ഭരണകൂടത്തോട് തിരശ്ശീലയിൽ കലഹിച്ച് ഇന്ത്യൻ സിനിമകൾ; പ്രേക്ഷക ഹൃദയം കീഴടക്കി 'ചുരുളി'
text_fieldsതിരുവനന്തപുരം: 25ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഇത്തവണ ലോകസിനിമകളെക്കാൾ രാഷ്ട്രീയം പറയുകയാണ് ഇന്ത്യൻ സിനിമകൾ. രാജ്യത്ത് അസ്വാരസ്യങ്ങൾ വർധിച്ചുവരുന്ന പുതിയ കാലത്ത് ഇത്തരം വിഷയങ്ങൾ അടയാളപ്പെടുത്തുന്ന ഒരുപിടി ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയിരിക്കുന്നത്.
മാവോവാദി വേട്ടയുടെ പശ്ചാത്തലത്തിൽ ഛത്തിസ്ഗഢിലെ ബസ്തർ ജില്ലയിലെ ദലിതരായ ആദിവാസി ബാലന്മാർക്കെതിരെയുള്ള പൊലീസ് നരയാട്ടിനെ ആസ്പദമാക്കി മോഹിത് പ്രിയദർശി സംവിധാനം ചെയ്ത 'കോസ', വടക്കേ ഇന്ത്യയിൽ വാഹനം ലഭിക്കാത്തതിനെ തുടർന്ന് ഭാര്യയുടെ മൃതദേഹം ചുമന്ന ദനാ മജിയെപ്പോലുള്ളവരുടെ ജീവിതം പറയുന്ന ബിശ്വജീത്ത് ബോറയുടെ 'ഗോഡ് ഓൺ ദ ബാൽക്കണി', പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലെ വികസനമുരടിപ്പും അരികുവത്കരിക്കപ്പെട്ടവരുടെ ജീവിതവും പറയുന്ന ഗൗരവ് മാധവിെൻറ '12x12 അൺറ്റൈറ്റിൽഡ്'.
ഹിന്ദു ദേശീയത കൂടുതൽ കരുത്താർജിക്കുന്ന രാജ്യത്ത് മുസ്ലിം സമുദായം നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾക്കുമേൽ കാമറ ചലിപ്പിക്കുന്ന അരുൺ കാർത്തിക്കിെൻറ 'നസീർ', സാംസ്കാരിക വ്യവഹാരങ്ങളിൽ ജാതി നടത്തുന്ന ഇടപെടലുകളും ഭക്ഷണരീതികളും അതുമായി ബന്ധപ്പെട്ട് വിലക്കുകളും പറയുന്ന സംവിധായകൻ തമിഴിെൻറ 'പിഗ്'എന്നിവയാണ് ഇത്തവണ മേളയിൽ ശക്തമായ രാഷ്ട്രീയം പറയുന്നത്.
ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി'യാണ് പ്രേക്ഷക ഹൃദയം കീഴടക്കിയത്. മത്സരവിഭാഗത്തിൽ അന്താരാഷ്ട്ര സിനിമകൾക്കൊപ്പം പ്രദർശിപ്പിക്കുന്ന ചുരുളിയുടെ ആദ്യ പ്രദർശനമായിരുന്നു. ടാഗോർ തിയറ്ററിനു മുന്നിൽ കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും വലിയ വരിയാണ് അനുഭവപ്പെട്ടത്.
മുൻകൂട്ടി റിസർവ് ചെയ്തവർക്ക് മാത്രമേ സിനിമ കാണാൻ അവസരമുണ്ടാകൂവെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും രാവിലെ ആറിന് തുടങ്ങി മിനിറ്റുകൾക്കകം ബുക്കിങ് തീർന്നതിനാൽ ബുക്ക് ചെയ്യാൻ കഴിയാത്തവരും സിനിമ കാണാനെത്തി.
സിനിമക്ക് കയറാനാകാത്ത നിരാശ ബഹളത്തിലെത്തുകയും ചെയ്തു. അന്തരിച്ച കൊറിയൻ സംവിധായകൻ കിം കി ഡുക്കിന് ആദരമായി സ്പ്രിങ് സമ്മർ ഫാൾ ആൻഡ് വിൻററും മേളയിൽ പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.