Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right...

പാര്‍ശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലത്തെിക്കാന്‍ സാംസ്‌കാരിക ഇടപെടലുകള്‍ നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍

text_fields
bookmark_border
tribal students, Film Workshop
cancel
camera_alt

ഗോത്ര വിദ്യാര്‍ഥികള്‍ക്കായുള്ള ചലച്ചിത്ര ശില്‍പ്പശാല മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവരെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും മുഖ്യധാരയിലത്തെിക്കാനുള്ള സാംസ്‌കാരിക ഇടപെടലുകള്‍ നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കഴിവുകളുണ്ടായിട്ടും അവസരങ്ങളുടെ അഭാവം കാരണം മുന്നോട്ടുവരാന്‍ കഴിയാത്തവര്‍ക്ക് പ്രോല്‍സാഹനം പകരാനുള്ള പല പദ്ധതികളും ആസൂത്രണം ചെയ്തു നടപ്പാക്കിവരുകയാണ്. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് ചലച്ചിത്ര സംവിധാനത്തിന് ധനസഹായം നല്‍കുന്ന പദ്ധതി, വനിതകള്‍ക്കായുള്ള സമം പദ്ധതി എന്നിവയുടെ തുടര്‍ച്ചയാണ് ഗോത്രവിദ്യാര്‍ത്ഥികള്‍ക്കായുള്ള ചലച്ചിത്രപരിശീലനപരിപാടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ഗോത്രവിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അഞ്ചു ദിവസത്തെ ചലച്ചിത്രശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മലയാള സിനിമയ്ക്ക് 95 വര്‍ഷത്തെ ചരിത്രമുണ്ട്. എന്നാല്‍ ഗോത്രവിഭാഗങ്ങളില്‍നിന്നുള്ളവരുടെ പ്രാതിനിധ്യം മലയാള സിനിമയില്‍ നന്നേ കുറവാണ്. സമീപകാലത്ത് ഗോത്രവിഭാഗങ്ങളില്‍നിന്നും ചില പ്രതിഭകള്‍ ചലച്ചിത്രരംഗത്ത് ചുവടുറപ്പിക്കുന്നുണ്ട് എന്നത് ആശാവഹമായ കാര്യമാണ്. ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യ മലയാളി സംവിധായികയാണ് ലീല സന്തോഷ്. കേരളത്തിന് അകത്തും പുറത്തും നടന്ന ചലച്ചിത്ര നിര്‍മ്മാണ, പരിശീലന ശില്‍പ്പശാലകളില്‍ പങ്കെടുത്തുകൊണ്ടാണ് ലീല സിനിമ എന്ന സാങ്കേതിക കല സ്വായത്തമാക്കിയത്. ലീലയെപ്പോലെ പുതിയ പ്രതിഭകള്‍ ഈ ക്യാമ്പില്‍നിന്ന് ഉയര്‍ന്നുവരുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ രാവിലെ 11 മണിക്ക് നടന്ന ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ ഡെലിഗേറ്റ് കിറ്റിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. അഡ്വ. വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി.എസ് പ്രദീപ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ എന്‍. മായ ഐ.എഫ്.എസ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ക്യാമ്പ് ഡയറക്ടറും ചലച്ചിത്ര സംവിധായകനുമായ മനോജ് കാന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ചലച്ചിത്രനിരൂപകന്‍ പി പ്രേമചന്ദ്രന്‍ 'ചലച്ചിത്രാസ്വാദനത്തിന് ഒരു മുഖവുര' എന്ന വിഷയത്തില്‍ ക്‌ളാസെടുത്തു.

സംസ്ഥാനത്തെ 22 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 150 വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന രണ്ടു ശില്‍പ്പശാലകളില്‍ ആദ്യത്തേതാണ് തിരുവനന്തപുരത്ത് നടക്കുന്നത്. 75 വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. സിനിമയുടെ കലാപരവും തൊഴില്‍പരവുമായ സാധ്യതകള്‍ പരിചയപ്പെടുത്തുന്ന പ്രായോഗിക പരിശീലനപരിപാടിയില്‍ ചലച്ചിത്രരംഗത്തെ വിദഗ്ധര്‍ ക്‌ളാസുകള്‍ നയിക്കും. ക്യാമ്പിന്റെ ഭാഗമായി സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tribal studentsfilm workshop
News Summary - For tribal students Film Workshop
Next Story