സിനിമ നയസമിതി രൂപവത്കരണം വിവാദത്തിൽ; രാജീവ് രവിയും മഞ്ജു വാര്യരും പിന്മാറി
text_fieldsതിരുവനന്തപുരം: സിനിമാനയം രൂപവത്കരിക്കാനായി സർക്കാർ നിയോഗിച്ച സമിതിയിൽനിന്ന് സംവിധായകൻ രാജീവ് രവിയും നടി മഞ്ജു വാര്യരും പിന്മാറി. ഷൂട്ടിങ് തിരക്കുകളാൽ അംഗങ്ങളാകാൻ അസൗകര്യമുണ്ടെന്ന് ഇവർ സർക്കാറിനെ അറിയിച്ചു. ചർച്ച നടത്താതെ സമിതിയെ നിയോഗിച്ചതിൽ ഡബ്ല്യു.സി.സിയും ഫിലിം ചേംബറും വിമർശനവുമായി രംഗത്ത് എത്തിയതിന് പിന്നാലെയാണ് ഇരുവരുെടയും പിന്മാറ്റം. ചർച്ച നടത്താതെ കമ്മിറ്റി ഉണ്ടാക്കിയതിൽ ഡബ്ല്യു.സി.സിയും ഫിലിം ചേംബറും രംഗത്ത് വന്നിരുന്നു.
തന്നോട് ആലോചിക്കാതെയാണ് അംഗമാക്കിയതെന്നും ഇത് ശരിയല്ലെന്നും സംവിധായകൻ രാജീവ് രവി പറഞ്ഞു. ഹേമ കമ്മിറ്റി ശിപാർശ കൂടി പഠിക്കാൻ പുതിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിയതിലുമുണ്ട് അമർഷം. സിനിമാസംഘടനകളുമായി ആലോചിക്കാതെയാണ് കമ്മിറ്റി രൂപവത്കരിച്ചതെന്ന് ഫിലിം ചേംബർ പറഞ്ഞു. ഇതിൽ പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള കത്ത് നൽകിയതായി ഫിലിം ചേംബർ പ്രസിഡന്റ് ജി. സുരേഷ് കുമാർ വ്യക്തമാക്കി.
എന്നാൽ പ്രതിഷേധങ്ങളെ തള്ളി മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. ചലച്ചിത്രനയം രൂപവത്കരിക്കാനായുള്ള കരട് കമ്മിറ്റിയിൽ എല്ലാവരെയും ഉൾപ്പെടുത്താൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. കമ്മിറ്റി സിനിമയിലെ എല്ലാവരുമായും ചർച്ച ചെയ്യും. അന്തിമ തീരുമാനം മെഗാകോൺക്ലേവിന് ശേഷമായിരിക്കും. ലൈറ്റ് ബോയ് മുതൽ മെഗാസ്റ്റാർ വരെ പങ്കെടുക്കുന്ന കോൺക്ലേവ് മൂന്നുമാസത്തിനുള്ളിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. ജസ്റ്റിസ് ഹേമ കമീഷൻ റിപ്പോർട്ട് ബൃഹത്തായ ഒന്നാണ്. നിർദേശങ്ങൾ പെട്ടെന്ന് നടപ്പാക്കാൻ കഴിയില്ല. വിശദ ചർച്ച ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പാണ് സിനിമാനയം തയാറാക്കുന്നതിനായി കമ്മിറ്റി രൂപവത്കരിച്ചുള്ള ഉത്തരവ് സാംസ്കാരികവകുപ്പ് പുറത്തിറക്കിയത്. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ. കരുണിനെ ചെയർമാനായും സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയെ കൺവീനറായും നിയമിച്ചു. നടൻ മുകേഷ്, നടിമാരായ മഞ്ജു വാര്യർ, പത്മപ്രിയ, നിഖില വിമൽ, സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ, ഛായാഗ്രാഹകൻ രാജീവ് രവി, ചലച്ചിത്ര നിർമാതാവ് സന്തോഷ് കുരുവിള, സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവരെയാണ് മറ്റ് അംഗങ്ങളായി െതരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.