ചലചിത്ര നടൻ കോട്ടയം പ്രദീപ് അന്തരിച്ചു
text_fieldsകോട്ടയം: ചലചിത്ര നടൻ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഇന്ന്, പുലർച്ചെ മൂന്നുമണിയോടെയാണ് അന്ത്യം. ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച പ്രദീപ് ഐ.വി. ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയ രംഗത്തെത്തുന്നത്. എൽ.ഐ.സി ജീവനക്കാരനായിരുന്നു. കുഞ്ഞി രാമായണം, ഒരു വടക്കൻ സെൽഫി തുടങ്ങി എഴുപതിലധികം സിനിമകളിൽ അഭിനയിച്ചു.
മലയാളം, തമിഴ് സിനിമകളിൽ നിരവധി ഹാസ്യ വേഷങ്ങൾ ചെയ്‌തു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. 2010ൽ പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോൻ ചിത്രം 'വിണ്ണൈ താണ്ടി വരുവായ'യിലെ തൃഷയുടെ അമ്മാവൻ ആയി അഭിനയിച്ച കഥാപാത്രം പ്രദീപിന്റെ സിനിമാജീവിതത്തിൽ വഴിത്തിരിവായി.
വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്തിലെ പൊലീസ് കോൺസ്റ്റബിളിന്റെ വേഷം പ്രേക്ഷക പ്രീതി പിടിച്ചുപറ്റി. ആമേൻ, സെവൻത്ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ. ആട് ഒരു ഭീകരജീവിയാണ്, അഞ്ചുസുന്ദരികൾ, ജമ്നപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമർ അക്ബർ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിലും നിറഞ്ഞുനിന്നു.
തമിഴിൽ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. 2020ൽ പുറത്തിറങ്ങിയ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ആണ് കോട്ടയം പ്രദീപിന്റെ റിലീസായ അവസാന ചിത്രം. പത്താം വയസ്സിൽ എൻ.എൻ.പിള്ളയുടെ 'ഈശ്വരൻ അറസ്റ്റിൽ' എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് അൻപത് വർഷമായി നാടകരംഗത്ത് സജീവമായിരുന്നു.ഭാര്യ: മായ. മക്കൾ: വിഷ്ണു, വൃന്ദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.