പ്രേക്ഷകർ സ്വീകരിച്ച ഗോകുലിനെ ജൂറിയും അംഗീകരിച്ചു
text_fieldsകോഴിക്കോട്: ‘സിനിമക്കുവേണ്ടി നൽകിയ പ്രയത്നത്തിനുള്ള അംഗീകാരമാണ് ഈ പരാമർശം. സിനിമ റിലീസായ ശേഷം ജനങ്ങളുടെ പ്രതികരണത്തിലൂടെ ഹക്കീം എന്ന കഥാപാത്രത്തെ അംഗീകാരിച്ചതായി മനസ്സിലായിരുന്നു. സിനിമയെ നെഞ്ചിലേറ്റിയ പ്രേക്ഷകരോട് ഒരു പാട് നന്ദിയുണ്ട്- ‘ആടുജീവിത’ത്തിലെ ഹക്കീം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നായകകഥാപാത്രത്തോളം മാറ്റുരച്ച് ജൂറിയുടെ പ്രത്യേക പരാമർശം നേടിയ നവാഗത നടൻ കെ.ആർ. ഗോകുൽ പറഞ്ഞു. സിനിമയോടുള്ള അഭിനിവേശം കാരണം ബിരുദ വിദ്യാഭ്യാസംപോലും പൂർത്തിയാക്കാതെ സിനിമാരംഗത്ത് എത്തിയ ഗോകുലിന്റെ കഠിനാധ്വാനത്തിനുള്ള അംഗീകാരം കൂടിയായി ജൂറിയുടെ പരാമർശം. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ‘നഗ്നനായ തമ്പുരാൻ’ എന്ന നാടകത്തിൽ തമ്പുരാനായി അഭിനയച്ച് മികച്ച നടനുള്ള പുരസ്കാരം നേടിയ ഗോകുൽ ‘ ഭാവി മലയാള നടൻ’ എന്ന് കാണികളിൽ അടയാളപ്പെടുത്തിയിരുന്നു.
ആടുജീവിതത്തിലെ അഭിനയത്തിനുശേഷം നിരവധി അവസരങ്ങളാണ് ഗോകുലിനെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. ജയരാജ് സംവിധാനം ചെയ്യുന്ന ‘ശാന്തമീ രാത്രി’യിൽ ഷൂട്ടിങ് കഴിഞ്ഞു. വിനോദ് രാമൻ നായർ സംവിധാനംചെയ്യുന്ന ‘മ്ലേച്ചൻ’ എന്ന സിനിമയുടെ ഷൂട്ടിങ് അടുത്തുതന്നെ ആരംഭിക്കും.
സിനിമാഭിനയുമായി കൊച്ചിയിലുള്ള ഗോകുൽ ജൂറി പരാമർശം അറിഞ്ഞയുടൻ പിതാവ് രാമകൃഷ്ണ ഹരിയെയും മാതാവ് പെരുമണ്ണ എൽ.പി സ്കൂൾ അധ്യാപികയായ ശ്രീജയെയും വിളിച്ച് സന്തോഷം പങ്കുവെച്ചു. എറണാകുളത്തുള്ള ഗ്രാഫിക്ക് ഡിസൈനറായ സഹോദരൻ രാഹുലിനും ഭാര്യ അഞ്ജനക്കും സന്തോഷം അടക്കാനാവുന്നില്ല. ‘തന്റെ കഴിവിനെ പുറത്തെടുക്കാൻ സംവിധായകൻ ബ്ലെസ്സി സാർ നന്നായി സഹായിച്ചു. ആദ്യ ഷെഡ്യൂളിൽ അസി. ഡയറക്ടറായി കാമറക്ക് പിന്നിൽ നിന്നതുകൊണ്ട് രണ്ടാമത്തെ ഷെഡ്യൂളിൽ കാമറക്ക് മുന്നിൽ നിൽക്കാൻ കുറച്ചുകൂടെ എളുപ്പമായി. സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവരുടെയും സഹകരണമാണ് തന്റെ റോൾ നന്നായി ചെയ്യാൻ സഹായിച്ചത്’- ഗോകുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.