ഹിന്ദി സിനിമക്ക് കേരളത്തിൽ പ്രേക്ഷകർ കുറയുന്നു: പുറംതിരിഞ്ഞ് വിതരണക്കമ്പനികളും
text_fieldsകൊച്ചി: ഹിന്ദി സിനിമകൾക്ക് കേരളത്തിൽ പൊതുവെ പ്രേക്ഷകർ കുറയുന്നു. പല സിനിമകളും തിയറ്ററുകളിൽ പ്രഖ്യാപിച്ച പ്രദർശനം പോലും റദ്ദാക്കുന്ന സാഹചര്യമാണ് നിലവിലെന്ന് സിനിമ വിതരണക്കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ റിലീസ് ചെയ്ത 'സാമ്രാട്ട് പൃഥ്വിരാജ്' എന്ന അക്ഷയ് കുമാർ ചിത്രം കാണാൻ ആളില്ലാത്തതിനെ തുടർന്ന് സംസ്ഥാനത്ത് പല തിയറ്ററുകളിലും പ്രദർശനങ്ങളുടെ എണ്ണം ചുരുക്കി. ചില തിയറ്ററുകളിൽ ഒരാഴ്ചപോലും സിനിമ ഓടിയില്ല. 250 കോടിയോളം ചെലവഴിച്ച ബിഗ് ബജറ്റ് ചിത്രത്തിനാണ് ഈ ഗതികേടുണ്ടായത്.
അതേസമയം, കമൽഹാസൻ അഭിനയിച്ച തമിഴ് ചിത്രം 'വിക്രം', തെലുങ്ക് ചിത്രമായ 'കെ.ജി.എഫ്' തുടങ്ങിയവ കേരളത്തിൽ വൻ വിജയം നേടുകയും ചെയ്തു. അടുത്തിടെ പുറത്തിറങ്ങിയ ഹിന്ദി ചിത്രങ്ങളായ ധാകഡ്, ജേഴ്സി തുടങ്ങിയവയും വൻ പരാജയം ഏറ്റുവാങ്ങി. അടുത്ത കാലത്ത് ഇറങ്ങിയ വിവാദ ചിത്രമായ 'കാശ്മീർ ഫയൽസ്' ഹിന്ദി മേഖലയിൽ ഹിറ്റായെങ്കിലും കേരളത്തിലെ തിയറ്ററുകൾ പ്രേക്ഷകശൂന്യമായിരുന്നു.
കോവിഡിനുശേഷം തിയറ്ററുകൾ സജീവമായെങ്കിലും മലയാള സിനിമകൾ കാണാനാണ് കാര്യമായി ആളുകൾ എത്തുന്നതെന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സിയാദ് കോക്കർ 'മാധ്യമ'ത്തോട് പറഞ്ഞു. അതിന് അപവാദമായി ഏറെ ശ്രദ്ധേയമായ ചില തമിഴ്, തെലുങ്ക് ചിത്രങ്ങൾ മാത്രമാണ് ജനങ്ങൾ തിയറ്ററുകളിൽ കണ്ടത്.
ഹിന്ദി സിനിമകൾ വിതരണത്തിനെടുക്കാൻ വിതരണക്കമ്പനികൾ മടിക്കുന്ന സാഹചര്യമാണെന്ന് അസോസിയേഷനുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ അജണ്ടകൾ കുത്തിനിറക്കപ്പെടുന്നതും നിലവാരത്തകർച്ചയും പൊതുവെ ബോളിവുഡ് സിനിമകളെ ലോകനിലവാരത്തിൽ തന്നെ പിന്നോട്ടടിപ്പിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിലും ഹിന്ദി സിനിമകൾക്ക് ഇപ്പോൾ പഴയ ഡിമാൻഡില്ല.
2016ൽ പുറത്തിറങ്ങിയ അമീർ ഖാന്‍റെ 'ദംഗലി'നുശേഷം ആഗോളാടിസ്ഥാനത്തിൽ ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് സിനിമ ഉണ്ടായിട്ടില്ലെന്നു പറയാം. പുതിയ ഷാറൂഖ് ഖാൻ സിനിമ ഉണ്ടായിട്ട് വർഷങ്ങളായി.
സൽമാൻ ഖാനും പഴയ താരപദവി ഇല്ല. ബോളിവുഡ് സിനിമ നിർമാണത്തിൽ രാഷ്ട്രീയ ഇടപെടൽ അതിരുകവിയുന്നതായ ആരോപണവും വ്യാപകമാണ്. 'കാശ്മീർ ഫയൽസ്', 'സാമ്രാട്ട് പൃഥ്വിരാജ്' സിനിമകൾക്ക് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണകൂട പിന്തുണ ലഭിച്ചിരുന്നു.
സംഘ്പരിവാർ താൽപര്യങ്ങളാണ് ഈ സിനിമകൾ മുന്നോട്ടുവെക്കുന്ന ആശയമെന്നതാണ് ഇതിന് കാരണം. വിദേശരാജ്യങ്ങളിൽ നേരത്തേ ബോളിവുഡിന് ഉണ്ടായിരുന്ന മേൽക്കൈ തെലുങ്ക്, തമിഴ് ചിത്രങ്ങളാണ് ഇപ്പോൾ കൈയടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.