കശ്മീർ ഫയൽസിനെതിരായ പരാമർശം; ഇസ്രയേലി സംവിധായകന് വിദേശ ജൂറി അംഗങ്ങളുടെ പിന്തുണ
text_fieldsഗോവയിൽ നടന്ന 53-ആമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFI) വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത വിവാദ ചിത്രം 'ദ കശ്മീർ ഫയൽസ്' പ്രദർശിപ്പിച്ചതിനെതിരെ ജൂറി തലവൻ നദവ് ലാപിഡ് വിമർശനമുന്നയിച്ച സംഭവം രാജ്യത്ത് വലിയ ചർച്ചയായി മാറിയിരുന്നു. 'കശ്മീർ ഫയൽസ്' അശ്ലീല ചിത്രമാണെന്നും ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിൽ ചിത്രം കണ്ടതിൽ താൻ ഞെട്ടിപ്പോയി എന്നുമായിരുന്നു ഇസ്രയേലി സംവിധായകനായ ലാപിഡ് പറഞ്ഞത്. എന്നാൽ, ലാപിഡിന്റെ പ്രസ്താവന വിവാദങ്ങൾക്ക് തിരികൊളുത്തുകയും സംഘപരിവാർ അനുകൂലികളിൽ നിന്നുള്ള പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു.
എന്നാലിപ്പോൾ, ജൂറിയിലെ ഏക ഇന്ത്യക്കാരനായ സുദീപ്തോ സെൻ ഒഴികെയുള്ള എല്ലാ ഐഎഫ്എഫ്ഐ ജൂറി അംഗങ്ങളും ഇസ്രായേൽ ഡയറക്ടർ നദവ് ലാപിഡിനെ പിന്തുണച്ച് പ്രസ്താവനയിറക്കിയിരിക്കുകയാണ്. "ഞങ്ങൾ സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയായിരുന്നില്ല, മറിച്ച് കലാപരമായ പ്രസ്താവനയാണ് നടത്തിയത്." -ജിങ്കോ ഗോട്ടോ, പാസ്‌കെൽ ചാവൻസ്, ഹാവിയർ അംഗുലോ ബാർട്ടൂറൻ എന്നീ വിദേശ ജൂറി അംഗങ്ങൾ അവരുടെ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, നദവ് ലാപിഡ്, ദി കശ്മീർ ഫയൽസ് എന്ന സിനിമയെക്കുറിച്ച് മേളയുടെ സമാപന വേദിയിൽ പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു എന്നാണ് സുദീപ്തോ സെൻ ട്വിറ്ററിലൂടെ പ്രതികരിച്ചത്. ജൂറി ബോർഡിന്റെ ഔദ്യോഗിക അഭിപ്രായം ഫെസ്റ്റിവൽ ഡയറക്ടർക്ക് മുമ്പാകെയും ഔദ്യോഗിക വാർത്താ സമ്മേളനത്തിലും ഞങ്ങൾ വ്യക്തമാക്കിയതാണെന്നും അഞ്ച് ജൂറിമാരിൽ ഒരാൾ വ്യക്തിപരമായ കാര്യത്തിന് പോയതിനാൽ ബാക്കി 4 ജൂറിമാരും ഇതിൽ സന്നിഹിതരായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇവിടെ ഞങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ല. ഞങ്ങളുടെ ഔദ്യോഗിക അഭിപ്രായം ഒറ്റക്കെട്ടായാണ് രേഖപ്പെടുത്തിയത്. ജൂറി എന്ന നിലയിൽ, ഒരു സിനിമയുടെ സാങ്കേതികയും സൗന്ദര്യാത്മക നിലവാരവും സാമൂഹിക-സാംസ്കാരിക പ്രസക്തിയും വിലയിരുത്താനാണ് ഞങ്ങൾ നിയോഗിക്കപ്പെട്ടത്. ഒരു സിനിമയെ കുറിച്ചും ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ അഭിപ്രായങ്ങൾ പറയില്ല. അത് പറയുന്നുവെങ്കിൽ പൂർണ്ണമായും വ്യക്തിപരമായ അഭിപ്രായമാണ്. ബഹുമാനപ്പെട്ട ജൂറി ബോർഡുമായി ഒരു ബന്ധവുമില്ല." -സുദീപ്തോ സെൻ കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഏക ഇന്ത്യൻ ജൂറി അംഗമായ സുദീപ്തോ സെൻ 'ദ കേരള സ്റ്റോറി' എന്ന വിവാദ സിനിമയുടെ സംവിധായകനാണ്. ചിത്രത്തിന്റെ ടീസർ ഇറങ്ങിയതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ പലകോണുകളിൽ നിന്നായി ഉയർന്നിരുന്നു. കേരളത്തിൽനിന്ന് 32000 സ്ത്രീകളെ നിർബന്ധിത മതപരിവർത്തനം നടത്തി ഐ.എസ്.ഐ.എസിൽ ചേർത്തെന്ന തരത്തിലുള്ള വ്യാജ പ്രചരണം നടത്തിയ ചിത്രത്തിനെതിരെ പൊലീസ് മേധാവി അനിൽകാന്ത് അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. ഹൈടെക് സൈബർ എൻക്വയറി സെല്ലിന്റെ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു കേസ് അന്വേഷിക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് നിർദേശം നൽകിയത്.
കേരളത്തിൽ മതംമാറ്റി 32,000 സ്ത്രീകളെ ഇസ്‌ലാമിക് സ്റ്റേറ്റിൽ അംഗങ്ങളാക്കി വിദേശത്തേക്കു കയറ്റിയയച്ചുവെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്ന 'ദ കേരള സ്റ്റോറി' സിനിമക്കെതിരെ അടിയന്തരനടപടി ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം.പി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വാർത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂർ എന്നിവർക്ക് കത്തെഴുതിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.