22 വർഷങ്ങൾക്ക് ശേഷം ബോക്സോഫീസ് ഭരിച്ച് സണ്ണി ഡിയോൾ; ഗദർ-2 മൂന്ന് ദിവസം കൊണ്ട് നേടിയത്
text_fieldsസണ്ണി ഡിയോളിനെയും അമീഷ പട്ടേലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അനിൽ ശർമ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഗദർ- ഏക് പ്രേം കഥ’. 2001-ൽ റിലീസായ ചിത്രം അക്കാലത്ത് സൃഷ്ടിച്ച ബിസിനസ് 265 കോടി രൂപയോളമായിരുന്നു. ബോളിവുഡിൽ ഇന്നത്തെ കാലത്ത് ഒരു മെഗാ ഹിറ്റ് സിനിമ നേടുന്ന കളക്ഷനാണ് 22 വർഷങ്ങൾക്ക് മുമ്പ് ഗദർ സ്വന്തമാക്കിയത്. ഗദറിന്റെ രണ്ടാം ഭാഗം ഇക്കഴിഞ്ഞ ആഗസ്ത് 11-നായിരുന്നു റിലീസ് ചെയ്തത്.
ഏറെ കാലമായി ബോളിവുഡിൽ കാര്യമായി സാന്നിധ്യമറിയിക്കാത്ത സണ്ണി ഡിയോളിന്റെ താരാ സിങ്ങായുള്ള രണ്ടാം വരവ് ആളുകൾ നെഞ്ചേറ്റിയിരിക്കുകയാണ്. ഗദർ ഒന്നാം ഭാഗം ബോക്സോഫീസിലുണ്ടാക്കിയ പണക്കിലുക്കം ഓർമിപ്പിക്കും വിധമാണ് ഗദർ രണ്ടാം ഭാഗത്തിന്റെയും കുതിപ്പ്.
റിലീസ് ദിനമായ വെള്ളിയാഴ്ച ചിത്രം രാജ്യത്ത് നിന്നും വാരിക്കൂട്ടിയത് 40.10 കോടി രൂപയായിരുന്നു. രണ്ടാമത്തെ ദിവസം 43.08 കോടിയും ഞായറാഴ്ച ഏവരെയും ഞെട്ടിച്ച 51.70 കോടി രൂപയുമാണ് ഗദർ നേടിയത്. അങ്ങനെ മൂന്ന് ദിവസങ്ങൾ കൊണ്ട് ചിത്രം 134.88 കോടി രൂപ സ്വന്തമാക്കിയതായി ട്രേഡ് അനലിസ്റ്റായ തരൺ ആദർശ് ട്വിറ്ററിൽ കുറിച്ചു.
അക്ഷയ് കുമാറിന്റെ ഓ മൈ ഗോഡ് 2 എന്ന ചിത്രവുമായാണ് ഗദർ-2 മത്സരിക്കുന്നത്. സണ്ണി ഡിയോൾ ചിത്രത്തിന് സോളോ റിലീസ് ലഭിച്ചിരുന്നെങ്കിൽ ചിത്രം വാരാന്ത്യ ബിസിനസിൽ ഒരു 30 കോടി രൂപ കൂടി ചേർത്തേനെ എന്നും തരൺ ആദർശ് കുറിച്ചു. എന്തായാലും ആദ്യ ആഴ്ചയിൽ തന്നെ 200 കോടി രൂപ ചിത്രം ഇന്ത്യൻ ബോക്സോഫീസിൽ നിന്ന് നേടുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.