'പിടികിട്ടാപ്പുള്ളി'യുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍
text_fieldsവെള്ളിയാഴ്ച റിലീസ് പ്രഖ്യാപിച്ചിരുന്ന 'പിടികിട്ടാപ്പുള്ളി'യുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍. നവാഗതനായ ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്ത ചിത്രം ജിയോ പ്ലാറ്റ്‌ഫോമില്‍ ഇന്ന് റിലീസ് ചെയ്യാനിരിക്കെയാണ് ടെലിഗ്രാമിലൂടെ വ്യാജപതിപ്പ് പുറത്തിറങ്ങിയത്. അഹാന കൃഷ്ണയാണ് നായിക. സംഭവത്തിൽ പരാതി നൽകുമെന്ന് സംവിധായകൻ അറിയിച്ചു.
കോമഡി ത്രില്ലറായ പിടികിട്ടാപ്പുള്ളി ശ്രീ ഗോകുലം മൂവീസ് ആണ് നിർമിക്കുന്നത്. സണ്ണി വെയ്‍ന്‍, സൈജു കുറുപ്പ്, ലാലു അലക്സ് എന്നിവരാണ് പിടികിട്ടാപ്പുള്ളിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജിഷ്‍ണുവിന്‍റെ ആദ്യ ചിത്രമാണ് ഇത്. തങ്ങളെപ്പോലുള്ള നവാഗതര്‍ക്ക് പൈറസി ഏല്‍പ്പിക്കുന്നത് കനത്ത ആഘാതമാണെന്ന് ജിഷ്ണു ഫേസ്ബുക്കിലൂടെ പറഞ്ഞു.
ജിഷ്ണുവിന്‍റെ വാക്കുകൾ
ജിയോ സിനിമയിലൂടെ സിനിമ റിലീസ് ആവുന്നതിനു മുന്‍പ് ഒരുപാടുപേര്‍ എന്നെ വിളിച്ചു. ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ ഒരുപാട് സന്തോഷം തോന്നേണ്ട അവസരമാണ്. പക്ഷേ എനിക്ക് ഭയങ്കര സങ്കടമാണ് തോന്നിയത്. കാരണം വിളിക്കുന്നവരൊക്കെ എന്നോട് പറഞ്ഞത് പടം ടെലിഗ്രാമിലും ടൊറന്‍റിലും വന്നുകഴിഞ്ഞു എന്നാണ്. 2016 മുതലുള്ള എന്‍റെ പരിശ്രമമാണ് പിടികിട്ടാപ്പുള്ളി എന്ന സിനിമ. ഏകദേശം നാലര വര്‍ഷമായി ഈ സിനിമയ്ക്കുവേണ്ടി ഞാന്‍ എന്‍റെ ജീവിതം മാറ്റിവച്ചിട്ട്. സിനിമ നല്ലതോ ചീത്തയോ എന്നത് രണ്ടാമത്തെ കാര്യമാണ്. സിനിമ എന്നത് ഒരു ബിസിനസ് ആണ്. എന്നെപ്പോലെ ഒരു തുടക്കക്കാരനെ വിശ്വസിച്ച് പണം മുടക്കിയ ഒരു നിര്‍മ്മാതാവ് ഉണ്ട്. എന്തോ ഭാഗ്യം കൊണ്ടാവും ജിയോ പോലെ ഒരു വലിയ നെറ്റ്‍വര്‍ക്ക് ഈ കൊറോണ കാലത്തും നമ്മുടെ പടം റിലീസ് ചെയ്യാനായി എടുത്തത്. പക്ഷേ അപ്പോഴും റിലീസിനു മുന്‍പ് ഇത്രയും വലിയ ഒരു പ്ലാറ്റ്ഫോമില്‍നിന്ന് ലീക്ക് ആവുന്ന അവസ്ഥയാണ്. അവരുടെ പ്ലാറ്റ്ഫോമില്‍ ഫ്രീ ആയിട്ടു കിട്ടും, എന്നിട്ടുകൂടി പൈറേറ്റഡ് കോപ്പി കാണാന്‍ ആളുണ്ട് എന്നതാണ് വസ്‍തുത. അതുകൊണ്ട് സംഭവിക്കാന്‍ പോകുന്നത്, സിനിമയുടെ വ്യൂവര്‍ഷിപ്പ് അവരുടെ പ്ലാറ്റ്ഫോമില്‍ കുറയുകയും അതോടുകൂടി മലയാളസിനിമ എന്നത് വിജയം നേടാവുന്ന ഒരു സാധ്യത അല്ലെന്ന് അവര്‍ വിധിയെഴുതുകയും ചെയ്യും. ഒന്നോ രണ്ടോ ഒടിടി പ്ലാറ്റ്ഫോമുകളുടെ ഔദാര്യത്തിലാണ് മലയാളസിനിമ ഇപ്പോള്‍ നടന്നുപോകുന്നത്. ഇതുകൂടി ആവുമ്പോഴേക്ക് മലയാളസിനിമ എടുക്കാന്‍ ആളുകള്‍ കുറയും. എന്നെപ്പോലെ ഒരുപാട് പുതുമുഖ സംവിധായകരും മറ്റു സാങ്കേതികപ്രവര്‍ത്തകരുമുണ്ട്. അവരുടെയൊക്കെ അവസ്ഥ ഇനി എന്താവും എന്നത് ഒരു ചോദ്യചിഹ്നമാണ്. വളരെ വിഷമത്തോടെ ഇത് പറയേണ്ടിവന്നതില്‍ സങ്കടമുണ്ട്. ടെലിഗ്രാമില്‍ സിനിമ വന്നു എന്നു പറഞ്ഞ് ഇനി ആരും എന്നെ വിളിക്കണ്ട. എന്‍റെ സിനിമയുടെ റിലീസ് ജിയോ സിനിമ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ്. നല്ല മനസുള്ളവര്‍ അതില്‍ സിനിമ കാണുക. ഞങ്ങളെ പരമാവധി പിന്തുണയ്ക്കുക.നന്ദി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.