കൊട്ടിയടക്കപ്പെട്ട മനുഷ്യദ്വീപുകൾ
text_fieldsലിയനാർഡോ ഡി കാപ്രിയോ എഡ്വേഡ് ടെഡി ഡാനിയൽസ് എന്ന കേന്ദ്ര കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഈ സൈക്കോ ത്രില്ലർ സിനിമക്ക് ലോകവ്യാപക നിരൂപക ശ്രദ്ധ നേടാൻ കഴിഞ്ഞു
മനുഷ്യമനസ്സിലേക്കിറങ്ങിച്ചെല്ലുമ്പോൾ കണ്ടെത്തുന്ന ചുഴികളും വേലിയേറ്റങ്ങളും എത്രമാത്രം സങ്കീർണതകളുടെ കടലുകളാണ് തീർക്കുന്നത്. പൂർണമായും കണ്ടെത്താൻ കഴിയാത്ത ഒന്ന് മനുഷ്യന്റെ മനസ്സാണ്. ദുർഗ്രഹമായ പാളികളിലൂടെയും സങ്കീർണമായ അടരുകളിലൂടെയും സഞ്ചരിച്ച് മനുഷ്യമനസ്സു കണ്ടെത്താനുള്ള ശ്രമങ്ങൾ പൂർണമായി വിജയിച്ച ചരിത്രം ലോകത്തൊരിടത്തുമില്ല. ബോധത്തിനും അബോധത്തിനുമിടയിലെ നേരിയ അതിരിടങ്ങളിൽ നിസ്സഹായരായിപ്പോയ ഒരുകൂട്ടം മനുഷ്യരെ 'ഷട്ടർ ഐലൻഡ്' എന്ന സിനിമ നമുക്ക് കാണിച്ചുതരുന്നു. സമാനതകളില്ലാത്ത കഥാപാത്ര നിർമിതിയും അതിഗംഭീരമായ തിരക്കഥയുമാണ് ഈ ഇംഗ്ലീഷ് ചലച്ചിത്രത്തിന്റെ ശക്തി.
തീവ്ര മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിക്കുന്ന കൊടും കുറ്റവാളികളെ പാർപ്പിക്കുന്ന 'ഷട്ടർ ഐലൻഡ്' എന്ന പാറക്കെട്ടുകളും കാടും നിറഞ്ഞ ദ്വീപാണ് ചിത്രത്തിലെ പശ്ചാത്തലം. ഷട്ടർ ഐലൻഡിലെ ആഷ്‍ക്ലിഫ് ആശുപത്രിയിലേക്ക് കാണാതാവുന്ന റേച്ചൽ സൊളണ്ടോ എന്ന സ്ത്രീയെക്കുറിച്ച് അന്വേഷിക്കാൻ യു.എസ് മാർഷലായ എഡ്വേഡ് ടെഡി ഡാനിയൽ പുതിയ സഹപ്രവർത്തകൻ ചക്ക് യൂളിനൊപ്പം ഐലൻഡിലെത്തുകയാണ്. എന്നാൽ, ആശുപത്രി ജീവനക്കാരും ഡോക്ടർമാരും എഡ്വേഡിനോട് സഹകരിക്കുന്നില്ല. ചിത്രം കണ്ടുതുടങ്ങുമ്പോർതന്നെ നിഗൂഢതയുടെ ഒരു ആവരണം നിങ്ങളെ പൊതിയുന്നതായി അനുഭവപ്പെട്ടുതുടങ്ങും. ആശുപത്രിയിൽ എഡ്വേഡ് ടെഡിക്ക് നേരിടാനുള്ളത് വെല്ലുവിളികളുടെ പരമ്പരതന്നെയായിരുന്നു. ഭാവനയും യാഥാർഥ്യവുമെല്ലാം കൂടിക്കുഴഞ്ഞ് ടെഡി ഷട്ടർ ഐലൻഡിൽ നേരിടുന്ന സംഭവങ്ങൾ പ്രേക്ഷകനെ കോരിത്തരിപ്പിക്കുകതന്നെ ചെയ്യും. കടലും കാലാവസ്ഥയുമെല്ലാം ഒരുവേള സിനിമയെ നിർണയിക്കുന്നതായി കാണാം.
ഭ്രമാത്മകതയുടെയും വർത്തമാന യാഥാർഥ്യത്തിന്റെയും മേളപ്പെരുക്കമാണ് ചിത്രത്തിലുടനീളം. കഥാഗതിയെ അടിമുടി കീഴ്മേൽ മറിക്കുന്ന ട്വിസ്റ്റുകളൊക്കെ പ്രേക്ഷകനെ ആകർഷിക്കും. കണ്ടുതന്നെ അറിയേണ്ട സിനിമയാണിതെന്ന് പ്രേക്ഷകനോട് വിളിച്ചുപറയുന്നു ഷട്ടർ ഐലൻഡ്. ക്ലൈമാക്സ് സീനൊക്കെ അവിസ്മരണീയമാണ്. ലിയനാർഡോ ഡി കാപ്രിയോ എഡ്വേഡ് ടെഡി ഡാനിയൽസ് എന്ന കേന്ദ്ര കഥാപാത്രത്തെ അവിസ്മരണീയമാക്കിയിരിക്കുന്നു. സൈക്കോ ത്രില്ലർ വിഭാഗത്തിൽപെടുന്ന ഈ സിനിമക്ക് ലോകവ്യാപകമായി നിരൂപക ശ്രദ്ധ നേടാൻ കഴിഞ്ഞു.
മാർട്ടിൻ സ്കോസെസെ സംവിധാനം ചെയ്തിരിക്കുന്ന ഷട്ടർ ഐലൻഡ് 2010ലാണ് റിലീസ് ചെയ്തത്. 2003ൽ പ്രസിദ്ധീകരിച്ച ഡെന്നിസ് ലെഹാനയുടെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. തിരക്കഥ രചിച്ചിരിക്കുന്നത് ലായിത്ത കലേഗ്രഡിസ്. ലിയനാർഡോ ഡി കാപ്രിയോക്കൊപ്പം മാർക്ക് റുഫാലോ, ബെൻ കിങ്സ്‍ലി, എമിലി മോർട്ടിമെർ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.