'അമ്മ'ക്ക് നോട്ടീസ്; താരസംഘടന 8.34 കോടിയുടെ ജി.എസ്.ടി ടേൺ ഓവർ മറച്ചുവെച്ചു
text_fieldsകൊച്ചി: സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ നികുതി വെട്ടിക്കാൻ എട്ടുകോടിയിലധികം രൂപയുടെ ജി.എസ്.ടി ടേണ്‍ ഓവര്‍ മറച്ചുവെച്ചു. ജി.എസ്.ടി വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഈ തുകയുടെ പിഴയടക്കമുള്ള നികുതിയായി നാലുകോടി രൂപ അടക്കാൻ ‘അമ്മ’ക്ക് ജി.എസ്.ടി വിഭാഗം നോട്ടീസ് നല്‍കി.
അഞ്ചുവര്‍ഷത്തോളം വൈകിയാണ് ‘അമ്മ’ ജി.എസ്.ടി രജിസ്ട്രേഷന്‍ എടുത്തത്. അംഗങ്ങളുടെ മെംബര്‍ഷിപ് ഫീ, സ്റ്റേജ് ഷോ നടത്തിപ്പ് തുടങ്ങിയവയുടേതടക്കം ‘അമ്മ’ക്ക് കോടികള്‍ വരുമാനമുണ്ട്. എന്നാല്‍, ജി.എസ്.ടി രജിസ്ട്രേഷന്‍ എടുക്കാതെയും വരുമാനത്തിന് നികുതി നല്‍കാതെയും സംഘടന ക്രമക്കേട് നടത്തി.
എട്ടുകോടി 34 ലക്ഷം രൂപയുടെ ജി.എസ്.ടി ടേണ്‍ ഓവര്‍ ‘അമ്മ’ മറച്ചുവെച്ചുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. 2018 മുതല്‍ ’22 വരെയുള്ള കാലയളവിലെ ‘അമ്മ’യുടെ അക്കൗണ്ട് ബുക്കും വാര്‍ഷിക റിപ്പോര്‍ട്ടും ബാങ്ക് സ്റ്റേറ്റ്മെന്‍റുമാണ് ജി.എസ്.ടി വിഭാഗം പരിശോധിച്ചത്. നികുതിയും പലിശയും പിഴയും അടക്കം നാലുകോടി രൂപ ‘അമ്മ’ അടക്കണം. ഇതിനായി ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് ജി.എസ്.ടി വിഭാഗം ഇന്‍റിമേഷന്‍ നോട്ടീസ് നല്‍കി.
2017ല്‍ ജി.എസ്.ടി നടപ്പാക്കിയിട്ടും അഞ്ചുവര്‍ഷത്തോളം രജിസ്ട്രേഷന്‍ എടുക്കാന്‍ സംഘടന തയാറായില്ല. പരിശോധന നടത്തി സമന്‍സ് നല്‍കിയശേഷം കഴിഞ്ഞ വര്‍ഷമാണ് രജിസ്ട്രേഷന്‍ എടുത്തത്. വരുമാനം മറച്ചുവെച്ചെന്ന കേസില്‍ ഇടവേള ബാബുവിന്‍റെയും സംഘടനയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍റെയും മൊഴി ജി.എസ്.ടി വിഭാഗം രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.