സിനിമക്കാരുടെ ഇഷ്ട ലൊക്കേഷൻ, നാട്ടുകാരുടെ പുന്നപ്ര
text_fieldsഅമ്പലപ്പുഴ: ഞാറ്റുപാട്ടിന്‍റെയും കൊയ്ത്തുപാട്ടിന്‍റെയും ഈണം മറക്കാത്ത മണ്ണിന്‍റെ ഭംഗി ആരും കണ്ടില്ലെന്ന് നടിക്കരുത്. കുട്ടനാടൻ ഗ്രാമഭംഗി അപ്പാടെ ഒപ്പിയെടുത്ത പുന്നപ്രയിലെ മാത്തൂർ, വെട്ടിക്കരി ഗ്രാമം നിരവധി സിനിമകൾക്ക് ലൊക്കേഷനായിട്ടുണ്ട്. പ്രദേശവാസികൂടിയായ ജയൻ മുളങ്ങാട് നിർമിച്ച് സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത 'മുഖച്ചിത്രം' സിനിമയുടെ ലൊക്കേഷനിലൂടെയാണ് വെട്ടിക്കരി, മാത്തൂർ കാർഷിക ഗ്രാമം ജനശ്രദ്ധയിലെത്തുന്നത്. പിന്നീട് കമൽ സംവിധാനം ചെയ്ത് ശ്രീനിവാസന്‍റെ തിരക്കഥയിൽ നിർമിച്ച 'ആർദ്ര'ത്തിൽ, പുന്നപ്ര മാത്തൂരും വെട്ടിക്കരി പാടശേഖരവും പരിസരവും ജനഹൃദയങ്ങളിൽ ഇടംനേടി. ജയൻ മുളങ്ങാട്, സുരേഷ് ഉണ്ണിത്താൻ എന്നിവരുടെ 'ചമ്പക്കുളം തച്ചൻ' സിനിമക്ക് ഗ്രാമഭംഗി നൽകിയതും ഈ ഗ്രാമമാണ്. തോട്ടുവക്കിലെ മാടക്കടകളും ചായക്കടകളുമെല്ലാം ഒരു ഗ്രാമത്തിന്‍റെ പുത്തൻവെളിച്ചം പകരുന്നതരത്തിലായിരുന്നു സിനിമ ലൊക്കേഷൻ ഒരുക്കിയത്. കുട്ടനാട്ടിലെ പല ഗ്രാമങ്ങൾ തെരഞ്ഞെങ്കിലും ഒരു ഗ്രാമത്തിന്‍റെ തനിമ ഒത്തിണങ്ങിയ പ്രദേശം ഇവിടമായിരുന്നതുകൊണ്ടാണ് ലൊക്കേഷനുവേണ്ടി കണ്ടെത്തിയതും.
പുന്നപ്ര തെക്ക് പഞ്ചായത്തിന്‍റെ കാർഷികമേഖലയാണ് ഈ പ്രദേശം. പൂക്കൈതയാറിന്‍റെ ഓളങ്ങൾ തലോടി ഒഴുകുന്ന പ്രദേശത്തെ പുലർവേള ആസ്വദിക്കാൻ പലരും എത്താറുണ്ട്. പൂക്കൈതയാറിന്‍റെ കൈവഴികളിലൂടെ തുഴഞ്ഞുനീങ്ങുന്ന ചെറുവള്ളങ്ങളും പുലർച്ച വീശുവലകളുമായെത്തുന്നവരുമെല്ലാം കണ്ടുനിൽക്കുന്നവർക്ക് ഒരു ഗ്രാമത്തിന്‍റെ പഴയകാല ഓർമകളുടെ തിരിഞ്ഞുനോട്ടമാണ്. ദേശീയപാതയിൽ കളിത്തട്ട് ജങ്ഷനിൽനിന്ന് രണ്ടുകിലോമീറ്ററോളം കിഴക്കാണ് മാത്തൂർ ചിറയും വെട്ടിക്കരി ഗ്രാമവും. റോഡ് ഗതാഗതം എത്തപ്പെടാതിരുന്ന കാലത്ത് കേവ് വള്ളങ്ങളിൽ മലഞ്ചരക്കുകൾ എത്തിച്ചിരുന്ന പ്രധാന മാർഗങ്ങളിൽപെട്ടതായിരുന്നു പൂക്കൈതയാറിന്‍റെ കൈവഴിയായ വെട്ടിക്കരിത്തോട്. തീരദേശത്തുനിന്ന് മത്സ്യവും ഓലയും മറ്റും കിഴക്കൻ നാടുകളിൽ എത്തിച്ചിരുന്നതും ഈ തോട്ടിലൂടെയായിരുന്നു.
ഇന്ന് പോളകൾ തിങ്ങി ഞെരുങ്ങി വള്ളങ്ങൾക്ക് കടക്കാനാകാതായി. തോടിന് കുറകെയുള്ള റോഡുകളും സമീപവാസികൾ നിർമിച്ച പാലങ്ങളും വള്ളങ്ങളിലൂടെയുള്ള യാത്ര മുടക്കി. എങ്കിലും ഓർമകൾക്ക് ഒട്ടും നിറംമങ്ങാതെ മാത്തൂർ, വെട്ടിക്കരി ഗ്രാമം ഇന്നും നിലനിന്നുപോരുന്നു. പുത്തൻ സിനിമകൾക്ക് ലൊക്കേഷൻ ഒരുക്കിയും വിനോദസഞ്ചാരികൾക്ക് ഇടത്താവളമാക്കിയും മാത്തൂർ, വെട്ടിക്കരി ഗ്രാമം തലയുയർത്തി നിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.