കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് സമാപനം
text_fieldsതിരുവനന്തപുരം: 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരശ്ശീല വീഴും. വൈകീട്ട് ആറിന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരവും 20 ലക്ഷം രൂപയും സമ്മാനിക്കും. മേളയുടെ അവസാനദിനം 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ഡോൺ പാലത്തറയുടെ ഫാമിലി, ഫാസിൽ റസാഖിന്‍റെ തടവ് എന്നീ മലയാള ചിത്രങ്ങളാണ് മത്സരരംഗത്തുള്ളത്. ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്ക് സമ്മാനിക്കും.
സുവർണ ചകോരമുൾപ്പെടെ മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി 11 പുരസ്‌കാരങ്ങളാണുള്ളത്. രജതചകോരത്തിന് നാലു ലക്ഷവും പുതുമുഖ സംവിധായകന് മൂന്നു ലക്ഷവും ജനപ്രീതിയാർജിച്ച ചിത്രത്തിന് രണ്ടു ലക്ഷം രൂപയുമാണ് പുരസ്കാരങ്ങൾക്കൊപ്പം നൽകുക. ഒരു ലക്ഷം രൂപയാണ് ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള കെ.ആർ. മോഹനൻ പുരസ്‌കാരത്തിന് നൽകുന്നത്.
സിനിമാരംഗത്ത് സംവിധായകർക്ക് നൽകുന്ന സമഗ്ര സംഭാവന കണക്കിലെടുത്ത് ലൈഫ് ടൈം അച്ചീവ്മെന്റ്, സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരങ്ങളുമേർപ്പെടുത്തിയിട്ടുണ്ട്. അഞ്ചുലക്ഷം രൂപയാണ് ലൈഫ് ടൈം അച്ചീവ്മെന്റിനുള്ള സമ്മാനത്തുക.
നവകേരള സദസ്സുമായി ബന്ധപ്പെട്ട യാത്രയിലായതിനാൽ ഇത്തവണ മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും സമാപനചടങ്ങിൽ നേരിട്ട് എത്തിയേക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.