പ്രേക്ഷകർക്ക് ഇന്‍ററാക്ടീവ് എ.ആർ അനുഭവമൊരുക്കി ‘ഗോളം’; ആദ്യ മലയാള ചിത്രം
text_fieldsകൊച്ചി: രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, ചിന്നു ചാന്ദ്‌നി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന മിസ്റ്ററി ക്രൈം ത്രില്ലർ 'ഗോള'ത്തിന്‍റെ മാർക്കറ്റിങ്ങിന് ഇന്‍ററാക്ടീവ് എ.ആർ (ഓഗ്മെന്‍റഡ് റിയാലിറ്റി) അനുഭവം അവതരിപ്പിച്ച് അണിയറ പ്രവർത്തകർ. മലയാള സിനിമയിൽ ആദ്യമായാണ് പ്രേക്ഷകർക്ക് ഇടപഴകാൻ സാധിക്കുന്ന പ്രതീതി അവതരിപ്പിക്കുന്നത്. നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ചിത്രം ഫ്രാഗ്രന്‍റ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി ആനും സജീവുമാണ് നിർമിക്കുന്നത്.
സിനിമയിലെ ഒരു പ്രധാന രംഗം പശ്ചാത്തലമായി ഒരുക്കിയിട്ടുള്ള ഇന്‍ററാക്ടീവ് എ.ആർ എക്സ്പീരിയൻസിൽ പ്രേക്ഷകർക്ക് 360 ഡിഗ്രിയിലും ഇടപഴകൽ സാധ്യമാകുന്നു. പ്രേക്ഷകർക്ക് സ്മാർട്ട് ഫോണിലോ, ടാബ്‌ലറ്റിലോ, ലിങ്ക് വഴിയോ, ക്യു.ആർ കോഡ് സ്‌കാൻ ചെയ്തോ എവിടെയും എളുപ്പത്തിൽ ഇത് ഉപയോഗിക്കാം. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെറ്റാവിയൻ ടെക്നോളജീസ് സി.ഇ.ഒ അനുപം സൈകിയയും സീനിയർ ടെക്നോ-ക്രിയേറ്റീവ് അസോസിയേറ്റായ നാരായൺ നായർ, മനോജ് മേനോൻ എന്നിവരും അടങ്ങുന്ന ടീമാണ് എ.ആർ എക്സ്പീരിയൻസ് 'ഗോള'ത്തിനായി തയാറാക്കിയത്.
ഇന്‍ററാക്ടീവ് എ.ആർ ഉപയോഗിച്ചുള്ള മാർക്കറ്റിങ് സാധ്യത 'ഗോള'ത്തിന് മാത്രമല്ല, കേരളത്തിലെ ചലച്ചിത്ര വ്യവസായത്തിൽതന്നെ ഒരു നാഴികക്കല്ലാണ്. ഇമേജ്-വിഡിയോ എഡിറ്റിങ്, 3D മോഡലിങ്, ആനിമേഷൻ തുടങ്ങിയവ കൂടാതെ ആഴത്തിലുള്ള അനുഭവം ഒരുക്കുന്നതിന് ന്യൂതന സോഫ്റ്റ് വെയറുകളും എ.ഐ സാങ്കേതികതയും ഉപയോഗിച്ചു. സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പഴഞ്ചൻ രീതികൾ മാറി പുത്തൻ സാങ്കേതികതയുടെ പിൻബലത്തിൽ പ്രേക്ഷകർകൂടി ഭാഗമാകുന്ന ഈ ശ്രമം, സിനിമയിലെ മാർക്കറ്റിങ്-കമ്യൂണിക്കേഷൻ രംഗത്ത് ഒരു പുതിയ തുടക്കമാകും.
സണ്ണി വെയിൻ, സിദ്ദിഖ്, അലൻസിയർ തുടങ്ങിയവരും ചിത്രത്തിൽ മുഖ്യവേഷങ്ങൾ കൈകാര്യം ചെയ്യുന്നു. പ്രവീൺ വിശ്വനാഥും സംജാദുമാണ് 'ഗോള'ത്തിന്‍റെ രചന നിർവഹിച്ചത്. ഉദയ് രാമചന്ദ്രനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വിജയ് ഛായാഗ്രഹണം നിർവഹിക്കുന്നു. എബി സാൽവിൻ തോമസ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്‍റെ ഗാനങ്ങൾ രചിച്ചത് വിനായക് ശശികുമാർ. ചിത്രസമ്മിശ്രണം മഹേഷ് ഭുവനേന്ദും ശബ്ദരൂപകല്പന വിഷ്ണു ഗോവിന്ദും, ശബ്ദമിശ്രണം വിഷ്ണു സുജാതനും നിർവഹിക്കുന്നു. പ്രതീഷ് കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടറായും നിമേഷ് താനൂർ കലാ സംവിധായകനായും പ്രവർത്തിച്ചു.
പ്രൊഡക്ഷൻ കൺട്രോളർ ജിനു പി.കെ. ശ്രീക് വാര്യർ കളർ ഗ്രേഡിങ്ങും ബിനോയ് നമ്പാല കാസ്റ്റിങ്ങും നിർവഹിച്ചു. മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിൽ, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണൻ. വിഷ്വൽ ഇഫക്ട്സ് പിക്‌റ്റോറിയൽ എഫ്എക്‌സ്, സ്റ്റിൽ ഫോട്ടോഗ്രാഫി ജെസ്റ്റിൻ ജെയിംസ്. ഈമാസം ഏഴിന് ചിത്രം തിയറ്ററുകളിലെത്തും. എ.ആർ ലിങ്ക്: https://golamar.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.