പത്തുനാൾ സിനിമ കാണാം; ചലച്ചിത്ര അക്കാദമിയുടെ കൊട്ടകയിൽ
text_fieldsചെങ്ങന്നൂർ: ഓലമേഞ്ഞ സിനിമ കൊട്ടകയിൽ തടി ബെഞ്ചിലിരുന്ന് സിനിമ കണ്ടിട്ടുള്ളവർക്ക് ആ ഓർമകളിലേക്ക് തിരിച്ചു നടക്കാനും പുതുതലമുറക്ക് ഓലക്കൊട്ടക അനുഭവവേദ്യമാക്കാനും ചെങ്ങന്നൂർ മുണ്ടൻകാവിൽ സന്തോഷ് തിയറ്റർ ഒരുങ്ങുന്നു. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാംപ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരത്തിന് മുന്നോടിയായി 'ചെങ്ങന്നൂർ പെരുമ' പദ്ധതിയിലാണ് തിയറ്റർ പുനർജനിക്കുന്നത്. കേരള ചലച്ചിത്ര അക്കാദമിയും ഫിലിം ഡെവലപ്മെന്റ് കോർപറേഷനും ചേർന്നാണ് കൊട്ടക നടത്തുക.
മുൻ സിനിമ മന്ത്രി കൂടിയായ സജി ചെറിയാൻ എം.എൽ.എയുടെ ആശയമാണ് ഇതിന് പിന്നിൽ. മുണ്ടൻകാവിൽ പണ്ട് സന്തോഷ് തിയറ്റർ പ്രവർത്തിച്ചിരുന്ന അതേസ്ഥലത്താണ് ഓലമേഞ്ഞ സിനിമ കൊട്ടക നിർമിക്കുന്നത്. തടിബഞ്ചും ഇരുമ്പ് കസേരകളുമൊക്കെയാകും ഇരിപ്പിടങ്ങൾ. 25 മുതൽ 10 ദിവസങ്ങളിലായി 10 പഴയ സിനിമകൾ മാറ്റിനിയിലും ഫസ്റ്റ് ഷോയിലും പ്രദർശിപ്പിക്കും.
മുണ്ടൻകാവിലെ സന്തോഷ് തിയറ്റർ തൊണ്ണൂറുകളിൽ പ്രവർത്തനം അവസാനിപ്പിച്ചതാണ്. പിന്നീട് സാഗരിക തിയറ്ററും ഇവിടെ കുറെക്കാലം പ്രവർത്തിച്ചു. മുമ്പ് ചെങ്ങന്നൂരിൽ ഓലമേഞ്ഞ സെൻട്രൽ തിയറ്ററും പ്രവർത്തിച്ചിരുന്നു. ഷീറ്റ് മേഞ്ഞതായിരുന്നു പഴയ തീയറ്ററുകളിൽ ഒന്നായിരുന്ന കെ.ആർ. കൊട്ടക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.