ഇനി ലോകസിനിമികളുടെ ആറാട്ട്
text_fieldsതിരുവനന്തപുരം: മഹാമാരിയെയും പ്രതിസന്ധികളെയും തരണം ചെയ്ത് വീണ്ടുമെത്തിയ കാഴ്ചയുടെ തിരയുത്സവത്തിന് അരങ്ങുണർന്നു. ഇനി ഏഴുദിവസം ലോകസിനിമകളുടെ ആറാട്ട്. ആഭ്യന്തര യുദ്ധവും സംഘർഷങ്ങളും സമാധാനം തകർത്തെറിഞ്ഞ രാജ്യങ്ങളിലെ ജീവിത സാഹചര്യങ്ങളെ തേടി അവർ ഇനി തിരശ്ശീലകളിൽ നിന്ന് തിരശ്ശീലകളിലേക്ക് പായും.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് മേളയുടെ പഴയ പ്രൗഢിയിലേക്ക് കാണികളും സംഘാടകരും ഇത്തവണ തിരിച്ചെത്തുകയാണ്. തിയറ്ററുകളിലെ എല്ലാ സീറ്റുകളിലേക്കും പ്രതിനിധികൾക്ക് പ്രവേശനം അനുവദിച്ചതോടെ മേളയുടെ ആദ്യദിനം തന്നെ പ്രദർശനത്തിനെത്തിയ സിനിമകൾക്കെല്ലാം വൻ തിരക്കായിരുന്നു. സീറ്റുകിട്ടാത്തവർ നിലത്തിരുന്ന് ചിത്രങ്ങൾ ആസ്വദിച്ചു. കോവിഡിന്റെ ചട്ടക്കൂടുകൾക്കിടയിൽ നിന്ന് കഴിഞ്ഞ തവണ നാല് മേഖലകളായി തിരിച്ച് നടത്തിയ മേള ഇത്തവണ തലസ്ഥാനത്തേക്ക് മാത്രം കേന്ദ്രീകരിച്ചതോടെ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സിനിമ പ്രേമികൾ ഇത്തവണ മേളയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.
മേളയുടെ വിവിധ വേദികളിൽ പ്രതിനിധികൾക്ക് സൗജന്യ യാത്ര ഒരുക്കാൻ കെ.എസ്.ആർ.ടി.സിയുടെ സർക്കുലർ സർവിസും ഇലക്ട്രിക് ഓട്ടോകളും തയാറാക്കിയിട്ടുണ്ട്. നഗരത്തിലെ 15 വേദികളിലും പ്രതിനിധികൾക്ക് വാഹനങ്ങളിൽ സൗജന്യമായി സഞ്ചരിക്കാം. 'ഫെസ്റ്റിവൽ ഓൺ വീൽസ്' എന്നാണ് കെ.എസ്.ആർ.ടി.സി സൗജന്യ സർവിസിന് പേരിട്ടിരിക്കുന്നത്. സ്മാർട്ട് സിറ്റി േപ്രാജക്ടുമായി കൈകോർത്താണ് 10 ഇലക്ട്രിക് ഓട്ടോകൾ സൗജന്യ സർവിസ് നടത്തുന്നത്. വനിതകളാണ് ഇ-ഓട്ടോകൾ ഓടിക്കുന്നത്. മുഖ്യവേദിയായ ടാഗോർ തിയറ്ററിൽ ബസ് സർവിസ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും ഇ-ഓട്ടോകൾ കരമന ഹരിയും ഫ്ലാഗ് ഓഫ് ചെയ്തു. ഇതാദ്യമായാണ് കെ.എസ്.ആർ.ടി.സി ചലച്ചിത്രമേളക്കായി സൗജന്യ സർവിസ് ഒരുക്കുന്നത്. പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ഇ-ഓട്ടോ സൗകര്യം രണ്ടാം തവണയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
സംഘർഷ ഭൂമിയിൽനിന്ന് ഇന്ന് രണ്ട് ചിത്രങ്ങൾ
തിരുവനന്തപുരം: ആഭ്യന്തര യുദ്ധവും സംഘർഷങ്ങളും സമാധാനം കെടുത്തിയ അഫ്ഗാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ ജീവിതസാഹചര്യങ്ങൾ ചിത്രീകരിക്കുന്ന രണ്ട് സിനിമകൾ ശനിയാഴ്ച പ്രദർശനത്തിനെത്തും. ബർമീസ് ചിത്രം മണി ഹാസ് ഫോർ ലെഗ്സ്, കുർദിഷ്-ഇറാനിയൻ ചിത്രമായ മറൂൺഡ് ഇൻ ഇറാഖ് എന്നീ സിനിമകളാണ് ഫ്രെയിമിങ് കോൺഫ്ലിക്റ്റ് വിഭാഗത്തിൽ പ്രദർശനത്തിന് എത്തുന്നത്. ബഹ്മാൻ ഘോദാബി സംവിധാനം ചെയ്ത, കുർദിഷ് സംഗീത കുടുംബത്തിന്റെ അതിജീവനമാണ് മറൂൺഡ് ഇൻ ഇറാഖിന്റെ പ്രമേയം. സാമ്പത്തികപ്രതിസന്ധികളെ തരണം ചെയ്ത് സ്വപ്നങ്ങളിലേക്ക് കുതിക്കാൻ ശ്രമിക്കുന്ന സംവിധായകന്റെ ജീവിതം ചിത്രീകരിക്കുന്നതാണ് ബർമീസ് ചിത്രം മണി ഹാസ് ഫോർ ലെഗ്സ്. മറൂൺഡ് ഇൻ ഇറാഖ് രാവിലെ 11.30 നും മണി ഹാസ് ഫോർ ലെഗ്സ് ഉച്ചക്ക് 3.30 നും ഏരിസ് പ്ലസ് സിക്സിലുമാണ് പ്രദർശിപ്പിക്കുന്നത്.
കാലത്തെ കൃത്യമായി അടയാളപ്പെടുത്തുന്നത് കേരളം മാത്രം -അനുരാഗ് കശ്യപ്
തിരുവനന്തപുരം: മറ്റുള്ളവര്‍ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുമ്പോള്‍ നാം ജീവിക്കുന്ന കാലത്തെ കൃത്യമായി അടയാളപ്പെടുത്താനാണ് മലയാള സിനിമ പരിശ്രമിക്കുന്നതെന്ന് പ്രശസ്ത സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രങ്ങള്‍ ഉണ്ടാകുന്നത് ഇപ്പോള്‍ മലയാളത്തിലാണ്. മുഖ്യധാരാ സിനിമകളിലും മികച്ച പരീക്ഷണങ്ങള്‍ നടക്കുന്നെന്നതാണ് മലയാളത്തിന്റെ മേന്മയെന്നും അദ്ദേഹം പറഞ്ഞു.
പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾക്ക് പരിഹാരം സിനിമ - ലിസ ചലാൻ
തിരുവനന്തപുരം: പരിഹരിക്കാനാത്ത പ്രശ്നങ്ങൾക്ക് പരിഹാരമാണ് സിനിമയെന്ന് കുർദിഷ് സംവിധായിക ലിസ ചലാൻ. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ 'സ്പിരിറ്റ് ഓഫ് സിനിമ'അവാർഡ് സ്വീകരിക്കുകയായിരുന്നു അവർ. സാമൂഹിക പ്രശ്നങ്ങളെ തുറന്ന് കാണിക്കുന്നതിനും അനീതിക്കെതിരെ പോരാടുന്നതിനുമുള്ള ആയുധമാണ് സിനിമയെന്നും നിരവധി രാജ്യന്തര ചലച്ചിത്ര മേളകളുടെയും സംഘടനകളുടെയും കൂട്ടായ പ്രവർത്തനങ്ങൾ ചലച്ചിത്ര മേഖലയ്ക്ക് ആവശ്യമാണെന്നും അവർ പറഞ്ഞു.
ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ട്ടപ്പെട്ട ലിസ ചലാൻ കൃത്രിമ കാലുകളുമായി ചലച്ചിത്ര രംഗത്തും സാമൂഹ്യസേവനരംഗത്തും നടത്തിയ പ്രവർത്തനങ്ങളോടുള്ള ആദരവായാണ് കേരളം പുരസ്കാരം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.