സര്‍ക്കാറിന്‍റെ സിനിമ ടിക്കറ്റ് ബുക്കിങ് ആപ്പിന് തുരങ്കം വെച്ചത് ബി. ഉണ്ണികൃഷ്ണൻ -ആരോപണവുമായി നടൻ ഉണ്ണി ശിവപാൽ
text_fieldsകൊച്ചി: സിനിമ ടിക്കറ്റുകൾ ബുക്കുചെയ്യാൻ സർക്കാർ ആവിഷ്‌കരിച്ച ‘എന്റെ ഷോ’ മൊബൈൽ ആപ്പിനും വെബ്‌സൈറ്റിനും തുരങ്കംവെച്ചത് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനാണെന്ന ആരോപണവുമായി നടൻ ഉണ്ണി ശിവപാൽ. സർക്കാറിനും സിനിമാ വ്യവസായത്തിനും സിനിമാ പ്രേക്ഷകർക്കും ആകെമൊത്തം ഗുണം ചെയ്യേണ്ടിയിരുന്ന ഈ പ്രോജക്‌റ്റ് സർക്കാർ ഉടമസ്ഥതയിൽ നടപ്പിൽ വരുത്താൻ അനുവദിക്കാതെ തല്പര കക്ഷികൾക്ക് നേട്ടം കൊയ്യാൻ ഒത്താശ ചെയ്തുകൊടുത്തത് സംഘടനാ തലപ്പത്തിരുന്ന് പവർ പൊളിറ്റിക്സ് കളിക്കുന്ന ബി. ഉണ്ണികൃഷ്ണനാണെന്ന് ഉണ്ണി ശിവപാൽ ആരോപിച്ചു.
തെളിവുകളോടെയാണ് തന്‍റെ ആരോപണമെന്ന് ഉണ്ണി ശിവപാൽ പറഞ്ഞു. ഞാൻ ഒരു സർക്കാർ വിരുദ്ധനല്ല. എന്നാൽ സിനിമയ്ക്ക് ഏറെ ഗുണം ചെയ്യേണ്ടിയിരുന്ന, സുതാര്യമായ 'സെൻട്രലൈസ്ഡ് ഇ ടിക്കറ്റ്സ് ഫോർ സിനിമ' പ്രൊജക്റ്റിന് തുരങ്കം വച്ചത് സിനിമാ സംഘടനാ തലപ്പത്തുള്ള ഒരു 'പവർ പൊളിറ്റിക്സ് പ്ലെയർ' തന്നെയാണ് -അദ്ദേഹം പറഞ്ഞു.
കുറഞ്ഞ സർവിസ് ചാർജിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമൊരുക്കുന്നതായിരുന്നു സർക്കാർ പ്രഖ്യാപിച്ച 'എന്‍റെ ഷോ' ബുക്കിങ് ആപ്പ്. ടിക്കറ്റ് നിരക്കിനുപുറമേ ഒന്നരരൂപ മാത്രമാണ് ഇതിൽ അധികമായി ഈടാക്കുമെന്ന് പറഞ്ഞിരുന്നുത്. ഇതിലൂടെ പ്രേക്ഷകർക്ക് വലിയ സാമ്പത്തികലാഭം ഉണ്ടാകുമായിരുന്നു. നിലവിൽ വൻകിട ബുക്കിങ് ആപ്പുകളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഓരോ ടിക്കറ്റിനും 26 രൂപ അധികമായി നൽകണം. ഈ അമിത ചെലവ് അവസാനിപ്പിക്കാനും വിറ്റ ടിക്കറ്റുകളുടെ കൃത്യമായ കണക്കുകൾ സർക്കാറിന് ലഭിക്കാനും ‘എന്റെ ഷോ’ ആപ്പിലൂടെ സാധിക്കുമായിരുന്നു.
അതേസമയം, സര്‍ക്കാരിന്റെ ആഭിമുഖ്യത്തിൽ വരുന്ന മൊബൈല്‍ ആപ്പിനോടും വെബ്സൈറ്റിനോടും സഹകരിക്കില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ 'ഫിയോക്' നിലപാടെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.