ഡെന്നീസ് ജോസഫ് ഇനി ഓര്മ
text_fieldsഏറ്റുമാനൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ തിരക്കഥാകൃത്തും സംവിധായകനും പത്രപ്രവര്‍ത്തകനുമായ ഡെന്നീസ് ജോസഫിെൻറ മൃതദേഹം ചൊവ്വാഴ്ച ഔദ്യോഗിക ബഹുമതികളോെട ഏറ്റുമാനൂര്‍ ചെറുവാണ്ടൂരിലെ സെൻറ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. ലോക്ഡൗൺ ആയതിനാൽ സിനിമാരംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ പലര്‍ക്കും സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാനായില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വി.എന്‍. വാസവന്, മോന്‍സ് ജോസഫ്, മുന്‍ എം.എല്‍.എമാരായ കെ.സുരേഷ് കുറുപ്പ്, സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങിയവര്‍ വസതിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാറിനും വേണ്ടി കോട്ടയം തഹസില്‍ദാര്‍ എസ്.രാജശേഖരന് റീത്ത് സമര്‍പ്പിച്ചു.
രാവിലെ 10ന് തെള്ളകം കാരിത്താസ് ആശുപത്രിയില്‍നിന്ന് മൃതദേഹം വീട്ടിലെത്തിച്ചു. മൂന്നോടെ വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം പള്ളിയിലേക്ക് നടന്ന വിലാപയാത്രയില്‍ ബന്ധുക്കളും വളരെ അടുത്തവരും മാത്രമാണ് പങ്കെടുത്തത്. 4.30ന് പൊലീസിെൻറ ഗാര്‍ഡ് ഓഫ് ഓണറോടുകൂടിയാണ് സംസ്കാരച്ചടങ്ങുകള്‍ നടന്നത്.
തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെ ഏറ്റുമാനൂര്‍ നേതാജിനഗറിലുള്ള സ്വവസതിയായ പന്നിവേലില്‍ വീട്ടില്‍ കുഴഞ്ഞുവീണ ഡെന്നീസ് ജോസഫിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബര്‍ 20ന് എം.എൻ. ജോസഫിെൻറയും ഏലിയാമ്മ ജോസഫിെൻറയും മകനായി ജനിച്ച ഡെന്നീസ് ജോസഫ് ഏറ്റുമാനൂര്‍ സര്‍ക്കാര്‍ ഹൈസ്കൂളിലും കുറവിലങ്ങാട് ദേവമാതാ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് ഫാര്‍മസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി.
'കട്ട് കട്ട്' എന്ന സിനിമ വാരികയുടെ സബ് എഡിറ്റർ ആയാണ് കരിയർ ആരംഭിക്കുന്നത്. 1985ൽ ജേസി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ 'ഈറൻസന്ധ്യ'യുടെ കഥ എഴുതിയാണ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. 80കളിലെയും 90കളിലെയും നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥയെഴുതി.
നിറക്കൂട്ട്, രാജാവിെൻറ മകൻ, ന്യൂഡൽഹി, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത് എന്നിങ്ങനെ തിയറ്ററുകളെ ഇളക്കിമറിച്ചതുള്‍പ്പെടെ 47 ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി. അഗ്രജൻ, തുടർക്കഥ, അപ്പു, അഥർവ്വം, മനു അങ്കിൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിൾ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. 'സിദ്ധി'യാണ് ആദ്യ ചെറുകഥ.
2013ല്‍ പ്രിയദര്ശന് സംവിധാനം ചെയ്ത 'ഗീതാഞ്ജലി'യാണ് അവസാനമായി തിരക്കഥയെഴുതിയ ചിത്രം. നടന് ജോസ് പ്രകാശിെൻറ മരുമകനാണ്. ഭാര്യ: ലീന, മക്കള്‍: എലിസബത്ത്, റോസി, ജോസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.