50ാം ജന്മദിനത്തിൽ രമ്യ കൃഷ്ണന് ആരാധകരുടെ ആശംസാപ്രവാഹം
text_fieldsപ്രശസ്ത തെന്നിന്ത്യന്‍ താരം രമ്യ കൃഷ്ണന് ഇന്ന് 50ാം പിറന്നാള്‍. പ്രായം കൂടുന്തോറും സൗന്ദര്യവും ആരാധകരും കൂടിക്കൊണ്ടിരിക്കുന്ന സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ ഫീമെയിൽ വേർഷനാണ് തെന്നിന്ത്യൻ താരം രമ്യ കൃഷ്ണൻ. തന്‍റെ അമ്പതാം പിറന്നാൾ ആഘോഷത്തിന്‍റെ ചിത്രം ഇൻസ്റ്റഗ്രാമിൽ രമ്യ കൃഷ്ണൻ പങ്കുവെച്ചു.
കുടുംബത്തോടൊപ്പമായിരുന്നു താരത്തിന്‍റെ പിറന്നാൾ ആഘോഷം. കേക്ക് മുറിക്കുന്ന ചിത്രം പങ്കുവെച്ച് മനോഹരമായ 50 വർഷത്തെ കുറിച്ച് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. തങ്ങളുടെ പ്രിയതാരത്തിന്റെ 50–ാം പിറന്നാൾ ആരാധകരും ആഘോഷമാക്കുകയാണ്. താരത്തിന്റെ മികച്ച കഥാപാത്രങ്ങളുടെ വിഡിയോ മാഷപ്പ് പങ്കുവച്ചാണ് സോഷ്യൽ മീഡിയയിൽ അവർ ആശംസ നേർന്നിരിക്കുന്നത്.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി ഇരുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് രമ്യ. ബാഹുബലിയിലെ ശിവകാമി ദേവി എന്ന കഥാപാത്രത്തിലൂടെ പുതുതലമുറയുടേയും ആവേശമായി മാറാൻ രമ്യ കൃഷ്ണന് കഴിഞ്ഞു. ഭര്‍ത്താവും നടനുമായ കൃഷ്ണവംശിയുമൊത്ത് ഒരു ചിത്രം ചെയ്യാനൊരുങ്ങുകയാണ് രമ്യ കൃഷ്ണന്‍.
താരത്തിന്‍റെ പിറന്നാളിനോടനുബന്ധിച്ച് സിനിമാപ്രേമിയായ ജെനു ജോണി മൂവി സ്ട്രീറ്റ് എന്ന സിനിമാ കൂട്ടായ്മയില്‍ പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്. പടയപ്പയിൽ രജനീകാന്തിന് ഒപ്പത്തിനൊപ്പം സ്റ്റൈലിലും എനർജിയിലും ആറ്റിറ്റൂഡിലും പഞ്ച് ഡയലോഗിലും ഒക്കെ പിടിച്ചു നിന്നു രമ്യയെന്ന് കുറിപ്പില്‍ പറയുന്നു.
ജെനുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
ഇന്ന് നടി രമ്യ കൃഷ്ണന്‍റെ അമ്പതാം ജന്മദിനമാണ്. വെറ്ററൻ അഭിനേതാക്കളുടെ അഭിനയത്തിന് ലഭിക്കുന്ന പ്രശംസകൾക്ക് പുറമേ അവരുടെ ലുക്കും ആഘോഷിക്കപ്പെടുന്ന സാഹചര്യത്തിൽ രമ്യ കൃഷ്ണനെയും പരാമർശിക്കേണ്ടതാണ്.
സിനിമയിൽ വന്ന കാലത്തെ പോലെ തന്നെ സൗന്ദര്യവും സ്ക്രീൻ പ്രസൻസും ഇന്നുമുണ്ട്. ശബ്ദവും സംസാരരീതിയും ഇപ്പോഴും ഒരു വേറിട്ട ഭംഗിയാണ്. കഥാപാത്രങ്ങൾക്ക് തന്‍റെതായ ഒരു സിഗ്നേച്ചർ കൂൾ ആറ്റിറ്റൂട് കൊടുത്ത് അഭിനയിക്കാൻ കഴിവ് ഉള്ള നടിയാണ്, ഇൻഡസ്ട്രിയിലെ തന്‍റെ അതാത് സമയത്തെ മറ്റാരുടെയും ശൈലി അല്ല സ്വന്തമായി ഉണ്ടാക്കിയെടുത്ത അഭിനയശൈലിയാണ് രമ്യയുടേത്.
പടയപ്പയിൽ രജനീകാന്തിന് ഒപ്പത്തിനൊപ്പം സ്റ്റൈലിലും എനർജിയിലും ആറ്റിറ്റൂഡിലും പഞ്ച് ഡയലോഗിലും ഒക്കെ പിടിച്ചു നിന്നു രമ്യ, ഇന്നും മികച്ച വില്ലന്മാരുടെ ലിസ്റ്റിൽ മുൻപന്തിയിൽ ഉണ്ട് നീലാംബരി. കമലഹാസനോട് ഒപ്പം പഞ്ചതന്ത്രത്തിൽ അഭിനയിച്ച മാഗി എന്ന കഥാപാത്രവും കോമഡി നന്നായി കൈകാര്യം ചെയ്ത റോളായിരുന്നു. എല്ലാ ഭാഷകളിലുമായി അനേകം ചിത്രങ്ങളിൽ നായിക ആയ രമ്യ മലയാളത്തിൽ അഭിനയിച്ച ശ്രദ്ധേയമായ സിനിമകളാണ് അഹം, ആര്യൻ, ഒരേ കടൽ, അനുരാഗി, മഹാത്മാ.
തിരക്കുള്ള നായിക ആയിരിക്കുന്ന സമയങ്ങളിൽ പോലും ചില ചിത്രങ്ങളിൽ ഗാനരംഗങ്ങളിൽ നർത്തകി ആയും പെർഫോം ചെയ്തിരുന്നു രമ്യ കൃഷ്ണൻ. ചുമ്മാ വന്നു എന്തോ ചെയ്ത് പോവുക എന്നതല്ല വളരെ എലഗന്‍റ് ആയി തന്നെ പെർഫോം ചെയ്ത് പാട്ടുകൾ ഹിറ്റ് ആവുന്നതിന്‍റെ ഭാഗം ആവുന്നുണ്ട് രമ്യ, അതിന് ഉദാഹരണങ്ങളാണ് ദൂത് വരുമാ എന്ന കാക്ക കാക്കയിലെ പാട്ടും, അയ്യോ പത്തിക്കിച്ച് എന്ന റിഥത്തിലെ പാട്ടും, മേഘരാഗം നെറുകിൽ എന്ന കാക്കകുയിലിലെ പാട്ടും ഒക്കെ.
ഇന്നും ബാഹുബലി പോലെ പോപ്പുലർ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്ത ആയി നിൽക്കുമ്പോഴും സൂപ്പർ ഡീലക്സ് പോലെ നിരൂപക പ്രശംസ നേടിയ ചിത്രത്തിലെ ലീലയും ജയലളിതയുടെ ബയോപിക്കും പോലെയുള്ള കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്നത് പ്രശംസനീയമാണ്. സിനിമയിൽ കണ്ടു തുടങ്ങിയ കാലം മുതൽ ഇന്ന് വരെ ഒരേ പോലെ ഇഷ്ടം തോന്നിയിട്ടുള്ള കുറച്ച് താരങ്ങളിൽ ഒരാളാണ് രമ്യ കൃഷ്ണൻ. വയസാനാലും ഉൻ സ്റ്റൈലും അഴകും ഉന്നൈ വിട്ടുപോകലേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.