ചലച്ചിത്രമേള: പ്രേക്ഷക രുചിയറിഞ്ഞ് കരിയും ബിരിയാണിയും
text_fieldsകണ്ണൂർ: ജാതിവ്യവസ്ഥക്കെതിരെയുള്ള ചൂണ്ടുവിരലായി മാറിയ ഷാനവാസ് നരണിപ്പുഴയുടെ കരിയും തീരദേശത്തെ മുസ്ലിം കുടുംബത്തിെൻറ ജീവിതം പറഞ്ഞ സജിന്‍ ബാബുവിെൻറ ബിരിയാണിയും മേളയുടെ മൂന്നാം ദിവസം പ്രേക്ഷകരുടെ രുചിയറിഞ്ഞ കാഴ്ചാനുഭവങ്ങളായി.
ഷാനവാസ് നരണിപ്പുഴയോടുള്ള ആദര സൂചകമായി ഹോമേജ് വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.
വിദേശത്ത് ജോലിചെയ്യുന്ന സുഹൃത്തിന് കരിങ്കാളി വഴിപാട് നടത്തുന്നതിന് രണ്ട് സുഹൃത്തുക്കള്‍ പുറപ്പെടുന്നതാണ് കഥാതന്തു. കെട്ടുപിണഞ്ഞുകിടക്കുന്ന ജാതി വ്യവസ്ഥയിലെ സങ്കീര്‍ണതയെക്കുറിച്ച് ചിത്രം ചര്‍ച്ച ചെയ്യുന്നു.
ലളിതവും സരളവുമായ അവതരണത്തിെൻറ ആസ്വാദനവുമാണ് കരി. ശക്തമായ രാഷ്ട്രീയം പറയുന്ന കാലിക പ്രസക്തമായ ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഉണ്ടായത്.
ബിരിയാണി അന്താരാഷ്ട്ര ഫിലിം മേളകളിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരങ്ങൾ നേടിയ ചിത്രമാണ്. വീടിെൻറ നാലുചുമരുകൾക്കുള്ളിൽ ജീവിതം തളച്ചിടേണ്ടിവരുന്ന ഖദീജയെന്ന മുസ്ലിം സ്ത്രീയുടെ വിമോചനമോഹങ്ങളുടെ കഥയാണ് 'ബിരിയാണി, മാംസത്തിെൻറ രുചിഭേദങ്ങൾ' എന്ന സിനിമ പറയുന്നത്.
ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ തമിഴ്ചിത്രമായ കുതിരൈവാല്‍, ഗോഡ് ഓണ്‍ ദി ബാല്‍ക്കണി, ദി ഷെപ്പേഡ്സ് ആന്‍ഡ് ദി സെവന് സോങ് എന്നിവയും പ്രദര്‍ശിപ്പിച്ചു. മലയാള സിനിമ വിഭാഗത്തില്‍ അറ്റെന്‍ഷന്‍ പ്ലീസ്, വാങ്ക് എന്നീ ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തി.
മുപ്പതുകളിലൂടെ കടന്നുപോകുന്ന ദമ്പതികളുടെ ജീവിതത്തെ ആസ്പദമാക്കി മാനുഷിക വികാരങ്ങൾക്ക് ഊന്നൽനൽകി മരിയ ക്ലാര എസ്കോബാർ അണിയിച്ചൊരുക്കിയ ബ്രസീലിയൻ ചിത്രം 'ഡെസ്റ്ററോ' പ്രേക്ഷകശ്രദ്ധ നേടി. തീവ്ര പ്രണയവും കുടിയേറ്റവും ജീവിതാസക്തിയും ഇഴചേരുന്ന പാത്ര നിർമിതിയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.
ടുണീഷ്യന്‍ എഴുത്തുകാരിയും സംവിധായികയുമായ കൗതര്‍ ബെന്‍ ഹാനിയ സംവിധാനം ചെയ്ത സിനിമ സാം അലി എന്ന സിറിയന്‍ യുവാവിെൻറ പ്രണയവും പലായനവും ജീവിതവും പറയുന്നു. യുദ്ധത്തില്‍നിന്ന് രക്ഷതേടി ലെബനാനില്‍നിന്ന് പ്രണയിനിക്കൊപ്പം യൂറോപ്പിലേക്ക് കുടിയേറുന്ന സാം അലി ജീവിക്കാന്‍ പണത്തിനായി ടാറ്റൂ ആര്‍ട്ടിസ്റ്റിന് തെൻറ ശരീരം ഒരു കാന്‍വാസായി നല്‍കുന്നതാണ് ചിത്രം.
വോട്ടിങ് ഇന്നു മുതൽ
ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തിരഞ്ഞെടുക്കാനുള്ള വോട്ടിങ് വെള്ളിയാഴ്ച ആരംഭിക്കും. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിക്കുന്നത്.
അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്.എം.എസ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഡെലിഗേറ്റുകൾക്ക് വോട്ടുചെയ്യാം.
എസ്.എം.എസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK (സ്പേസ്) ഫിലിം കോഡ് എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേക്ക് അയക്കാം. ചലച്ചിത്രമേളയുടെ സമാപനസമ്മേളനത്തിൽ പ്രേക്ഷകപ്രീതി നേടുന്ന മികച്ച ചിത്രത്തിന് രണ്ടുലക്ഷം രൂപ പുരസ്കാരമായി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.