ഇത് പട്ടി ഷോയല്ല സാർ; കനിവാണ് സ്നേഹമാണ് സന്തോഷമാണ് -ഗോപി സുന്ദർ
text_fieldsസമൂഹമാധ്യമങ്ങളിൽ തന്നെ ട്രോളിയവർക്ക് മറുപടിയുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ. കഴിഞ്ഞ ദിവസം വളർത്തുനായ്ക്കളെ നോക്കാൻ ആളെ ആവശ്യമുണ്ടെന്ന് കാട്ടി ഗോപീ സുന്ദർ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിനെ പരിഹസിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. എന്നാൽ തെൻറ ആവശ്യം തമാശയല്ലെന്നും പരിഹസിക്കപ്പെടേണ്ടതല്ലെന്നുമാണ് ഗോപി പുതിയ കുറിപ്പിൽ പറയുന്നത്. 'സോഷ്യൽ മീഡിയ ഇരുവശമുളള നാണയമാണ് .എത്രത്തോളം പോസിറ്റിവിറ്റിയുണ്ടോ അത്രത്തോളം നെഗറ്റിവിറ്റിയുമുണ്ടാകും . പ്രശംസയുടെ അതേ അളവിൽ തന്നെ തെറിവിളിയും കിട്ടും. സോഷ്യൽ മീഡിയയുടെ തലോടൽ വേണ്ടുവോളം കിട്ടിയിട്ടുള്ള ആളാണ് ഞാൻ. അത്രതന്നെയോ അതിലധികമോ തല്ലലും കിട്ടിയിട്ടുണ്ട്. അത് രണ്ടും അതേ സ്പിരിറ്റിൽ തന്നെയാണ് ഉൾക്കൊള്ളാറുള്ളത്. വ്യക്തിപരമായോ ,തൊഴിൽ പരമായോ ഉള്ള ഒരു വിമർശനത്തിനും പ്രതികരിക്കാറില്ല. പ്രശംസകളിൽ കൂടുതൽ സന്തോഷിക്കാറുമില്ല'-അദ്ദേഹം എഴുതുന്നു.
വർഷങ്ങളായി താൻ നായ്കളെ വളർത്താറുണ്ടെന്നും ഇവിയിൽ ഭൂരിഭാഗവും വഴിയരികിൽ നിന്ന് കിട്ടിയതാണെന്നും ഗോപി പറയുന്നു. ഇവയുടെ മോൽനോട്ടം നടത്തിയിരുന്ന ആൾ ജോലി മതിയാക്കി പോകുന്നതിനാലാണ് പുതിയ ആളെ തേടിയത്. 'കഴിഞ്ഞ 10 വർഷമായി വീട്ടിൽ പട്ടികളെ വളർത്തുന്നുണ്ട്. ഇഷ്ടം കൊണ്ടാണ് ആഗ്രഹം കൊണ്ടാണ്. അത് സന്തോഷം തരുന്നതുകൊണ്ടാണ്. ഇപ്പോൾ ഏഴ് പട്ടികളുണ്ട്. ഇതിൽ ഭൂരിഭാഗവും വഴിയോരത്ത് നിന്ന് കിട്ടിയവയാണ്. ഇവയെ പരിപാലിക്കുക വലിയ ജോലിയാണ്. അതു കൊണ്ടു തന്നെ ഏറെ കാലമായി ഒരു ജോലിക്കാരനെ വച്ചിട്ടുണ്ട്. ഇപ്പോൾ അയാൾ ജോലിയിൽ നിന്ന് വിരമിച്ച് നാട്ടിലേക്ക് പോകുന്നു. ആ സമയത്താണ് പുതിയ ഒരു ജോലിക്കാരനായി പരസ്യം കൊടുത്തത് . (ഈ ദുരിതകാലത്ത് അങ്ങനെ ഒരാൾക്ക് ജോലി കിട്ടിയാൽ അതൊരു കുടുംബത്തിന് സഹായമാകുമല്ലൊ എന്ന തോന്നലും അതിലുണ്ടായി)'-ഗോപി കുറിച്ചു.
മോശം കാര്യങ്ങൾക്ക് സോഷ്യൽ മീഡിയയിലെ പുതിയ പേരാണ് പട്ടി ഷോ എന്നും പക്ഷെ അത്രത്തോളം മോശക്കാരല്ല പട്ടികൾ എന്നും ഗോപി പറയുന്നു. 'മോശം കാര്യങ്ങൾക്ക് സോഷ്യൽ മീഡിയയിലെ പുതിയ പേരാണ് പട്ടി ഷോ. പക്ഷെ അത്രത്തോളം മോശക്കാരല്ല സർ പട്ടികൾ. അവയോട് സ്നേഹവും കരുണയും സഹാനുഭൂതിയും കാണിക്കണമെന്നല്ല പറയുന്നത് അത് കാണിക്കുന്നവരെ വെറുതെ വിടുകയെങ്കിലും ചെയ്യുക.'-അദ്ദേഹം എഴുതി.ഇത് കാശിെൻറ തിളപ്പമല്ലെന്നും കനിവാണ് സ്നേഹമാണ് സന്തോഷമാണെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. എഫ്.ബി പോസ്റ്റിെൻറ പൂർണരൂപം.
കാശുകൂടിയിട്ടുള്ള കഴപ്പല്ല സർ
സോഷ്യൽ മീഡിയ ഇരുവശമുളള നാണയമാണ്. എത്രത്തോളം പോസിറ്റിവിറ്റിയുണ്ടോ അത്രത്തോളം നെഗറ്റിവിറ്റിയുമുണ്ടാകും. പ്രശംസയുടെ അതേ അളവിൽ തന്നെ തെറിവിളിയും കിട്ടും. സോഷ്യൽ മീഡിയയുടെ തലോടൽ വേണ്ടുവോളം കിട്ടിയിട്ടുള്ള ആളാണ് ഞാൻ. അത്രതന്നെയോ അതിലധികമോ തല്ലലും കിട്ടിയിട്ടുണ്ട്. അത് രണ്ടും അതേ സ്പിരിറ്റിൽ തന്നെയാണ് ഉൾക്കൊള്ളാറുള്ളത്. വ്യക്തിപരമായോ, തൊഴിൽ പരമായോ ഉള്ള ഒരു വിമർശനത്തിനും പ്രതികരിക്കാറില്ല. പ്രശംസകളിൽ കൂടുതൽ സന്തോഷിക്കാറുമില്ല.
ഇവിടെ പ്രതികരിച്ചു കൊണ്ട് നാല് വരി എഴുതുന്നത് എന്നെ കുറിച്ച് മാത്രമല്ലാത്ത കാര്യമായതുകൊണ്ടാണ്. നമ്മളെ പോലെത്തന്നെ ഈ ഭൂമിയുടെ അവകാശികളായ കുറച്ച് മിണ്ടാപ്രാണികളുടെ കൂടികാര്യമായതുകൊണ്ടാണ്. കഴിഞ്ഞ പത്ത് വർഷമായി വീട്ടിൽ പട്ടികളെ വളർത്തുന്നുണ്ട്. ഇഷ്ടം കൊണ്ടാണ് ആഗ്രഹം കൊണ്ടാണ്. അത് സന്തോഷം തരുന്നതുകൊണ്ടാണ്. ഇപ്പോൾ 7 പട്ടികളുണ്ട്. ഇതിൽ ഭൂരിഭാഗവും വഴിയോരത്ത് നിന്ന് കിട്ടിയവയാണ് . മനുഷ്യൻ കലിപ്പ് തീർക്കാൻ ,വെട്ടും കൊലയും പരിശീലക്കാൻ , കാലോ കയ്യോ വെട്ടിയിട്ട പാവങ്ങളും ഇതിലുണ്ട്. ഇത് ഔദാര്യമോ കരുണയോ ഒന്നുമായി പറയുന്നില്ല. അതിനുമപ്പുറം സന്തോഷമാണ്. ഇവയെ പരിപാലിക്കുക വലിയ ജോലിയാണ്. അതു കൊണ്ടു തന്നെ ഏറെ കാലമായി ഒരു ജോലിക്കാരനെ വച്ചിട്ടുണ്ട്. ഇപ്പോൾ അയാൾ ജോലിയിൽ നിന്ന് വിരമിച്ച് നാട്ടിലേക്ക് പോകുന്നു. ആ സമയത്താണ് പുതിയ ഒരു ജോലിക്കാരനായി പരസ്യം കൊടുത്തത് . (ഈ ദുരിതകാലത്ത് അങ്ങനെ ഒരാൾക്ക് ജോലി കിട്ടിയാൽ അതൊരു കുടുംബത്തിന് സഹായമാകുമല്ലൊ എന്ന തോന്നലും അതിലുണ്ടായി)
മോശം കാര്യങ്ങൾക്ക് സോഷ്യൽ മീഡിയയിലെ പുതിയ പേരാണ് പട്ടി ഷോ.. പക്ഷെ അത്രത്തോളം മോശക്കാരല്ല സർ പട്ടികൾ . അവയോട് സ്നേഹവും കരുണയും സഹാനുഭൂതിയും കാണിക്കണമെന്നല്ല പറയുന്നത് അത് കാണിക്കുന്നവരെ വെറുതെ വിടുകയെങ്കിലും ചെയ്യുക. എെൻറ ഈ particular post നെ ട്രോളിയവരോട് ,അത് വാർത്തയാക്കുന്നവരോട് ഏറെ വിനയത്തോടെ ഒന്നേ പറയാനുള്ളു ഇത് കാശിൻ്റെ തിളപ്പമല്ല സർ, കനിവാണ് സ്നേഹമാണ് സന്തോഷമാണ് .കാശുണ്ടങ്കിലും ഇല്ലങ്കിലും ഉള്ളതിലൊരു പങ്കെടുത്ത് ഞാനിത് ചെയ്തുകൊണ്ടേയിരിക്കുന്നു.
സ്നേഹം
ഗോപീസുന്ദർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.