കടൽ കടന്ന് ’എന്നെന്നും’
text_fieldsമലയാളത്തിൽ ഈയടുത്ത കാലത്തിറങ്ങിയ പരീക്ഷണ സിനിമകളിലൊന്നാണ് ‘എന്നെന്നും’. ശാലിനി ഉഷാ ദേവി സംവിധാനം ചെയ്ത സിനിമ അതിന്റെ നിർമാണം കൊണ്ടും പ്രമേയത്തിലെ വ്യതിരിക്തത കൊണ്ടും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ്. ‘അമരത്വം’ എന്ന ആശയം ഓരോ മനുഷ്യന്റെയും ഉള്ളിലുള്ളതാണ്.
നമുക്ക് പ്രിയപ്പെട്ട നിമിഷങ്ങൾ അവസാനിക്കാതിരുന്നുവെങ്കിൽ, അല്ലെങ്കിൽ പുനഃസൃഷ്ടിക്കപ്പെട്ടിരുന്നുവെങ്കിൽ എന്നാഗ്രഹിക്കാത്തവരുണ്ടാവില്ല. എന്നാൽ, അമരത്വത്തിന് കാലത്തെ മറികടക്കാനാവില്ലെന്ന യാഥാർഥ്യത്തിന് മുന്നിൽ അത്തരം ആഗ്രഹങ്ങൾ നിഷ്പ്രഭമാകും. ഇവിടെയാണ് ശാലിനിയുടെ പരീക്ഷണം.
സാങ്കേതികവിദ്യയുടെ സഹായത്തോടെ ചലിക്കാത്ത കാലവും അതുവഴി അമരത്വവും യാഥാർഥ്യമാക്കാനുള്ള ഒരു ദമ്പതികളുടെ ശ്രമമാണ് ‘എന്നെന്നും’. കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ഖ്യാതി കടൽ കടന്നിരിക്കുകയാണ്.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ എണ്ണം പറഞ്ഞ രണ്ട് അന്താരാഷ്ട്ര ചലച്ചിത്രവേദികളിൽ നിറഞ്ഞ സദസ്സിൽ ചിത്രം പ്രദർശിപ്പിച്ചു. ജൂൺ 29ന് ലണ്ടനിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലും കഴിഞ്ഞദിവസം സ്വിറ്റ്സർലൻഡിലെ വിഖ്യാതമായ ന്യൂഷാറ്റ്ൽ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലും(എൻ.ഐ.എഫ്.എഫ്.എഫ്) പ്രദർശിപ്പിച്ചു.
സ്വിറ്റ്സർലൻഡിൽ ചിത്രത്തിന്റെ യൂറോപ്യൻ പ്രീമിയറായിരുന്നു. മത്സരവിഭാഗത്തിൽ ചിത്രം പ്രദർശിപ്പിച്ചപ്പോൾ ശാലിനി ഉഷാദേവി, നായിക ശാന്തി ബാലചന്ദ്രൻ തുടങ്ങിയവരും സദസ്സിലുണ്ടായിരുന്നു. രണ്ട് ചലച്ചിത്രമേളകളുടെയും അനുഭവങ്ങൾ ശാന്തി ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.