പൊന്നിയൻ സെൽവൻ ചിത്രീകരണത്തിനിടെ കുതിര ചത്തു; മണിരത്നത്തിനെതിരെ കേസ്
text_fieldsചെന്നൈ: ബിഗ് ബജറ്റ് ചിത്രം പൊന്നിയൻ സെൽവന്‍റെ ചിത്രീകരണത്തിനിടെ കുതിര ചത്ത സംഭവത്തിൽ സംവിധായകൻ മണിരത്നത്തിനെതിരെ േകസ്. മണിരത്നത്തിന്റെ നിർമാണ കമ്പനിയായ മദ്രാസ് ടോക്കീസ് മാനേജ്മെന്റിനും കുതിരയുടെ ഉടമക്കെതിരെയുമാണ് എഫ്.ഐ.ആർ. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രത്തിന്‍റെ മറ്റു നിർമാതാക്കൾ.
പീപ്പ്ൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസിന്റെ (പേട്ട) പരാതിയിലാണ് നടപടി. മണിരത്നത്തിനെതിരെ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
ചരിത്ര -ആക്ഷൻ സിനിമയായതിനാൽ നിരവധി കുതിരകളെ ചിത്രീകരണത്തിന് ഉപയോഗിക്കുന്നുണ്ട്. ഷൂട്ടിങ് സമയത്ത് കുതിരകളുടെ തല തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. സംഭവ സ്ഥലത്തുവെച്ചുതന്നെ കുതിര ചത്തു. ഹൈദരാബാദിൽ വെച്ചായിരുന്നു ചിത്രീകരണം. കുതിര ചത്ത വിവരം അറിഞ്ഞതോടെ പേട്ട, പൊലീസിൽ പരാതി നൽകുകയായിരുന്നു.
കമ്പ്യൂട്ടർ യുഗത്തിൽ കുതിരകളെ ഉപയോഗിച്ച് അപകടകരമായ രീതിയിൽ ചിത്രീകരണം നടത്തേണ്ട ആവശ്യമില്ലെന്ന് പേട്ട ഭാരവാഹികളിലൊരാളായ ഖുഷ്ബൂ ഗുപ്ത പറഞ്ഞു.
ക്ഷീണിതരും അവശതയിലുമായിരുന്ന കുതിരയെ പൊന്നിയൻ സെൽവന്‍റെ ചിത്രീകരണത്തിന് വിട്ടുനൽകിയതിനാണ് കുതിരയുടെ ഉടമക്കെതിരെ കേസ്. എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ അനിമൽ വെൽഫയർ ബോർഡ് ജില്ല കലക്ടറോടും തെലങ്കാന മൃഗക്ഷേമ വകുപ്പിനോടും അന്വേഷണം നടത്തി റിേപ്പാർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു.
പൊന്നിയൻ സെൽവന്‍റെ ചിത്രീകരണം മധ്യപ്രദേശിൽ പുരോഗമിക്കുകയാണ്. ഐശ്വര്യ റായ്, ചിയാൻ വിക്രം, തൃഷ, ജയം രവി, കാർത്തി, പ്രകാശ് രാജ് തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന പൊന്നിയൻ സെൽവൻ മണിരത്നത്തിന്റെ സ്വപ്ന സിനിമയാണ്.
രണ്ടു ഘട്ടങ്ങളായാണ് സിനിമ പുറത്തിറങ്ങുക. എ.ആർ. റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയൻ സെൽവൻ എന്ന തമിഴ് നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.