ഇതാ ഷാരൂഖിൻ്റെ 'സേവ് ആര്യൻ ടീം' - മുകുൾ റൊഹത്ഗി, സതീഷ് മനേഷിണ്ഡെ പിന്നെ അമിത് ദേശായിയും
text_fieldsമുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ മകൻ ആര്യൻ ഖാന് ജാമ്യം ലഭിച്ചപ്പോൾ തന്നെ ബോളിവുഡ് താരം ഷാരൂഖ് ഖാൻ വിളിച്ചു കൂട്ടിയത് അവരെയാണ്. ആര്യന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷക സംഘത്തെ. അവർക്കൊപ്പമുള്ള ഷാരൂഖിൻ്റെ ഫോട്ടോ ഓൺലൈൻ-അച്ചടി മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. ബോളിവുഡിൻ്റെ പ്രിയ അഭിഭാഷകരായ സതീഷ് മനേഷിണ്ഡെയും അമിത് ദേശായിയുമൊക്കെയാണ് ആ ഫോട്ടോയിലുണ്ടായിരുന്നത്. പ്രധാന താരം പക്ഷേ, എത്തിയിരുന്നില്ല. മുൻ അറ്റോണി ജനറലും മുതിർന്ന അഭിഭാഷകനുമായ മുകുൾ റോഹത്ഗിയായിരുന്നു അത്.
ഗുജറാത്ത് കലാപം മുതൽ പ്രമാദമായ നിരവധി കേസുകളിൽ ഹാജരായിട്ടുള്ള മുകുൾ റോഹത്ഗി ഷാരൂഖിൻ്റെ 'സേവ് ആര്യൻ ടീമി'ൽ ചേർന്നപ്പോൾ തന്നെ ആര്യന് ജാമ്യം ഉറപ്പിച്ചിരുന്നു. ആര്യൻ ഖാന് വേണ്ടി ഹാജരാകാൻ റോഹത്ഗി തിങ്കളാഴ്ചയാണ് മുംബൈയിലെത്തിയത്. വ്യാഴാഴ്ച ആര്യൻ ഖാൻ, മുൺ മുൺ ധമേച്ച, അർബാസ് സേഥ് മർച്ചൻ്റ് എന്നിവർക്ക് ജാമ്യം ലഭിക്കുയും ചെയ്തു.
23 വയസ്സുകാരനായ ആര്യൻ മയക്കുമരുന്ന് ഉപഭോക്താവ് മാത്രമല്ല, അനധികൃത മയക്കുമരുന്ന് കടത്തിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) എതിർത്ത ആര്യൻ ഖാന്റെ ജാമ്യാപേക്ഷയാണ് റോഹത്ഗി വാദിച്ച് ജയിച്ചത്. ലഹരിപാർട്ടി കേസിൽ അറസ്റ്റിലായി 25 ദിവസത്തിന് ശേഷം ആര്യൻ ഖാന് ജാമ്യം നേടിക്കൊടുക്കുന്നത് വരെ അഭിഭാഷക സംഘം വിശ്രമമില്ലാത്ത ഓട്ടത്തിലായിരുന്നു.
ഒക്ടോബർ മൂന്നിന് എൻ.സി.ബി ആര്യനെ അറസ്റ്റ് ചെയ്തപ്പോൾ സതീഷ് മനേഷിണ്ഡെ ആയിരുന്നു അഭിഭാഷക സംഘത്തിലെ പ്രമുഖൻ. പിന്നീട് മുതിർന്ന അഭിഭാഷകൻ അമിത് ദേശായി കൂടി സംഘത്തിലെത്തി. ബോംബെ ഹൈകോടതിയിൽ കേസ് എത്തിയപ്പോഴാണ് മുകുൾ റോഹത്ഗി അഭിഭാഷക സംഘത്തിൻ്റെ നേതൃത്വം ഏറ്റെടുക്കുന്നത്.
വമ്പൻ സ്രാവുകൾക്കുവേണ്ടി ഹാജരാകുന്ന റോഹത്ഗി
ഇന്ത്യയുടെ പതിനാലാമത് അറ്റോണി ജനറലായിരുന്നു 66കാരനായ മുകുൾ റോഹത്ഗി. 2014 മുതൽ 2017 വരെയാണ് അദ്ദേഹം അറ്റോണി ജനറലായി സേവനമനുഷ്ഠിച്ചത്. 1999ൽ അഡീഷണൽ സോളിസിറ്റർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. തന്റെ കരിയറിൽ പല മേഖലകളിലേയും വമ്പൻ സ്രാവുകൾക്ക് വേണ്ടി കോടതിമുറിയിൽ വാദിച്ച ചരിത്രമുണ്ട് റോഹത്ഗിക്ക്. മുൻ ഡൽഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് അവാദ് ബിഹാരി റോഹത്ഗിയുടെ മകനായ അദ്ദേഹം മുംബൈ ഗവ. ലോ കോളേജിൽ നിന്നാണ് നിയമബിരുദം നേടിയത്. 1993ൽ ഡൽഹി ഹൈകോടതിയിൽ അഭിഭാഷകനായാണ് കരിയർ തുടങ്ങുന്നത്.
ഗുജറാത്തിൽ 2002ൽനടന്ന കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻചിറ്റു നൽകിയ എസ്.ഐ.ടി നടപടി ചോദ്യംചെയ്തുകൊണ്ടുള്ള കേസിൽ എസ്.ഐ.ടിക്ക് വേണ്ടി ഹാജരായത് മുകുൾ റോഹത്ഗി ആയിരുന്നു. കലാപത്തിനിടെയുണ്ടായ ഗുൽബർഗ് സൊസൈറ്റി ആക്രമണത്തിൽ മരിച്ച മുൻ കോൺഗ്രസ് എം.പി. എഹ്സാൻ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രിയാണ് എസ്.ഐ.ടി നടപടി ചോദ്യം ചെയ്ത് ഹരജി നൽകിയത്.
വാട്സാപ്പ്- ഫേസ്ബുക്ക് പുതുക്കിയ സ്വകാര്യതാ നയത്തിനെതിരേ ഡൽഹി ഹൈകോടതിയിൽ ഹരജി സമർപ്പിക്കപ്പെട്ടപ്പോൾ വാട്സാപ്പിന് വേണ്ടി ഹാജരായത് മുകുൾ റോഹത്ഗിയും കപിൽ സിബലും ഹരീഷ് സാൽവേയുമാണ്. സ്വകാര്യതാനയം വ്യക്തികളുടെ സ്വകാര്യതയ്ക്കും രാജ്യസുരക്ഷയ്ക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ചൈതന്യ രോഹില്ലയാണ് പരാതി നൽകിയത്.
മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർസിങുമായി ബന്ധപ്പെട്ട കേസിൽ പരംബീറിന് വേണ്ടി ഹാജരായത് മുകുൾ ആണ്. പൊലീസ് കമ്മിഷണറായിരിക്കെ, ബാർ ഉടമകളിൽനിന്ന് 100 കോടി രൂപ പിരിച്ചെടുത്തു നൽകാൻ ആഭ്യന്തരമന്ത്രിയായിരുന്ന അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടെന്നായിരുന്നു വെളിപ്പെടുത്തൽ. ഡൽഹി പൊലീസ് കമ്മീഷണർ ആയി രാകേഷ് അസ്താനയെ നിയമിച്ചതിനെതിരെ ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ രാകേഷ് അസ്താനയ്ക്ക് വേണ്ടി ഹാജരായതും മുകുൾ ആണ്. രാകേഷ് അസ്താനയുടെ നിയമനം ശരിവെക്കുന്ന കോടതി വിധി വരികയും ചെയ്തു.
ടെലികോം ഭീമനായ വോഡഫോൺ-ഐഡിയയ്ക്ക് വേണ്ടി, കമ്പനിയുടെ വാർഷിക മൊത്ത വരുമാന കുടിശ്ശികയായ 58,254 കോടി രൂപയുമായി ബന്ധപ്പെട്ട കേസിൽ മുകുൾ റോഹത്ഗി സുപ്രീം കോടതിയിൽ ഹാജരായിരുന്നു. കേസിൽ എയർടെല്ലിന് വേണ്ടി മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിംഗ്വിയും ടാറ്റയ്ക്ക് വേണ്ടി അരവിന്ദ് ദാതാറുമാണ് ഹാജരായത്.
കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പൂഴ്ത്തിവച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ കേന്ദ്രമായിരുന്നു മാട്രിക്സ് സെല്ലുലാർ കമ്പനി. പൂഴ്ത്തിവെച്ച കോൺസെൻട്രേറ്ററുകൾ പൊലീസ് പിടിച്ചെടുത്തു. ഇവ വിട്ടുനൽകില്ലെന്ന ഡൽഹി ഹൈകോടതി വിധിയെ ചോദ്യം ചെയ്തുള്ള ഹരജിയിൽ കമ്പനിക്ക് വേണ്ടി ഹാജരായത് മുകുൾ റോഹത്ഗിയാണ്.
ആമസോൺ പ്രൈംമിൽ റിലീസ് ചെയ്ത 'താണ്ഡവ് ' വെബ് സീരിസുമായി ബന്ധപ്പെട്ട വിവാദത്തിൽ സംവിധായകനും നിർമാതാവിനും വേണ്ടി ഹാജരായത് മുകുൾ റോഹത്ഗി ആയിരുന്നു. വെബ്സീരീസിന്റെ ആദ്യ എപ്പിസോഡിലെ 17ാം മിനിറ്റിലാണ് വിവാദ രംഗം ഉണ്ടായിരുന്നത്. ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപിച്ച് രാഷട്രീയ നേതാക്കളുൾപ്പെടെ ഒട്ടനവധിയാളുകൾ രംഗത്ത് വന്നു. വെബ് സീരീസിന്റെ അണിയറ പ്രവർത്തകർക്കെതിരേ ഉത്തർപ്രദേശിൽ കേസെടുത്തു. അണിയറ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം.
ബോളിവുഡിൻ്റെ പ്രിയ ക്രിമിനൽ അഭിഭാഷകർ
ബോളിവുഡിൻ്റെ എക്കാലത്തെയും പ്രിയപ്പെട്ട ക്രിമിനൽ അഭിഭാഷകരാണ് സതീഷ് മനേഷിണ്ഡെയും അമിത് ദേശായിയും. 1993ൽ ബോംബെ സ്ഫോടന കേസിൽ നടൻ സഞ്ജയ് ദത്തിനുവേണ്ടി ഹാജരായി ജാമ്യം നേടി കൊടുത്തതോടെയാണ് 56കാരനായ സതീഷ് ശ്രദ്ധേയനായത്. സൽമാൻ ഖാൻ പ്രതിയായ 1998ലെ മാൻവേട്ട കേസിൽ ഹാജരായതോടെ അദ്ദേഹം ബോളിവുഡ് താരങ്ങളുടെ ഇഷ്ട അഭിഭാഷകനായി. സൽമാൻ ഖാൻ പ്രതിയായ 2002ലെ 'ഹിറ്റ് ആൻഡ് റൺ' കേസിൽ സതീഷിനൊപ്പം 58കാരനും മുംബൈ ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അമിത് ദേശായിയും താരത്തിന് വേണ്ടി വാദിച്ചു. 2015 ഡിസംബറിൽ കോടതി സൽമാനെ വെറുതേ വിടുകയും ചെയ്തു.
നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി കേസിൽ നടി റിയ ചക്രബർത്തിക്ക് വേണ്ടി ഹാജരാകുന്നതും സതീഷ് മനേഷിണ്ഡെയാണ്. ദയ നായക് കേസ്, ശോഭൻ മേത്ത കേസ്, അധോലോക നേതാവ് ഛോട്ടാ രാജൻ്റെ ഭാര്യ സുജാതയുടെ കേസ് എന്നിവയും കൈകാര്യം ചെയ്തത് സതീഷ് ആണ്. മുകുൾ റൊഹത്ഗി, സതീഷ് മനേഷിണ്ഡെ, അമിത് ദേശായി എന്നിവർക്ക് പുറമേ റൂബി സിങ് അഹൂജ, സന്ദീപ് കപൂർ, ആനന്ദിനി ഫെർണാണ്ടസ്, റുസ്തം മുല്ല എന്നിവരാണ് ഷാരൂഖിൻ്റെ അഭിഭാഷക സംഘത്തിലെ മറ്റ് പ്രമുഖർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.