അസംബ്ലിക്കിടെ ക്ലാസ് ടീച്ചർക്കടുത്ത് ഇരിക്കേണ്ടി വന്ന കുട്ടിയായി പൃഥ്വിരാജ്; ചിരിപടർത്തി മമ്മൂട്ടിയോടൊത്തുള്ള വിഡിയോ
text_fieldsമലയാളികളുടെ പ്രിയതാരം മോഹൻ ലാൽ ആദ്യമായി സംവിധായകനായി എത്തുന്ന 'ബറോസ്' എന്ന ചിത്രത്തിന്‍റെ പൂജ ചടങ്ങ് മലയാള ചലച്ചിത്ര ലോകം ആഘോഷമായി കൊണ്ടാടിയിരുന്നു. ലാലേട്ടന്‍റെ സംവിധാന അരങ്ങേറ്റത്തിന് തുടക്കം കുറിക്കുന്ന ചടങ്ങ് മലയാള ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെ ഒത്തുചേരൽ വേദി കൂടിയായിരുന്നു.
മമ്മൂട്ടി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ലാൽ, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉൾപ്പടെ പ്രമുഖർ ചടങ്ങിനെത്തിയിരുന്നു.
ചടങ്ങിനിടെ പകർത്തിയ ഒരു വിഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മലയാളത്തിലെ യുവസൂപ്പർ താരം പൃഥ്വിരാജും പ്രത്യക്ഷപ്പെടുന്നതാണ് വിഡിയോ. 'സ്കൂൾ അസംബ്ലിക്കിടെ അവിചാരിതമായി ക്ലാസ് ടീച്ചർക്കടുത്ത് ഇരിക്കേണ്ടി വരുന്ന കുട്ടി' എന്ന അടിക്കുറിപ്പോടെ മമ്മൂക്കയുടെ അടുത്ത് വന്നിരിക്കുന്ന പൃഥ്വിയുടെ മുഖഭാവങ്ങളാണ് വിഡിയോയിൽ.
മമ്മൂട്ടിയോട് നമസ്കാരം പറയുന്നതും ഹസ്തദാനം നൽകുന്നതുമെല്ലാം വിഡിയോയിൽ കാണാമെങ്കിലും ആദ്യാവസാനം വരെ ക്ലാസ് ടീച്ചറോടുള്ള ബഹുമാനം കൊണ്ട് വിനീതനായിരുക്കുന്ന വിദ്യാർഥിയുടെ ഭാവങ്ങളാണ് പൃഥ്വിരാജിന്‍റെ മുഖത്ത് മിന്നി മായുന്നത്.
മുരളി കൃഷ്ണൻ എന്നയാൾ ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോക്ക് താഴെ നിരവധി ആരാധകരാണ് കമന്‍റുകളുമായി എത്തുന്നത്. ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്.
2019 ഏപ്രിലിലാണ് സംവിധായകനാകാൻ പോകുന്ന വിവരം മോഹൻലാൽ തന്‍റെ ബ്ലോഗിലൂടെ അറിയിച്ചത്. കുട്ടികൾക്ക് വേണ്ടി ത്രീഡിയിൽ ഒരുങ്ങുന്ന ചിത്രത്തിന് ജിജോ പുന്നൂസാണ് തിരക്കഥ ഒരുക്കുന്നത്. സ്പാനിഷ് നടി പാസ് വേഗ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.