മേള കീഴടക്കി 'കരി'; ഇന്ന് 'പാക്അപ്'
text_fieldsകണ്ണൂർ: മലബാറിലെ ചലച്ചിത്ര പ്രേമികൾക്ക് ചിത്രങ്ങളുടെ കാഴ്ചവസന്തമൊരുക്കിയ 25ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ തലശ്ശേരി പതിപ്പിന് ശനിയാഴ്ച കൊടിയിറക്കം.
പരമ്പരാഗതമായി സിനിമയോട് മികച്ച കാഴ്ചപ്പാട് പുലര്‍ത്തുന്ന തലശ്ശേരിയുടെ മണ്ണിന് പുത്തന്‍ അനുഭവം സമ്മാനിച്ചാണ് അഞ്ചു ദിവസം നീണ്ട ചലച്ചിത്ര മാമാങ്കം അവസാനിക്കുന്നത്. ഇന്നു നടക്കുന്ന 22 പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടുന്നതോടെ ആകെ 112 പ്രദര്‍ശനങ്ങളാകും മേളയില്‍ സംഘടിപ്പിച്ചത്. ആരംഭിച്ചതു മുതല്‍ മേളയിൽ നല്ല ജനത്തിരക്കാണ് അനുഭവപ്പെട്ടത്.
മേളയില്‍ ജനമനസ്സുകളെ കീഴടക്കി നരണിപ്പുഴ ഷാനവാസിെൻറ കരി. 2015ല്‍ പുറത്തിറങ്ങിയ ചിത്രം അനേകം ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച് നിരൂപക ശ്രദ്ധ നേടിയിരുന്നു. എന്നാല്‍, സൂഫിയും സുജാതയുമെന്ന ജനപ്രിയ സിനിമയാണ് നരണിപ്പുഴ ഷാനവാസ് എന്ന സംവിധായകെൻറ ജനപ്രീതി ഉയര്‍ത്തിയത്.
സാമൂഹികാസമത്വങ്ങളെയും തൊട്ടുകൂടായ്മയെയും ചുരുങ്ങിയ കാന്‍വാസില്‍ ലളിതമായി അവതരിപ്പിച്ചു എന്നതാണ് സംവിധായകനെന്ന നിലയില്‍ നരണിപ്പുഴ ഷാനവാസിനെ വ്യത്യസ്തനാക്കുന്നത്. വടക്കന്‍ കേരളത്തിലെ അനുഷ്ഠാനകലയായ കരിങ്കാളിതുള്ളലിനെ ആധാരമാക്കിയാണ് ഷാനവാസിെൻറ കഥ പറച്ചില്.
ആക്ഷേപഹാസ്യരൂപേണ കരിങ്കാളി കോലത്തിെൻറയും കേന്ദ്രകഥാപാത്രങ്ങളായ ഗോപിയുടെയും ബിലാലിെൻറയും യാത്രയിലൂടെ സംവിധായക മികവ് തെളിയിക്കാന്‍ ഷാനവാസിന് സാധിച്ചിട്ടുണ്ട്.
മേള തലശ്ശേരിയിലെ ജനം ഏറ്റെടുത്തു –കമല്‍
കണ്ണൂർ: മേളയുടെ തലശ്ശേരി പതിപ്പില്‍ അച്ചടക്കത്തോടെയും ഗൗരവത്തോടെയും സിനിമയെ സമീപിക്കുന്ന ഒരു കൂട്ടം ആളുകളെയാണ് കാണാന്‍ കഴിഞ്ഞതെന്നും തലശ്ശേരിയിലെ ജനത മേളയെ ഏറ്റെടുത്തെന്നും ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ പറഞ്ഞു.
മലബാറില്‍ മേള നടത്തുമ്പോള്‍ ആദ്യം പരിഗണനയില്‍ ഉണ്ടായിരുന്നത് കോഴിക്കോട് ആയിരുന്നു. എന്നാല്‍, തിയറ്ററുകളുടെ ലഭ്യതക്കുറവാണ് മേള തലശ്ശേരിയിലേക്ക് മാറ്റാന്‍ കാരണം. അത് മികച്ച തീരുമാനമായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്നതാണ് തലശ്ശേരിയിലെ ജനങ്ങളില്‍നിന്ന് മേളക്ക് കിട്ടുന്ന പ്രതികരണമെന്നും കമല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.