ദിലീഷ് പോത്തൻ-ഫഹദ് ഫാസിൽ ചിത്രം 'ജോജി' ഏപ്രിലിൽ ആമസോണിലൂടെ; ടീസർ പുറത്ത്
text_fieldsദിലീഷ് പോത്തൻ-ഫഹദ് ഫാസിൽ കൂട്ടുകെട്ടിലൊരുങ്ങുന്ന 'ജോജി'യുടെ ടീസർ പുറത്തിറങ്ങി. ഏപ്രിൽ ഏഴിന് ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കിയ ക്രൈംഡ്രാമ ചിത്രം ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിങ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് 'ജോജി' ഒരുങ്ങുന്നത്.
മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീഷ്-ഫഹദ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് ജോജി. ബാബുരാജ്, ഷമ്മി തിലകൻ, അലിസ്റ്റർ അലക്സ്, ഉണ്ണിമായ പ്രസാദ്, ബേസിൽ ജോസഫ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സമ്പന്ന കർഷക കുടുംബത്തിലെ ഇളയ മകനും എൻജിനീയറിങ് പാതി വഴിയിൽ ഉപേക്ഷിച്ചയാളുമായ ജോജി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ. വിദേശത്തുപോയി പണക്കാരനാകുക എന്നതാണ് ജോജിയുടെ ലക്ഷ്യം.
എന്നാൽ കഴിവുകെട്ടവനായാണ് ജോജിയെ സ്വന്തം പിതാവ് കണക്കാക്കുന്നത്. ലക്ഷ്യത്തിലെത്താൻ ജോജിയെടുക്കുന്ന ചില തീരുമാനങ്ങൾ അദ്ദേഹത്തിന്റെ കുടുംബത്തെ മാറ്റിമറിക്കുന്ന കഥയാണ് 'ജോജി' പറയുന്നത്. ടൈറ്റിൽ കഥാപാത്രമായ ജോജിയെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.
വില്യം ഷേക്സ്പിയറിന്റെ വിഖ്യാതമായ 'മാക്ബെത്ത്' നാടകത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ചിത്രത്തിന്‍റെ രചന. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. കിരൺ ദാസാണ് എഡിറ്റിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.