2020ൽ ലോകം ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമകൾ; ഗൂഗിൾ ട്രെൻഡ് നൽകുന്ന സൂചനകൾ
text_fields2020ൽ ലോകം ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമയെപറ്റിയുള്ള വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഗൂഗിൾ. ഇതോടൊപ്പം ആദ്യ 10ൽ ഇടംപിടിച്ച സിനിമകളുടെ ലിസ്റ്റും പുറത്തുവിട്ടിട്ടുണ്ട്.
1.പാരസൈറ്റ്
ഓസ്കാർ നേടിയ കൊറിയൻ സിനിമയായ പാരസൈറ്റ് ആണ് കഴിഞ്ഞ വർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട സിനിമ. ദക്ഷിണ കൊറിയൻ സംവിധായകൻ ബോങ് ജൂൺ ഹോ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഓസ്കാർ പുരസ്കാരങ്ങളിൽ നാലെണ്ണം പാരസൈറ്റ് സ്വന്തമാക്കിയിരുന്നു. മികച്ച ചിത്രം, സംവിധായകൻ, തിരക്കഥ, അന്താരാഷ്ട്ര സിനിമ എന്നീ പുരസ്കാരങ്ങളാണ് പാരസൈറ്റിന് ലഭിച്ചത്. സിയോളിൽ നിന്നുള്ള ദരിദ്ര കുടുംബത്തിന്‍റെ കഥപറഞ്ഞ സിനിമ വ്യാപകമായി അന്താരാഷ്ട്ര നിരൂപക പ്രശംസ നേടുകയുണ്ടായി. ദരിദ്രരായ നാല് വ്യക്തികളുള്ള കിം കുടുംബത്തിന്‍റെ കഥയാണ് പാരസൈറ്റ് പറയുന്നത്.
2.1917
ഇംഗ്ലീഷ് സംവിധായകൻ സാം മെൻഡിസിന്‍റെ യുദ്ധ സിനിമയാണ് 1917. ക്രിസ്റ്റി വിൽസൺ-കെയ്‌ൻസിനൊപ്പം ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നതും സാം മെൻഡിസ് തന്നെയാണ്. 71 കാരനായ ഛായാഗ്രാഹക വിസ്മയം റോജർ ഡീക്കിൻസിന്‍റെ പ്രതിഭ പൂർണമായും വെളിപ്പെട്ട സിനിമയായയാണ് 1917 വിലയിരുത്തപ്പെടുന്നത്. ലോങ് ഷോട്ടുകളിൽ സിനിമ പൂർത്തിയാക്കിയ ശേഷം ഇവ വിദഗ്ധമായി സംയോജിപ്പിച്ച് ഒറ്റ ഷോട്ടിന്‍റെ പ്രതീതി സൃഷ്ടിക്കുകയായിരുന്നു. മികച്ച സിനിമാട്ടോഗ്രാഫി, വിഷ്വൽ എഫക്ട്, സൗണ്ട് മിക്സിങ് എന്നിവക്ക് ഓസ്കാർ ലഭിച്ചു.
3. ബ്ലാക്ക് പാന്തർ
അമേരിക്കൻ സംവിധായകൻ റയാൻ കൂഗ്ലറുടെ മാസ്റ്റർപീസാണ് ബ്ലാക്ക് പാന്തർ. സിനിമയിലെ പ്രധാന നടൻ ചാഡ്വിക് ബോസ്മാന്‍റെ നിര്യാണത്തെത്തുടർന്ന് ഈ വർഷം ഏറ്റവുമധികം ആളുകൾ തിരഞ്ഞ സിനിമകളിൽ ഒന്നായി ബ്ലാക്ക് പാന്തർ മാറി. ലോകത്തെ ആദ്യത്തെ ബ്ലാക് സൂപ്പർഹീറോ സിനിമയാണ് ബ്ലാക് പാന്തർ.
4. 365 ഡേയ്സ്
പോളിഷ് സിനിമയായ 365 ഡേയ്സ്, ബ്ലാങ്ക ലിപിൻസ്ക എഴുതിയ ട്രിലജിയിലെ ആദ്യ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ബാർബറ ബിലോവ്സ്ക തോമസ് മാൻഡെസ് എന്നിവർ ചേർന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇറ്റാലിയൻ പോളിഷ് ഭാഷകളിൽ സിനിമ പുറത്തിറങ്ങിയിട്ടുണ്ട്.
5. കന്‍റാജിയോൺ
അമേരിക്കൻ ഡയറക്ടർ സ്റ്റീവൻ സോഡർബർഗ് സംവിധാനംചെയ്ത സിനിമയാണ് കന്‍റാജിയോൺ. 2011ൽ പുറത്തിറങ്ങിയ സിനിമ കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ടാണ് 2020ൽ ട്രെൻഡിങായി മാറിയത്. മാരകവുമായ വൈറസിന്‍റെ വ്യാപനത്തെക്കുറിച്ചും ആരോഗ്യ വിദഗ്ധർ രോഗശമനം കണ്ടെത്തുന്നതിനെക്കുറിച്ചുമാണ് സിനിമയുടെ പ്രതിപാദ്യ വിഷയം. കൊറോണ വൈറസ് ലോക്ഡൗൺ ദിവസങ്ങളിൽ ആളുകൾക്ക് വളരെ താദാത്മ്യം പ്രാപിക്കാൻ കഴിഞ്ഞ സിനിമയെന്ന നിലവിലാണ് കന്‍റാജിയോൺ വിലയിരുത്തപ്പെടുന്നത്.
ക്രിസ്റ്റഫർ നോളന്‍റെ 'ടെനറ്റ്', ഷെൻലക്ഹോംസിന്റെ സഹോദരിയുടെ കഥ പറഞ്ഞ 'എനോള ഹോംസ്', ഹോളിവുഡ് സിനിമയായ ബേർഡ്സ് ഓഫ് പ്രെ, ഡിസ്നിയുടെ ചൈനീസ് വനിതാ പോരാളിയുടെ കഥ പറഞ്ഞ 'മുലാൻ', ഹിറ്റ്ലറും ഫാഷസവുമൊക്കെ വിഷയമായ 'ജോജോ റാബിറ്റ്' എന്നിവയാണ് ഗൂഗിളിൽ ട്രെൻഡിങായ മറ്റ് സിനിമകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.