ആർ.ആർ.ആറിലെ 'നാട്ടു നാട്ടു' ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം
text_fields2023 ലെ ഗോൾഡൻ ഗ്ലോബ് കാലിഫോർണിയയിലാണ് നടക്കുന്നത്. ഈ വർഷത്തെ അവാർഡ് ഷോ നിരവധി കാരണങ്ങളാൽ സവിശേഷമാണ്. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ഇന്ത്യൻ സിനിമയായ ആർആർആറിന് ഈ വർഷത്തെ ആദ്യ ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചു. മികച്ച ഗാനത്തിനും മികച്ച ചിത്രത്തിനുമായി രണ്ട് നോമിനേഷനുകളാണ് ചിത്രം നേടിയത്.
മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്. പ്രശസ്ത സംഗീത സംവിധായകൻ എം.എം കീരവാണിയാണ് 'നാട്ടു നാട്ടു' ഗാനത്തിന് സംഗീതം നല്‍കിയത്. കാലഭൈരവ, രാഹുല്‍ സിപ്‌ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്.
ടെയ്‌ലർ സ്വിഫ്റ്റിന്റെ കരോലിന ക്രോഡാഡ്‌സ്, ഗില്ലെർമോ ഡെൽ ടോറോയുടെ സിയാവോ പാപ്പാ, ലേഡി ഗാഗയുടെ ഹോൾഡ് മൈ ഹാൻഡ്, മാവെറിക്ക് റിഹാനയുടെ ലിഫ്റ്റ് മി അപ്പ് എന്നീ നാല് നോമിനേഷനുകളെ പിന്തള്ളിയാണ് ആർആർആറിലെ 'നാട്ടു നാട്ടു' ഗാനം ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയത്.
ഇംഗ്ലീഷ് ഇതര സിനിമകൾക്കുള്ള മികച്ച ചിത്രത്തിനുള്ള നോമിനേഷനും ഈ തെലുങ്ക് ഭാഷാ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ നാല് ഭാഷകളിലും ഇറങ്ങിയ ഈ ചിത്രം ഏകദേശം 1200 കോടി രൂപയാണ് ലോകമെമ്പാടുമായി കളക്ഷൻ നേടിയത്. രാം ചരൺ, ജൂനിയർ എൻടിആർ, അജയ് ദേവ് ഗൺ, ആലിയ ഭട്ട് തുടങ്ങിയ വൻ താരനിര സിനിമയിലുണ്ട്.
അവാർഡ് ഷോയിൽ സംവിധായകൻ എസ്.എസ് രാജമൗലി, രാം ചരൺ, ജൂനിയർ എൻ.ടി.ആർ എന്നിവരും അണിയറപ്രവർത്തകർക്കൊപ്പം ഉണ്ടായിരുന്നു. എം.എം കീരവാണി അവാർഡ് ഏറ്റുവാങ്ങി ലോകമെമ്പാടുമുള്ള ആരാധകർക്ക് നന്ദി പറഞ്ഞ് സന്തോഷം പങ്കുവെച്ചു. രാജ്യാന്തര തലത്തിൽ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.