'സിനിമ സംഘടനകളുടെ മുഖത്ത് കാർക്കിച്ച് തുപ്പുന്നു'; സംഘപരിവാറുകാർ ഷൂട്ടിങ് തടഞ്ഞ സംഭവത്തിൽ ഹരീഷ് പേരടി
text_fieldsകോഴിക്കോട്: ഹിന്ദു-മുസ്ലിം പ്രണയം പ്രമേയമാക്കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം സംഘപരിവാറുകാർ തടഞ്ഞ സംഭവത്തിൽ മൗനം പാലിക്കുന്ന സിനിമ സംഘടനകൾക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി.
മീനാക്ഷി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന 'നീയാം നദി' എന്ന സിനിമയുടെ ചിത്രീകരണമാണ് സംഘപരിവാറുകാർ തടഞ്ഞത്. സിനിമ ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും ഉപകരണങ്ങൾ നശിപ്പിച്ചതായും അണിയറപ്രവർത്തകർ പരാതിപ്പെട്ടിരുന്നു.
പ്രതികരിക്കാത്ത എല്ലാ സംഘടനകളുടെയും മുഖത്ത് കാർക്കിച്ച് തുപ്പുന്നുവെന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ തുറന്നടിക്കുന്നത്. 'കേരളത്തിൽ ഒരു മലയാള സിനിമയുടെ ഷൂട്ടിങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാർക്കിച്ച് തുപ്പുന്നു...ക്ര തുഫു...'-ഹരീഷ് പേരടി ഫേസ്ബുക്കിൽ എഴുതി.
കടമ്പഴിപ്പുറം വായില്യാംകുന്ന് ഭഗവതി ക്ഷേത്രപരിസരത്ത് 'നീയാം നദി' എന്ന സിനിമയുടെ ഷൂട്ടിങ്ങാണ് ബി.ജെ.പി, ഹിന്ദു െഎക്യവേദി പ്രവർത്തകർ തടഞ്ഞത്. ക്ഷേത്രത്തിെൻറ പവിത്രതക്ക് ഭംഗം വരുത്തുന്ന രീതിയിലാണ് സിനിമ ചിത്രീകരണമെന്നാരോപിച്ചാണ് 15ഒാളം വരുന്ന പ്രവർത്തകർ ചിത്രീകരണം തടസ്സപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. തുടർന്ന് അഞ്ചു പേരെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു.
കമ്പഴിപ്പുറം സ്വദേശികളായ ശ്രീജിത്ത്, സുബ്രഹ്മണ്യൻ, ബാബു, സച്ചിദാനന്ദൻ, ശബരീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഉപകരണങ്ങൾ നശിപ്പിച്ചതായും അണിയറ പ്രവർത്തകർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ക്ഷേത്രഭൂമിയിൽ ഷൂട്ടിങ് അനുമതിക്കായി സിനിമ പ്രവർത്തകർ ഏപ്രിൽ മൂന്നിന് ദേവസ്വം ബോർഡിന് അപേക്ഷ നൽകിയിരുന്നു. ഏപ്രിൽ ഏഴുമുതൽ 12 വരെ ചിത്രീകരണം നടത്താൻ ക്ഷേത്ര പരിസരം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു അപേക്ഷ.
ശനിയാഴ്ച രാവിലെ പത്തിന് ഷൂട്ടിങ്ങാരംഭിക്കാൻ ബോർഡ് വാക്കാൽ അനുമതി നൽകിയിരുന്നത്രെ. ഫീസടച്ചശേഷം 11ന് രേഖാമൂലമുള്ള അനുമതി നൽകാമെന്നും അധികൃതർ ഉറപ്പ് നൽകിയിരുന്നതായി സിനിമ പ്രവർത്തകർ പറയുന്നു. ഒരു ഷോട്ട് മാത്രമാണ് എടുത്തത്. ഇതിനിടെയാണ് സമീപത്തെ ചിലർ സംഘടിച്ചെത്തി ചോദ്യം ചെയ്തത്. ഷൂട്ടിങ്ങെന്ന വ്യാജേന വർഗീയ നീക്കങ്ങളാണ് ക്ഷേത്രപരിസരത്ത് അരങ്ങേറിയതെന്ന് ഹിന്ദു ഐക്യവേദി, ബി.ജെ.പി നേതാക്കൾ ആരോപിച്ചു.
ഇത്തരത്തിലുള്ള ഒരു സിനിമ, ക്ഷേത്രത്തിൽ ചിത്രീകരിക്കാൻ മൗനാനുവാദം നൽകിയ ദേവസ്വം ബോർഡിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ബി.ജെ.പി, ഹിന്ദു െഎക്യവേദി നേതാക്കൾ വ്യക്തമാക്കി. അതേസമയം, സംഭവം വിവാദമായതോടെ ദേവസ്വം ബോർഡ് സിനിമ ചിത്രീകരണത്തിനുള്ള അപേക്ഷ തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.