ചരിത്ര നിമിഷം; ഓസ്‌കര്‍ അവാർഡിൽ വോട്ട് ചെയ്ത് സൂര്യ
text_fieldsഓസ്കർ അവാർഡിനുള്ള വോട്ട് രേഖപ്പെടുത്തി തമിഴ് സൂപ്പർ താരം സൂര്യ. വോട്ട് ചെയ്തതിന്റെ സ്ക്രീൻ ഷോട്ടും താരം ട്വിറ്ററിൽ പങ്കുവെച്ചു. 2022ൽ ഓസ്‌കര്‍ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സൂര്യക്ക് വോട്ടിന് അവസരം ലഭിച്ചത്. ഓസ്‌കര്‍ ഓര്‍ഗനൈസര്‍ അംഗത്വ പട്ടികയിലാണ് ഇടം നേടിയത്. ഇതോടെ ഓസ്‌കര്‍ കമ്മിറ്റി അംഗമായ ആദ്യ ദക്ഷിണേന്ത്യൻ നടനെന്ന നേട്ടം സൂര്യ സ്വന്തമാക്കിയിരുന്നു.
397 കലാകാരന്മാര്‍ക്കാണ് കമ്മിറ്റി അംഗങ്ങളാകാന്‍ ക്ഷണം ലഭിച്ചിരുന്നത്. ബോളിവുഡ് നടി കാജോള്‍, ഓസ്‌കാർ നോമിനേഷൻ ലഭിച്ച 'റൈറ്റിങ് വിത്ത് ഫയർ' ഡോക്യുമെന്ററി സംവിധായകരായ മലയാളി റിന്റു തോമസ്, സുഷ്മിത് ഘോഷ്, എഴുത്തുകാരിയും ചലച്ചിത്ര നിർമാതാവുമായ റീമ കാഗ്ഡി, ആദിത്യ സൂദ് തുടങ്ങിയവരും കമ്മിറ്റിയിലെ ഇന്ത്യന്‍ അംഗങ്ങളാണ്.
സൂര്യ കേന്ദ്ര കഥാപാത്രമായ സൂററൈ പോട്ര്, ജയ് ഭീം എന്നീ ചിത്രങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. സൂററൈ പോട്ര് 2021ലെ ഓസ്‌കര്‍ നോമിനേഷനിൽ ഇടം നേടുകയും 'ജയ് ഭീം' ഓസ്‌കറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.
എ.ആര്‍ റഹ്‌മാന്‍, അമിതാബ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, വിദ്യാ ബാലന്‍, അലി അഫ്‌സല്‍, നിര്‍മാതാക്കളായ ആദിത്യ ചോപ്ര, ഗുനീത് മോങ്ക, എക്ത കപൂര്‍, ശോഭ കപൂര്‍ എന്നിവരാണ് നേരത്തെ അക്കാദമി അംഗങ്ങളായ ഇന്ത്യക്കാര്‍.
മാർച്ച് 12ന് ലോസ് ഏഞ്ചൽസ് ഡോൾബി തിയറ്ററിലാണ് ഓസ്കർ അവാർഡ്ദാന ചടങ്ങ്. എസ്.എസ് രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആർ.ആർ.ആർ സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന പാട്ട് ഓസ്കർ നോമിനേഷൻ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.