വോട്ടിനിടയിൽ സിനിമ കച്ചവടം ഏശില്ലെന്ന ഭീതി; റിലീസ് മാറ്റി ബോളിവുഡ് നിർമാതാക്കൾ
text_fieldsപരീക്ഷക്കാലവും തെരഞ്ഞെടുപ്പുചൂടുമൊന്നും ഏശാതെ മലയാള സിനിമ തിയറ്ററുകളിൽ പൂരാവേശം നിറക്കുകയാണെങ്കിൽ അങ്ങ് ബോളിവുഡിൽ കാര്യങ്ങളിത്തിരി സീനാണ്. ലോക്സഭ തെരഞ്ഞെടുപ്പ് തിരക്കിനിടയിൽപെട്ട് തങ്ങളുടെ സിനിമകൾ ‘തോറ്റു’പോകേണ്ട എന്നു കരുതി പല നിർമാതാക്കളും റിലീസ് തീയതി നീട്ടുകയാണെന്ന് വാർത്ത.
നേരത്തെ മേയ് മാസത്തിൽ റിലീസ് പ്രഖ്യാപിച്ച പല സിനിമകളും ജൂൺ നാലിന് ഫലപ്രഖ്യാപനം കഴിഞ്ഞ ശേഷമുള്ള തീയതികളിലേക്ക് മാറ്റിയിരിക്കുകയാണ്. ആയുഷ് ശർമയുടെ ‘റസ്‍ലാൻ’ ഈ മാസം 26നും രാജ്കുമാർ റാവുവിന്റെ ‘ശ്രീകാന്ത്’ മേയ് 10നുമാണ് റിലീസ് തീരുമാനിച്ചിരുന്നത്. മനോജ് വാജ്പേയിയുടെ ‘ഭയ്യാജി’ മേയ് 24നും ‘മിസ്റ്റർ ആൻഡ് മിസിസ് മഹി’ മേയ് 31നും ഷെഡ്യൂൾ ചെയ്തിരുന്നതാണ്. എന്നാൽ, ഇവ പറഞ്ഞ തീയതികളിൽ റിലീസ് ചെയ്യുമോ എന്ന് സംശയമാണ്. ഏറെ ചർച്ച ചെയ്യപ്പെട്ട ‘കൽക്കി’യുടെയും ‘സബർമതി റിപ്പോർട്ട്’, ‘തെഹ്റാൻ’ എന്നിവയുടെയും റിലീസിനെ സംബന്ധിച്ച് നിർമാതാക്കൾ ഇപ്പോൾ ഒന്നും പറയുന്നില്ല.
പുതിയ റിലീസുകളെ തെരഞ്ഞെടുപ്പ് ഒരു പരിധിവരെ ബാധിക്കാനിടയുണ്ടെന്നും അതുകൊണ്ട് തങ്ങൾ ഏറെ സൂക്ഷിച്ചാണ് തീയതി പ്രഖ്യാപിക്കുന്നതെന്നും പ്രമുഖ വിതരണക്കാരൻ അക്ഷയ് റാത്തി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.