചായെങ്കിലും അഭിയും പവിത്രനും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. അങ്ങനെയിരിക്കാണ് ബിബീഷിന്റെ വിവാഹവാര്‍ത്ത ഇവര്‍ അറിയുന്നത്. തുടര്‍ന്ന് ആ കല്യാണം മുടക്കാന്‍ ശ്രമിക്കുന്നതാണ് കഥാബീജം. ചിലയിടത്തുള്ള തമാശ ഒരു എച്ചുകെട്ടലാണെങ്കിലും ചിത്രത്തിൽ ചിരിക്കാനൊരുപാടുണ്ട്.
അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അടുത്തിടെ സീരിയസ് വേഷത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന സുരാജ് തമാശയിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്. എക്‌സ്പ്രഷന്‍ കൊണ്ടും ശരീരഭാഷകൊണ്ടും സംഭാഷണംകൊണ്ടും സൈജു കുറുപ്പ് പ്രേക്ഷകരെ കൈയിലെടുത്തിട്ടുണ്ട്. സംവിധായകനും നടനുമായ ബേസിലും ഒരു ചിരി ഇരു ചിരി ബംപര്‍ ചിരിയിലൂടെ അറിയപ്പെടുന്ന അശ്വിനും തങ്ങളുടെ ഭാഗം ഗംഭീരമാക്കി. നിരഞ്ജന അനൂപിനും തന്‍വീ റാമിനും ചിത്രത്തില്‍ കൂടുതലായി ഒന്നും ചെയ്യാനില്ല. ബിബീഷായി അഭിനയിച്ച അഭിറാമിന്റെ സൂപ്പര്‍ പ്രകടനമാണ് ചിത്രത്തിന്റെ മുതൽകൂട്ട്. ഇവര്‍ക്ക് പുറമെ കിടിലന്‍ ടൈമിങ് കൗണ്ടറുമായി ഭാനുമതി പയ്യന്നൂർ കൂട്ടച്ചിരി നിറക്കുന്നു. ആല്‍സിൻ ബെന്നി, പാര്‍വതി അയ്യപ്പദാസ്, മണിയന്‍പിള്ള രാജു, രാജഷ് ശര്‍മ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു ഷോര്‍ട്ട് ഫിലിമിന് വകുപ്പുള്ള കഥയെ നീട്ടിവലിച്ച് ചെയ്തിരിക്കുന്നത് അലോസരപ്പെടുത്തുന്നുണ്ടെങ്കിലും കാലിക പ്രസക്തിയുള്ള ചില സംഭാഷണവും സംഭവങ്ങളും ചിത്രത്തിലുള്ളത് ആശ്വാസമാണ്. ചെറിയൊരു ട്വിസ്റ്റും ചിത്രത്തില്‍ സംവിധായകന്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. പയ്യന്നൂരിന്റെ നാട്ടിൻപുറ ഭംഗി ചോര്‍ന്നു പോകാതെയുള്ള ജിതിന്റെ ഛായാഗ്രഹണം മികച്ചതാണ്. ഇഫ്തിക്കാര്‍ അലിയുടെ സംഗീതവും ഇമ്പമുള്ളതാണ്. വിനായക് ശശിയാണ് വരികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.