ഗോവ ചലച്ചിത്രോത്സവത്തിന് വർണാഭ തിരശീല; ടോക്സിക് മികച്ച സിനിമ, ബോഗ്ദൻ മുറെ സാനു സംവിധായകൻ
text_fieldsപനാജി: ഗോവ നഗരത്തിന്‍റെ ജീവനാഡിയായ മണ്ഡോവി നദിയുടെ തീരത്ത് 10 ദിനരാത്രങ്ങളിലായി കാഴ്ചയുടെ വസന്തമൊരുക്കിയ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരശ്ശീല. പഞ്ചിമിലെ പ്രധാന അരങ്ങായ ഐനോക്സിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളുടെ കണ്ണും മനസും നിറച്ചാണ് മേള ചമയങ്ങളഴിച്ചു വെക്കുന്നത്.
81 രാജ്യങ്ങളിൽ നിന്നായി 180 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ലിത്വാനിയയിൽ നിന്നെത്തിയ ടോക്സിസിക് സുവർണ ചകോരത്തിന് അർഹമായി. 40 ലക്ഷം രൂപയാണ് സമ്മാന തുക. മോഡലിങ് രംഗത്തെത്താനുള്ള രണ്ട് കൗമാരക്കാരികളുടെ യാത്രയും തുടർന്നുണ്ടാവുന്ന സംഭവങ്ങളും മനോഹരമായി ചിത്രീകരിച്ച സിനിമയാണിത്. മികച്ച നടിക്കുള്ള പുരസ്കാരവും സിനിമ നേടി.
വിഖ്യാത ബോളിവുഡ് സംവിധായകൻ അശുതോഷ് ഗൗരിക്കറുടെ നേതൃത്വത്തിലുള്ള ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ദൃശ്യവിസ്മയങ്ങളുടെ മഴവിൽ സംഗമമായി മാറിയ ഉത്സവത്തിന്‍റെ മത്സരവിഭാഗത്തിൽ മാറ്റുരച്ച ചിത്രങ്ങൾ ഏറെയും ഒന്നിനൊന്ന് മികച്ചവയായിരുന്നു. മേളയുടെ നാൾ വഴികളിൽ ഇതാദ്യമായി നവാഗത സിനിമക്കുള്ള പുരസ്കാരവും ഏർപ്പെടുത്തിയിരുന്നു. അമേരിക്കൻ സിനിമയായ ഫെമിലിയർ ടച്ച് മികച്ച നവാഗത സിനിമയായി. ഹോളി കൗ എന്ന ചിത്രത്തിലെ പ്രകാനത്തിന് ഫ്രഞ്ച് നടൻ ക്ലമൻ്റ് മികച്ച നടനായി.
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ബ്ലസിയുടെ ആട് ജീവിതം, ബോളിവുഡിൽ നിന്നുള്ള ആർട്ടിക്കിൾ 370, മറാത്തി ചിത്രമായ റാവ് സാഹേബ് എന്നിവയായിരുന്നു മത്സരവിഭാഗത്തിലെ ഇന്ത്യൻ സാന്നിധ്യം. 14 ചിത്രങ്ങളാണ് മാറ്റുരച്ചത്. നവാഗത സിനിമക്കുള്ള മത്സര വിഭാഗത്തിൽ രാഗേഷ് നാരായണൻ സംവിധാനം ചെയ്ത മലയാള ചിത്ര തണുപ്പ് ഇടം പിടിച്ചിരുന്നു.
ആസ്ത്രേലിയയിൽ നിന്നുള്ള ചിത്രങ്ങൾക്കാണ് ഇത്തവണ പ്രത്യേക ഫോക്കസ് നൽകിയിരുന്നത്. വിഖ്യാത ഹോളിവുഡ് നടൻ ഹ്യൂഗോ വാലസ് വേഷമിട്ട റൂസ്റ്ററായിരുന്നു ആസ്ത്രേലിയയിൽ നിന്നുള്ള പ്രധാന ചിത്രങ്ങളിലൊന്ന്. മെട്രിക്സ് പോലെയുള്ള വമ്പൻ സിനിമകളിൽ അഭിനയിച്ച ഹ്യൂഗോ വാലസിന്‍റെ സാന്നിധ്യം ചലച്ചിത്ര പ്രേമികളെ ആവേശഭരിതരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.