എ.ആർ.എമ്മിന്‍റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചവർ പിടിയിൽ
text_fieldsകൊച്ചി: ജിതിൻ ലാൽ സംവിധാനം ചെയ്ത ടൊവിനോ നായകനായെത്തിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചവരെ പിടികൂടി. ബംഗളൂരുവിൽ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ പ്രവീൺ, കുമരേശൻ എന്നിവരാണ് സൈബർ പൊലീസിന്റെ പിടിയിലായത്.
വൺതമിൽഎംവി എന്ന വെബ്സൈറ്റിലൂടെയാണ് ഇവർ വ്യാജപതിപ്പുകൾ പുറത്തിറക്കിയത്. മൂന്നു പേരാണ് സൈറ്റിന്റെ പ്രവർത്തനത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഒരാളെ കൂടി പിടികൂടാനുണ്ട്. തമിഴ് റോക്കേഴ്‌സ് സംഘത്തില്‍പ്പെട്ടവരാണ് പ്രതികളെന്നാണ് വിവരം. പ്രതികളെ കാക്കനാട് സൈബർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
കോയമ്പത്തൂരിലെ തിയറ്ററിൽ നിന്നാണ് ചിത്രം മൊബൈലിൽ പകർത്തിയതെന്നാണ് പ്രാഥമിക വിവരം. വ്യാജ പതിപ്പ് പ്രചരിപ്പിച്ച വെബ്സൈറ്റ് സൈബർസെൽ പൂട്ടിച്ചു. വ്യാജ പതിപ്പ് പ്രചരിപ്പിച്ചവരുടെ കൈയില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രജനികാന്ത് സിനിമ വേട്ടയ്യന്‍റെ വ്യാജ പതിപ്പും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
സംവിധായകന്‍ ജിതിന്‍ ലാലിന്റെയും നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെയും പരാതിയിലാണ് നടപടി. റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് എ.ആര്‍.എം വ്യാജപതിപ്പ് ടെലഗ്രാമില്‍ എത്തിയത്. ട്രെയിന്‍ യാത്രക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ദൃശ്യം ജിതിന്‍ ലാല്‍ തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
പ്രതികൾ പിടിയിലായതിന് ശേഷം ജിതിൻ ലാൽ പൊലീസിനും മാധ്യമങ്ങൾക്കും നന്ദി അറിയിച്ചു. സർക്കാർ നിയമ സംവിധാനങ്ങളിലും കേരള പൊലീസിനേയും പൂർണമായി വിശ്വസിച്ചാണ് പരാതി നൽകിയത്. കുറ്റമറ്റ ശാസ്ത്രീയ മാർഗ്ഗങ്ങൾ ഉപയോഗിച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് മനസിലാക്കുന്നത്. സിനിമയുടെ വ്യാജ പതിപ്പുകൾ പുറത്തിറക്കുന്നവരുടെ വലിയ കണ്ണികളിലേക്ക് അന്വേഷണം തുടരുമെന്നാണ് അറിയാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.