‘ജയിലിലെ മനുഷ്യാവകാശ ലംഘനങ്ങൾ’; ഗുഫ്തുഗു ഫിലിം ഫെസ്റ്റിവൽ ഡിസംബർ എട്ടിന് കോഴിക്കോട്
text_fieldsകോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിനിമ -സംഗീത കൂട്ടായ്മ ‘ഗുഫ്തുഗു കലക്ടിവി’ന്റെ ആഭിമുഖ്യത്തിൽ ഫിലിം-ഡോക്യുമെന്ററി ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ഡിസംബർ എട്ടിന് കോഴിക്കോട് ശ്രീ-കൈരളി തിയറ്ററിലെ വേദി ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി.
ഫിലിം ഫെസ്റ്റിവലിൽ ഭരണകൂട ഭീകരതയും മനുഷ്യാവകാശവും ജയിലനുഭവങ്ങളും ചർച്ചയാകുന്നു. സംവിധായകനും ഗാനരചയിതാവുമായ മുഹ്‌സിൻ പരാരി ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ പത്തുമണിക്ക് ‘ഗ്രോ വാസു’ എന്ന ഡോക്യൂമെന്ററിയുടെ പ്രദർശനത്തോടുകൂടിയാണ് പരിപാടികൾ ആരംഭിക്കുക.
തുടർന്ന് സംവിധായകൻ അർഷക്കിനോടൊപ്പം ഗ്രോ വാസുവും അണിയറ പ്രവർത്തകരായ കെവിൻ, റനീഷ് എന്നിവർ പങ്കെടുക്കുന്ന ചർച്ചയും നടക്കും. സിനിമാ പ്രവർത്തകൻ പി.കെ. ഉനൈസ് ആണ് മോഡറേറ്റർ. ഉച്ചക്ക് 12 മണിക്ക് ‘ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങളും പരിഷ്ക്കരണത്തിന്റെ ആവശ്യകതയും’ എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ ഗ്രോ വാസു, റാസിക് റഹീം, ശഫീഖ് ഓടക്കാലി, ത്വാഹ ഫസൽ, സിദ്ദീഖ് കാപ്പൻ എന്നിവർ പങ്കെടുക്കും. മാധ്യമപ്രവർത്തകൻ മുഹമ്മദ് റിസ്‌വാനാണ് ചർച്ച നിയന്ത്രിക്കുന്നത്.
ജയിലിലടക്കപ്പെട്ട വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെ ജീവിതം പറയുന്ന ലളിത് വചാനിയുടെ ‘പ്രിസണർ നമ്പർ: 626710 ഈസ് പ്രസന്റ്’, ഇസ്രായേൽ അധിനിവേശത്തിനെതിരെ ഫലസ്തീൻ ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയം സംസാരിക്കുന്ന ‘വേർ ഒലിവ് ട്രീ വീപ് (Where Olive Trees Weep) എന്നിവയാണ് മറ്റ് പ്രദർശന ചിത്രങ്ങൾ. ഉമർ ഖാലിദിന്റെ സുഹൃത്ത് ബുണോ ജ്യോത്സ്‌നാ ലാഹിരി ഓൺലൈൻ വഴി പങ്കെടുക്കുന്ന ചർച്ച ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകൻ ഇ.ജെ. അഷ്ഫാഖാണ് മോഡറേറ്റർ.
വൈകീട്ട് നാല് മണിക്കാണ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം. അലൻ ശുഐബ് അധ്യക്ഷത വഹിക്കും. തുടർന്ന് 4.45ന് ‘പ്രതിരോധത്തിന്റെ സിനിമ: ആവശ്യകത, സാധ്യതകൾ, വെല്ലുവിളികൾ’ എന്ന വിഷയത്തിൽ നടക്കുന്ന ഓപൺ ഫോറത്തിൽ സിനിമാ സംവിധായകരായ മുഹ്സിൻ പരാരി, പ്രതാപ് ജോസഫ്, ദീപു, നടി ജോളി ചിറയത്ത് എന്നിവർ പങ്കെടുക്കും. കലാ- സാംസ്‌കാരിക പ്രവർത്തകൻ അഫ്ലഹ് അൽ സമാൻ ചർച്ച നിയന്ത്രിക്കും.
തടവുകാർ ജയിലുകളിൽ വെച്ചെഴുതിയ കവിതകളുടെ അവതരണവും നടക്കും. ഫഹീദ് അലി-ഹാരിസ് വീരോളി- ഇർഫാൻ വി.എം എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ‘Songs of Resistance’ ഓട് കൂടിയാകും പരിപാടിയുടെ സമാപനം. അലി തൽവാർ ആണ് ക്യൂറേഷൻ നിർവഹിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.