‘ഹോളിവുഡ് ഡോൺ’ 80ലേക്ക്
text_fields
റോബർട്ട് ആന്റണി ഡീനീറോ ജൂനിയർ എന്ന റോബർട്ട് ഡീനീറോക്ക് ഈ മാസം 80 തികയുന്നു. നിരവധി ഗാങ്സ്റ്റർ ചിത്രങ്ങളിലൂടെ ഹോളിവുഡിലെ താര സിംഹാസനം അരക്കിട്ടുറപ്പിച്ച അമേരിക്കൻ നടനും നിർമ്മാതാവും സംവിധായകനുമാണ് അദ്ദേഹം. അധോലോക, മാഫിയ തലവനായി അനുപമമായ അഭിനയം കാഴ്ചവെച്ച ഡീനീറോ 1943 ഓഗസ്റ്റ് 17ന് ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടൻ ബറോയിലാണ് ജനിച്ചത്. പിതാവ് ഐറിഷ്, ഇറ്റാലിയൻ വംശജനായിരുന്നു. അഭിനയം തലക്കു പിടിച്ചതോടെ 16-ാം വയസ്സിൽ ഹൈസ്കൂൾ പഠനം ഉപേക്ഷിച്ചു. മാർലോൺ ബ്രാൻഡോയെ മാതൃകയാക്കിയ അദ്ദേഹം നാടക വർക്ക്‌ഷോപ്പിൽ നിന്ന് അഭിനയ ക്ലാസുകൾ ആരംഭിച്ചു. ഡീനീറോ ശ്രദ്ധിക്കപ്പെട്ടത് 1974ലെ ഗോഡ് ഫാദർ രണ്ടിലെ വിറ്റോ കോർലിയോൺ എന്ന കഥാപാത്രത്തിലൂടെയാണ്. ഈ വേഷം അദ്ദേഹത്തിന് മികച്ച സഹനടനുള്ള അക്കാദമി അവാർഡ് നേടിക്കൊടുത്തു. എന്നാൽ 1965 ലിറങ്ങിയ മാർസൽ കാമിയുടെ ത്രീ റൂംസ് ഇൻ മാൻഹാട്ടൻ എന്ന ചിത്രമാണ് ഡീനീറോയുടെ ആദ്യ സിനിമ. 1980ൽ മാർട്ടിൻ സ്കോർസീസ് അണിയിച്ചൊരുക്കിയ റാഗിങ് ബുൾ എന്ന സിനിമയിൽ ബോക്സിങ് റിങ്ങിലെ വിയർപ്പും കണ്ണീരും രക്തവും അലിഞ്ഞു ചേർന്ന ജേക്ക് ലേമോട്ടയെ പകർന്നാടിയ ഡീ നീറോ മികച്ച നടനുള്ള ഓസ്കർ അവാർഡ് കരസ്ഥമാക്കി.
ടാക്സി ഡ്രൈവറിൽ ട്രാവിസ് ബിക്ക്ൾ എന്ന കഥാപാത്രത്തിലൂടെ ഏറ്റവും നല്ല നടനുള്ള ഓസ്കർ നോമിനേഷൻ അദ്ദേഹത്തെ തേടിയെത്തി. ഒപ്പം ഹോളിവുഡിലെ ഗാങ്സ്റ്റർ പടങ്ങളിലെ നായക സ്ഥാനവും അദ്ദേഹം അരക്കിട്ടുറപ്പിച്ചു. ഇല്ലായ്മയിൽ നിന്നുയർന്ന് അധികാരത്തിന്റെയും ശക്തിയുടെയും രാജാക്കൻമാരായി മാറിയ സുഹൃത്തുക്കളുടെ കഥ പറഞ്ഞ 1983ലെ വൺസ് അപോൺ എ ടൈം ഇൻ അമേരിക്കയും ഡീനീറോയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിത്തീർന്നു. മാർട്ടിൻ സ്കോർസീസ് സംവിധാനം ചെയ്ത 1990ലെ ഗുഡ്ഫെല്ലാസ് തികച്ചും സാധാരണക്കാരായ രണ്ടു ചെറുപ്പക്കാർ മാഫിയ തലവൻമാരാകുന്നതിന്റെ നേർക്കാഴ്ച പകർന്നു തന്നു. 1995ലെ കാസിനോയും ശ്രദ്ധിക്കപ്പെട്ടു. 2019 ലെ ജോക്കറിൽ ജാക്കിൻ ഫിനിക്സിനു മുന്നിൽ നിഷ്പ്രഭനായെങ്കിലും മുറേ ഫ്രാങ്ക്‍ലിൻ എന്ന കഥാപാത്രം ഡീനീറോ മികച്ചതാക്കി. ബിഗ് സ്ക്രീനിൽ മാത്രമല്ല, എൻകൗണ്ടർ, ദി ഓഡിഷൻ തുടങ്ങി നിരവധി ഹൃസ്വ ചിത്രങ്ങളിലും 9/11, ദിമാൻ ഹു സേവ്ഡ്ദിവേൾഡ് അടക്കം ഡോക്യുമെന്ററികളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബിഗ് സ്ക്രീനിൽ ഇപ്പേഴും സജീവമായ അദ്ദേഹത്തിന്റെ വരാനുള്ള ചിത്രങ്ങളാണ് ഇസ്റ, വൈസ് ഗയ്സ്, ടിൻ സോൾജിയർ തുടങ്ങിയവ. എ ബ്രോങ്ക്സ് ടെയിൽ (1993), ദ ഗുഡ് ഷെപ്പേർഡ് (2006) എന്നിവയടക്കം സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.