ഒരു വർഷമായി അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല, സാമ്പത്തിക പ്രതിസന്ധിയിലെന്ന് നടൻ സഞ്ജയ് ഗാന്ധി
text_fieldsമുംബൈ: കോവിഡ് മഹാമാരിയും അതിനെ തുടർന്നുവന്ന ലോക്ഡൗണും രാജ്യത്തെ ജനങ്ങളെ അതിദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ജോലിക്ക് പോകാനോ പുറത്തിറങ്ങാനോ സാധിക്കാതെ ആളുകൾ വീട്ടിനുള്ളിൽ കുടുങ്ങി. ടി.വി സീരിയലുകളിലും മറ്റ് ഷോകളിലും അഭിനയിക്കുന്ന നടന്മാരെയും വലിയ തോതിൽ പ്രതിസന്ധി ബാധിച്ചു.
'യേ റിഷ്താ ക്യാ കെഹ്ലാതാ ഹെ', 'നാഗിൻ' താരം സഞ്ജയ് ഗാന്ധി താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ഒരുപാട് അഭിനേതാക്കൾ ജോലിയില്ലാതെ വീട്ടിലിരിക്കുകയാണെന്ന് ഇദ്ദേഹം പറയുന്നു. അവസരം കുറവാണ്. ഉള്ളതിനാണെങ്കിൽ പ്രതിഫലം കുറച്ചു. ഒരു ദിവസം എല്ലാം ശരിയാകുമെന്നത് മാത്രമാണ് പ്രതീക്ഷ. എല്ലാ ദിവസവും പരിചയമുള്ള ആരെങ്കിലും മരിച്ചെന്ന വിവരമാണ് അറിയുന്നത്. ജനങ്ങളെ എനിക്ക് സഹായിക്കണമെന്നുണ്ടെങ്കിലും ഞാൻ നിസ്സഹായനാണ്. 2020 ജൂലൈക്ക് ശേഷം എനിക്ക് അഭിനയിക്കാനായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയിലാണ്. ജോലിയില്ല, പണമില്ല, ഭാവി പദ്ധതികളില്ല -സഞ്ജയ് ഗാന്ധി പറയുന്നു.
സുഹൃത്തുക്കളെ കാണാനാകാത്തത് പിരിമുറുക്കം വർധിപ്പിക്കുന്നു. സുഹൃത്തുക്കളിൽ പലർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. സാഹസികമാണെന്ന് അറിയാമെങ്കിലും പുറത്തുപോകാൻ നിർബന്ധിതനാകുകയാണ്.
ഇപ്പോൾ ഞാൻ ആരോഗ്യവാനാണ്. എന്നാൽ നാളെ എങ്ങനെയെന്ന് പറയാനാകുമോ. ഒന്നിനും ഒരു ഉറപ്പുമില്ല. സ്വന്തം ആരോഗ്യം നോക്കുകയും വേണം വീട്ടുകാരെ മുന്നോട്ടുകൊണ്ടുപോകുകയും വേണം -50കാരനായ താരം പറയുന്നു.
മുതിർന്ന താരങ്ങൾക്ക് കൂടുതൽ അവസരങ്ങളില്ലാത്തതിലും ഇദ്ദേഹത്തിന് നിരാശയുണ്ട്. ഒരിക്കൽ ഒരു ഓഡിഷന് പോയി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അപമാനിക്കുന്ന തരത്തിലുള്ള പ്രതിഫലമാണ് പറഞ്ഞത്. നടന്മാരുടെ പ്രതിഫലം 50 ശതമാനം വരെ കോവിഡ് സാഹചര്യത്തിൽ വെട്ടിക്കുറച്ചിരിക്കുകയാണ് നിർമാതാക്കൾ. അതിനാൽ നല്ല ഓഫർ വരാനായി കാത്തിരിക്കേണ്ടി വരുന്നു. അപമാനിതനാകുന്നതിലും നല്ലത് വീട്ടിലിരിക്കുന്നതാണ് -സഞ്ജയ് ഗാന്ധി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.